എന്‍റെ ഹാദിയ

തികച്ചും യാന്ത്രികമായൊഴുകുന്ന ജീവിത തിരക്കുകള്‍ക്കിടയിലേക്കാണ് അപ്രതീക്ഷിതമായി “ഹാദിയ” വിരുന്നെത്തിയത്. പ്രവാസികളുടെ ഹൃദയത്തുടിപ്പുകള്‍ തൊട്ടറിഞ്ഞ് ഐ സി എഫ് എന്ന മഹത്തായ സംഘടന പ്രവാസീ വനിതകള്‍ക്കായി ഒമാനില്‍ തുടക്കം കുറിച്ച “ഹാദിയ വിമണ്‍സ് അക്കാദമി” ബഹ്റൈനിലും തുടങ്ങാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ മനസ്സാല്‍ സന്തോഷിച്ചു. ഒരു പഠിതാവാന്‍ വീണ്ടും അവസരം കിട്ടുമല്ലോ! ജീവിതത്തില്‍ ദീനിനെ കുറിച്ച് അറിഞ്ഞതും, പഠിച്ചതും നന്നേ പരിമിതമാണെന്ന് ജീവിതാനുഭവങ്ങള്‍ പലപ്പോഴും കുറ്റപ്പെടുത്തിയിട്ടുണ്ട്. അവസരങ്ങള്‍ കുറഞ്ഞതോടൊപ്പം സമയവും അതിക്രമിച്ച് പോയല്ലോ എന്ന് പരിതപിച്ചിട്ടുണ്ട്. മക്കളെ കരുതലോടെ മദ്രസ്സയില്‍ വിടുന്നതും ഐ സി എഫ് ഒരുക്കുന്ന ഖുര്‍ആന്‍ ക്ലാസുകളും, ഫാമിലി ക്ലാസുകളും നഷ്ടപ്പെടാതെ ശ്രദ്ധിക്കാറുള്ളതും ആ വലിയ കുറവുകള്‍ പരിഹരിക്കാനാണ്.

ഹാദിയ സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്ന കോഴ്സ് ആണെന്ന് കേട്ടപ്പോഴും അതിന്‍റെ അമരക്കാരില്‍ ഒരാള്‍ താനാകുമെന്ന്, റഈസയെന്ന നാമം വിധി എന്‍റെ ആത്മാവില്‍ കോറിയിടുമെന്നും ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. കാരണം മറ്റു റഈസമാരെ പോലെ പറയത്തക്ക പ്രാസ്ഥാനിക ബന്ധമോ പ്രവര്‍ത്തന പരിചയമോ ഇല്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാരിയായ ഞാന്‍ ഐ സി എഫ് എന്ന വലിയ സംഘടനയൊരുക്കുന്ന ഹാദിയയുടെ പ്രവര്‍ത്തക നിരയിലേക്കെത്തുമെന്ന് എന്‍റെ ചിന്തകളില്‍ പോലും ഇല്ലായിരുന്നു. ആ വലിയൊരു പുണ്യ കര്‍മ്മത്തിലേക്ക്, ഉത്തര വാദിത്വത്തിലേക്ക് എന്‍റെ പേര് ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് ഉസ്താദ് അറിയിച്ചപ്പോള്‍ ആത്മാവിലൊരു നനവ് പടര്‍ന്നത് ഞാനറിഞ്ഞു. ഭൗതികതയിലുഴറുന്ന മനസ്സുകളെ തൗഹീദിന്‍റെ വെളിച്ചത്തിലേക്കു ക്ഷണിക്കാന്‍ കൈകള്‍ കോര്‍ത്ത സഹസ്ര ഹൃദയങ്ങള്‍ക്കൊപ്പം ഞാന്‍ ചേര്‍ന്നു നിന്നത് അകമെ ഒരു വിറയലോടെയാണ്.

സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ഐ സി എഫ് തുടക്കം കുറിച്ച “ഹാദിയ വിമണ്‍സ് അക്കാദമി” കാലഘട്ടത്തിനു തന്നെ ഒരു അലങ്കാരമാണ്. മൂല്യങ്ങള്‍ ചിതലരിച്ച പെണ്‍ ഹൃദയങ്ങളെ തിരഞ്ഞു വേട്ടയാടിപ്പിടിക്കുന്ന കഴുകന്‍ കണ്ണുകളില്‍ നിന്നും സ്വരക്ഷക്ക് അവളെ പ്രാപ്തയാക്കേണ്ടതോടൊപ്പം ഇസ്ലാമിന്‍റെ പരിശുദ്ധിയില്‍ ഒരു സമൂഹത്തെ വളര്‍ത്തികൊണ്ടുവരേണ്ടുന്ന മുസ്ലിം ഉമ്മത്താണു ഞാനെന്ന ഒരു ധാര്‍മ്മിക ബോധം കൂടി അവളില്‍ രൂഢമൂലമാകേണ്ടതുണ്ട്. ഇസ്ലാമില്‍ സ്ത്രീകളുടെ വിലയെന്താണെന്നും, അവളെത്രത്തോളം ബഹുമാനിതയാണെന്നും, അവളിലര്‍പ്പിതമായ ഉത്തര വാദിത്വങ്ങള്‍ എത്ര ആദരവര്‍ഹിക്കുന്നതാണെന്നും സ്ത്രീകള്‍ തന്നെ തിരിച്ചറിയേണ്ടതുണ്ട്. ദീനിനെ അടുത്തറിയുന്തോറും പര്‍ദകള്‍ ബഹിഷ്കരിക്കാനല്ല, അത് ഒന്ന്കൂടി ആത്മാവിനോട് ചേര്‍ത്ത് പൊതിയാനേ ജീവനുള്ള പെണ്‍ മനസ്സുകള്‍ക്കാവുകയുള്ളൂ. അറിഞ്ഞു വളരാതിരുന്നത് കൊണ്ടോ, അവസരങ്ങള്‍ വിധി തരാതിരുന്നത് കൊണ്ടോ വൈകിപ്പോയവരാണ് പലരും.

നന്മയിലേക്കുള്ള ചുവടുകള്‍ ഏറെ ദുഷ്കരമാണ്, ഇക്കാലത്ത് പ്രത്യേകിച്ചും. തനിച്ച് നടക്കുവാന്‍ നന്നേ പ്രയാസമുള്ള പാതയോരങ്ങളിലൂടെ ഒരുകൂട്ടം ചിതറിയ മനസ്സുകളെ ചേര്‍ത്തിണക്കി കൈകോര്‍ത്തു നടക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്. എന്നിരുന്നാലും മുന്നില്‍ നിന്ന് വെളിച്ചം പകര്‍ന്ന് ആത്മവിശ്വാസം നല്‍കിയ ഈമാനിന്‍റെ നിറശോഭയുള്ള വലിയ മനസ്സുകള്‍ ഉസ്താദുമാരും സംഘാടകരും.

ഒമാനിലുദയം കൊണ്ട ഹാദിയയുടെ ജൈത്ര യാത്ര അറിവിനായുള്ള തിരയടങ്ങാത്ത ആത്മദാഹത്തിന്‍റെ അലയൊലികളായി ഇന്ന് ഗള്‍ഫ് നാടുകളിലുടനീളം ജനമനസ്സുകള്‍ കീഴടക്കുന്നു.

ഓരോ ക്ലാസുകളും സ്വയം തിരിച്ചറിയലിനും ആത്മസംസ്കരണത്തിനുമുള്ള വേദികളായി മാറുമ്പോള്‍, അതിന്‍റെ അനുഭൂതി ദൈനം ദിനജീവിതത്തില്‍ കൊണ്ടു വരുന്ന മാറ്റങ്ങളും പുതുമകളും പഠിതാക്കള്‍ പങ്കുവെക്കുമ്പോള്‍ ഒരു വലിയ ഉദ്യമത്തിനായി കാലം തീര്‍ത്ത വലിയൊരു ചങ്ങലയിലെ കണ്ണിയായി മാറാനെങ്കിലും സാധിച്ചതില്‍ ഞാനേറെ സന്തോഷിക്കുന്നു.

