കടമ

വാർധക്യമേ അടങ്ങുക;
നേരമില്ലെനിക്കൊട്ടും നിൻ
തലോടലുകളേറ്റു വാങ്ങാൻ എൻ
പ്രാണന്റെ പ്രാണനാം
അൽ അമീൻ,
അഖിലാണ്ഡകടാഹങ്ങൾ തൻ
സൃഷ്ടിപ്പിൻ ഹേതുവായ്
ഉടയവൻ തെരെഞ്ഞടുത്ത
സൃഷ്ടികളിൽ ശ്രേഷ്ഠരാം
അന്ത്യ പ്രവാചകൻ
അംബരത്തെ ചുംബിക്കാ-
നൊരുങ്ങി നിൽക്കുമാ
പ്രകാശ ഗിരി തൻ
ഉച്ചിയിൽ
ഹിറാ ഗുഹയ്ക്കകത്ത്
ഏകാന്തതയിൽ
ധ്യാനനിമഗ്നനായ്
കൊള്ളക്കും കൊല-
കൊള്ളി വെപ്പിനും,
ചൂതാട്ടത്തിനും
യുദ്ധ-മദ്യ-മദിരാക്ഷിക്കു-
മടിമപ്പെട്ടൊരാ-
പരിഷ്കൃത സമൂഹത്തിൻ
വിമോചനത്തിനായ്,
ഉന്നമനത്തിനായ് തൻ
സ്രഷ്ടാവാം അഹദവനിൽ നിന്നും
മലകുൽ അമീൻ ജിബ് രീലിൻ
വെളിപാടും പ്രതീക്ഷിച്ചു-
കൊണ്ടിരിപ്പാണെൻ പ്രാണനാഥൻ

ചുട്ടുപൊള്ളുന്ന മക്കാ-
മണൽ പരപ്പുകൾ
താണ്ടി, കല്ലും മുള്ളും
നിറഞ്ഞ നൂർ മല തൻ
താഴ്വാരങ്ങൾ താണ്ടി,എൻ
ജീവന്റെ ജീവനാം അൽഅമീനി-
രിക്കുന്ന ഹിറയ്ക്കകത്തെത്തി
നൽകണം എനിക്കെൻ
പ്രിയനായ് ഞാൻ
കരുതി വെച്ച തുകൽ
പാത്രത്തിലെ വെള്ളവും,
തുണിയിൽ പൊതിഞ്ഞാഹാരവും

നിർവഹിക്കണമെനിക്കെൻ
പ്രിയനോടുള്ള
കടമകളൊക്കെയും
നാളെ പരത്തിൽ
തലകുനിക്കാനാകില്ലൊരിക്കലും
ഏറ്റവുമാദ്യമായ് എൻ
തോഴെന്റൊളിവിനെ സൃഷ്ടിച്ച, എൻ
തോഴനെ എനിക്കായ് നൽകിയ,
സർവ്വജ്ഞനാം,
ഏകനാമെൻ
റബ്ബിന്നു മുമ്പിൽ. അതുകൊണ്ട-
ടങ്ങുക,വാർധക്യമേ ….യടങ്ങുക
നീ….യടങ്ങുകാ….

ഷഫീഖ അബ്ദുൽ കരീം
ഹാദിയ റഈസ
റൂവി ക്ലാസ് റൂം
ഒമാൻ – മസ്കറ്റ്

CategoriesUncategorized

5 Replies to “കടമ”

Comments are closed.