ഹാദിയ: മാറ്റത്തിൻറെ തിരിവിളക്ക്

ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പാടുപെടുന്നവൻ, മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം മറന്നവൻ, പകലന്തിയോളം മരുഭൂമിയിലെ പൊരിവെയിലിൽ കിടന്നു നരകയാതന അനുഭവിക്കുന്നവൻ, മെഴുകുതിരി പോലെ മറ്റുള്ളവർക്ക് വെളിച്ചം നൽകി സ്വയം ഉരുകിത്തീരുന്നവൻ. ഇങ്ങനെ ഒരുപാട് വാചകങ്ങളിൽ മറ്റുള്ളവരുടെ മുമ്പിൽ കാണപ്പെടുന്നവൻ;അവനാണ് പ്രവാസി.

എന്നാൽ ഒരു പ്രവാസി ഭാര്യ, അതായത് ഭർത്താവിനോടൊപ്പം കുടുംബ ജീവിതം നയിക്കാൻ ഗൾഫിലേക്ക് പറന്നവൾ, ഇവളെ കുറിച്ചാണ് മറ്റുള്ളവർ പറയുന്നതെങ്കിൽ അവർക്ക് ഇതിലും ഒരുപാട് രൂപങ്ങളുണ്ടാകും. അധികം ജോലിയൊന്നും ചെയ്യാതെ ഭർത്താവിനൊപ്പം സുഖസുന്ദരമായി ജീവിക്കുന്നവൾ, ഏസിയുടെ തണുപ്പിൽ സുഖിച്ചുറങ്ങുന്നവൾ, നാട്ടിൽ വരുമ്പോൾ തടിച്ചു സുന്ദരിയായി തിരിച്ചു വരുന്നവൾ, അമ്മായിഉമ്മയുടെയും നാത്തൂന്മാരുടെയും ഒരു ശല്യവുമില്ലാത്തവൾ, അങ്ങനെയങ്ങനെ എത്രയെത്ര സുന്ദരമായ കാഴ്ച്ചയിലൂടെ നോക്കിക്കാണുന്നവർ.

യഥാർത്ഥത്തിൽ ഇത് പൂർണ്ണമായും ശരിയാണൊ? ഒരു പരിധിവരെ ശരിയായിരിക്കാം. ഗൾഫിൽ ജീവിക്കുന്ന ഒട്ടുമിക്ക ഭാര്യമാരും രാവിലെ ബ്രേക്ക്-ഫാസ്റ്റ് പോലും ഉണ്ടാക്കാതെ സാൻഡ്-വിച്ചിലൊ  ബ്രഡും ജാമിലുമൊക്കെ ഒതുക്കി ഭർത്താവിനെ യാത്രയച്ചു ഉറക്കത്തിലേക്ക് വീഴുന്നവരാണ്. മറ്റു ചിലരാകട്ടെ രാവിലെ തുറന്നിടുന്ന ടിവിക്കു മുമ്പിൽ ആഭാസങ്ങൾ കണ്ടു സമയം തള്ളി നീക്കുന്നവർ.സോഷ്യൽ മീഡിയകളിൽ മുഴുകി മറ്റൊരു കൂട്ടർ. എന്നാൽ പ്രവാസി ഭാര്യമാർ എല്ലാവരും അവരുടെ ജീവിതത്തിൽ പൂർണ്ണ സംതൃപ്തരാണെന്ന് പറയാൻ കഴിയില്ല. നാലു ചുമരുകൾക്കിടയിൽ ജീവിതം തള്ളി നീക്കി, ആഴ്ച്ചയിൽ ഒരു ദിവസത്തിലെ ചില മണിക്കൂറുകൾ മാത്രം പുറം ലോകം കാണുന്ന ഇവരെ സംബന്ധിച്ച് അത്രത്തോളം സന്തോഷകരമെന്നു പറയാൻ പറ്റില്ല. ഭർത്താവിന്റെ സ്വഭാവമോശം കൊണ്ടൊ മറ്റു കാരണങ്ങൾ കൊണ്ടൊ വിഷമിക്കുന്ന അൽപ സ്വൽപ ഭാര്യമാരുമുണ്ട് എന്നതാണ് വാസ്തവം. ആശ്വാസത്തിന് വേണ്ടി സ്വന്തം വീട്ടിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണല്ലൊ ഗൾഫിലുള്ളത്.