സര്‍വ്വോപരി ഹാദിയ ഒരു കുടുംബമാണ്… കൂടുമ്പോള്‍ ഇമ്പമുള്ളതെന്തോ അതാണ് കുടുംബം. ജന്മബന്ധങ്ങളെക്കാള്‍ ആഴത്തില്‍ ജീവനിലേക്ക് ചേര്‍ന്നലിഞ്ഞ സഹോദരിമാര്‍. ഇടവും വലവും നിന്ന് ചോദിച്ചും പറഞ്ഞും തിരുത്തിയും റഈസമാരായ സഹോദരിമാര്‍ ഹുസ്നയും ബാസിലയും…! ഒരു മനസ്സോടെ സധൈര്യം ഞങ്ങള്‍ നയിക്കുന്നു. ഓരോ ക്ലാസുകളും ചിട്ടപ്പെടുത്തുമ്പോള്‍ തൊട്ട് അതിന്‍റെ പൂര്‍ത്തീകരണം വരെ ഒരു ഇബാദത്തിന്‍റെ സൂക്ഷ്മതയോടെയാണ് അമീറ, ഉമൈറമാര്‍ അവരവരുടെ റോളുകള്‍ കൈകാര്യം ചെയ്യുന്നത്. ക്ലാസുകള്‍ കരുതിയതിലേറേ ഭംഗിയാകുമ്പോള്‍, പഠിതാക്കളുടെ സന്തോഷം അവര്‍ പങ്കിടുമ്പോള്‍ ആത്മനിര്‍വൃതിയുടെ  പുഞ്ചിരിപ്പൂക്കള്‍ പരസ്പരം സമ്മാനിച്ച് തല്‍കാലം പിരിയുമ്പോഴും അടുത്ത ക്ലാസുകളുടെ ഉത്തരവാദിത്തങ്ങള്‍ സന്തോഷത്തോടെ നെഞ്ചേറ്റുന്നു. ഒരു മാലയില്‍ കോര്‍ത്ത മുത്തു മണികളെ പോലെ കൂട്ടമായി കിലുങ്ങുന്ന ഒരുകൂട്ടം മനസ്സുകള്‍. എന്‍റെ ഇരട്ട സഹോദരി ഫെമിനയടക്കമുള്ള അമീറ ഉമൈറമാരുടെ പ്രയത്നത്തിന്‍റെ ആകെ തുകയാണ് ഓരോ ക്ലാസ്റൂമിന്‍റെ വിജയവും. അതെ ഹാദിയ ഒരു കൂട്ടായ്മയുടെ സ്വപ്ന സാഫല്യമാണ്.

ഓരോ ക്ലാസുകളും ഓരോ കുടുംബ സംഗമങ്ങള്‍ പോലെയാണ്. കുഞ്ഞു മക്കള്‍ പോലും ഹാദിയ ക്ലാസുകള്‍ ഏറെ ആസ്വദിക്കുന്നു. സ്നേഹിച്ചും വിശേഷങ്ങള്‍ പങ്ക്വെച്ചും കുറെയേറെ സുമനസ്സുകള്‍ പഠിതാക്കളായി മുടങ്ങാതെ ക്ലാസുകളിലെത്തുന്നു. അവര്‍ക്കായി വിജ്ഞാനത്തിന്‍റെ വിരുന്നൊരുക്കാന്‍ കര്‍മ്മനിരതരായ അമീറ ഉമൈറ മാരുടെ നീണ്ടനിര. ഓരോരോ മുഖങ്ങളോടുമുള്ള സ്നേഹത്തിനും കടപ്പാടിനും നാള്‍ക്കു നാള്‍ ഉള്ളില്‍ സാന്ദ്രതയേറുന്നു. അവരിലൊരാളായി അവരോടൊപ്പം നിന്ന് നാഥനെന്നെ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്വം ആസ്വദിച്ചു ചെയ്യാന്‍ സാധിക്കുമ്പോള്‍ അകമഴിഞ്ഞു ഞാന്‍ നാഥനെ സ്തുതിക്കുന്നു. അല്‍ഹംദുലില്ലാഹ്.

പിന്നിട്ട ഏഴു ക്ലാസുകളും ഒന്നിനൊന്നു മികച്ചതായിരുന്നു. ഡയറിയും പേനയുമായി അറിവു പകര്‍ത്താനെത്തുന്ന പഠിതാക്കള്‍ അിറഞ്ഞു മതിയാവും മുമ്പ് തിരശ്ശീലകള്‍ക്കുള്ളില്‍ മറഞ്ഞ കുട്ടിക്കാലത്തിന്‍റെ ഗൃഹാതുരത്വമുണര്‍ത്തും. ബാല്യത്തിന്‍റെ നിഷ്കളങ്കതയോടെയാണ് അന്ന് വിശുദ്ധ ഖുര്‍ആന്‍ കേട്ടതും പഠിച്ചതുമെങ്കില്‍ ഇന്ന് അതിന്‍റെ പുനര്‍ വിചിന്തനം നടത്തുന്നത് ജീവിതം അതിന്‍റെ സായാഹ്നങ്ങളിലെത്തിയെന്ന പരിഭ്രാന്തിയോടെയാണ്. വന്ന വഴിദൂരമില്ലല്ലോ സഞ്ചരിക്കാനിനി. തെറ്റുകള്‍ തിരുത്താനും വീണ്ടുമൊന്നു ക്രമീകരിച്ചു തുടങ്ങാനും ഇനിയുള്ള നാഴികകള്‍ മതിയാവുമോ? ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമായ നാഥനിലേക്ക് കൈകളുയര്‍ത്താനുള്ള അവകാശം ഏതൊരു കൊടും പാപിക്കും റബ്ബ് ഉദാരമായി നല്‍കിയിട്ടുണ്ടെന്ന ഓര്‍മ്മ തെല്ലെങ്കിലും നമ്മെ ആശ്വസിപ്പിക്കാനുണട്.