ഗൾഫ് കുടുംബിനികളെ സംബന്ധിച്ചിടത്തോളം അവർക്ക് കിട്ടിയ നല്ല അസുലഭ നിമിഷങ്ങളാണ് ഗൾഫ് ജീവിതം. അല്പം ധാർമ്മിക ബോധമുള്ളവരാണെങ്കിൽ ഒരുപാട് നന്മകൾ ചെയ്യാനും തെറ്റിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും പറ്റിയ നല്ലൊരു ജീവിത സാഹചര്യമാണ് ഇവിടെയുള്ളത്. ഒരുപാട് ഖുർആൻ ഓതാനും ദിക്റുകൾ ചൊല്ലാനും വായിക്കാനും എഴുതാനും പഠിക്കാനുമൊക്കെ പറ്റിയ സാഹചര്യം. അന്യ പുരുഷന്മാരെ കാണുന്നതും പരസ്പരം സംസാരിച്ചു സമയം കൊല്ലുന്നതും നാട്ടിലെ ജീവിത സാഹചര്യങ്ങളെ സംബന്ധിച്ചിടത്തോളം ഇവിടെ വളരെ കുറവാണ്. എന്നിരുന്നാലും സ്ത്രീകൾ ഭർത്താവും മക്കളും പോയിക്കഴിഞ്ഞാൽ ടിവി കണ്ടും വാട്സ്ആപ്പും ഫേസ്ബുക്കുമായി സമയം കളയുന്നു. ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാൻ കിട്ടിയ അസുലഭ നിമിഷങ്ങൾ നശിപ്പിക്കുന്നു.മനുഷ്യൻറെ ഏറ്റവും നല്ല അനുഗ്രഹമായ ഒഴിവ് സമയവും ആരോഗ്യവും വെറുതെ നശിപ്പിച്ചു കളയുന്നു. ഈ ഒരു സാഹചര്യത്തിൽ നമ്മുടെ ഹാദിയ കോഴ്സ് ഇവിടെ ഒരു മാറ്റത്തിന് തിരി കൊളുത്തുകയാണ്.

ഖുർആനും കൃഷിയും പാചകവും പഠിക്കുന്നതോടൊപ്പം അസൈൻമെന്റുകളും എക്സാമിനുള്ള മുന്നൊരുക്കങ്ങളുമൊക്കെ വെറുതെ സമയം പാഴാക്കുന്നവർക്ക് ഒരു മുതൽകൂട്ടാകുകയാണ്. ഹാദിയ, അത് ദുനിയാവും ആഖിറവും ശോഭിക്കുവാൻ കാരണമാകുകയാണ്. എല്ലാറ്റിനും പുറമെ ഹാദിയ ഒരു ഫാമിലി പോലെ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു. പരസ്പരമുള്ള സന്ദർശനങ്ങളിലൂടെയും ഫോൺ വിളികളിലൂടെയുമായി സഹോദരിമാർ നല്ല ഒരു കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു, അൽ ഹംദുലില്ലാഹ്. പഠിതാക്കൾക്ക് സർഗ്ഗാത്മകത വളർത്താൻ ഹാദിയ വിമൻസ് അക്കാദമി “സ്റ്റുഡൻറ്സ് കോർണറിലൂടെ” സാധിക്കുന്നു. പഠിക്കുന്ന പ്രായത്തിൽ പഠിക്കാതെ പോയ പല കാര്യങ്ങളും ഇന്ന് പലർക്കും ഹാദിയ കോഴ്സിലൂടെ  നേടിയെടുക്കാൻ കഴിയുന്നു. നല്ല ഒരു ഭാര്യ, ഉമ്മ, സഹോദരി എന്നിങ്ങനെ സ്ത്രീ തിളങ്ങേണ്ട എല്ലാ മേഖലകളിലും അവർക്ക് ഒരു ഉത്തമ സ്ത്രീയായി ഉയരാൻ ഹാദിയ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുന്നവർക്ക് സാധിക്കുമെന്ന് ഉറപ്പാണ്. നമ്മുടെ ജീവിതത്തിലെ ഒട്ടു മിക്ക സമയങ്ങളും അനാവശ്യങ്ങളിലേക്ക് നീങ്ങുമ്പോൾ ഹാദിയ നമ്മെ വിളിക്കുകയാണ്, നന്മയിലേക്ക്. “അൽ ഉമ്മു മദ്രസ” എന്ന ആശയം വേണ്ട വിധത്തിൽ പ്രയോഗ വൽക്കരിക്കാൻ ഹാദിയ ക്ലാസ്സുകൾ ഉപയോഗപ്പെടുത്തുന്നവർക്ക് സാധിക്കും. പുതു സമൂഹത്തെ വളർത്തിയെടുക്കേണ്ടവൾക്ക് പുതിയ തിരിച്ചറിവാണ് ഹാദിയ. ഇനിയും ഒരു പാട് ഉയരങ്ങളിലേക്ക് ഹാദിയ വളരട്ടെയെന്നു ആശംസിക്കുന്നു. ഈ ഒരു ആശയം നടപ്പിൽ വരുത്തിയ ICF നു എല്ലാവിധ ഭാവുകങ്ങളും നേരുന്നതോടൊപ്പം ഇനിയും ഇത് പോലെ സ്ത്രീകളുടെ ഉന്നമത്തിനു വേണ്ടിയുള്ള ഒരു പാട് കാര്യങ്ങൾ നടപ്പിൽ വരുത്താൻ ICF നും അതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നു എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ, എന്ന് പ്രാർത്ഥിക്കുന്നു.

  ഹന്നത്ത് സൈതലവി
  ഹസനിയ്യ ക്ലാസ്സ്‌റൂം
  ഹിലാൽ സെന്റർ, ഖത്തർ.

One Reply to “ഹാദിയ: മാറ്റത്തിൻറെ തിരിവിളക്ക്”

Comments are closed.