ബിസ്മിയുടെയും, ഫാതിഹയുടെയും തജ്വീദ് ക്ലാസുകള്‍ ഗൗരവത്തോടെയാണ് കേട്ടിരുന്നതെങ്കില്‍ തിരു നബിയുടെ സ്നേഹവും മദീനയും കേട്ടു പഠിച്ചത് നിറകണ്ണുകളോടെയാണ്. വീണ്ടുമൊന്ന് റൗളയിലണയാനും ഹബീബിന്‍റെ ചാരത്ത് നിന്ന് കണ്ണീര്‍ പൊഴിക്കാനും വിധിയേകണമെന്ന് ദുആ ചെയ്തപ്പോഴേക്കും അത്വരെ വിങ്ങിനിന്നിരുന്ന മനസ്സുകള്‍ പൊട്ടിയൊലിച്ചു. അറിയുന്തോറും ആഴമേറുന്ന ആ സ്നേഹക്കടലിലേക്കാണ് നമുക്കൊഴുകിയെത്താനുള്ളത്. ആ ശഫാഅത്തിന്‍റെ ഭാഗ്യത്തിലേക്കാണ് ഹാദിയ വഴിതെളിയിക്കുന്നതും. ഉടഞ്ഞുപോയ മനസ്സുകളെ വീണ്ടുമൊന്ന് വാര്‍ത്തെടുക്കാന്‍ ദീനിന്‍റെ പൊരുളറിഞ്ഞ് ആത്മാവിനെ ശുദ്ധീകരിക്കാന്‍ ഹാദിയയിലൂടെ സാധിക്കുമെന്ന് ഓരോ പഠിതാവും തിരിച്ചറിയുന്നുണട്. അത് തന്നെയാണ് ഹാദിയയുടെ വിജയവും.

എല്ലാത്തിനും അവസരം ഒരുക്കുന്ന ഈ മരുമണ്ണിനോടുള്ള സ്നേഹവും കടപ്പാടും വാക്കുകള്‍ക്കതീതമാണ്. നാട്ടിലേക്കാളേറെ ദീനീ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ജീവിതത്തിലത് പ്രാവര്‍ത്തികമാക്കുന്നതും ഈ മരുഭൂവിന്‍റെ ഊഷരതയിലാണ്. ഐ സി എഫ് ഒരുക്കുന്ന പ്രഭാഷണ പരമ്പരകളും ഫാമിലീ ക്ലാസുകളും ഖുര്‍ആന്‍ ക്ലാസുകളും ഓരോ വാരാന്ത്യങ്ങളും ഓരോ ആഘോഷമാക്കി മാറ്റുന്നു. പ്രാര്‍ത്ഥനാ നിര്‍ഭരമായ വിശേഷ ദിവസങ്ങള്‍ ഈ മണ്ണിനെയും കാറ്റിനെയും പോലും ഭക്തി സാന്ദ്രമാക്കുന്നുണട്.

ഒഴിവു ദിവസങ്ങളില്‍ പാര്‍ക്കുകളിലും റസ്റ്റോറന്‍റുകളിലും മക്കള്‍ക്കു ലിലേൃമേശിാലിേ കണ്ടെത്തിയിരുന്ന ഉമ്മമാര്‍ ഇന്നവരെയും കൂട്ടി ഹാദിയ ക്ലാസ് റൂമിലെത്തുന്നു. സമപ്രായക്കാരോടു കൂടി ഉല്ലസിക്കുന്നതിനോടൊപ്പം അറിവിന്‍റെ സമവാക്യങ്ങള്‍ അവരറിയാതെ ആ കുഞ്ഞു മനസ്സുകളില്‍ വേരുറക്കുന്നുണട്. സ്വലാത്തുകളും മൗലീദകളും വിലകുറച്ചു കാണുന്ന പുത്തനാശയക്കാരിലേക്കിറങ്ങി ജീവിക്കുമ്പോഴും ഉമ്മയുടെ വിരല്‍ തുമ്പില്‍ തൂങ്ങിനിന്ന് ഹാദിയ ക്ലാസില്‍ നിന്നും കേട്ടറിഞ്ഞ തിരു നബി സ്നേഹം ആ കുരുന്നുകള്‍ നാളെ ഓര്‍ക്കാതിരിക്കില്ല. അവര്‍ക്കു മുന്നില്‍ ഒരു സ്വലാത്തെങ്കിലും ആത്മ നിര്‍വൃതിയോടെ നമ്മള്‍ ഏറ്റുചൊല്ലുമ്പോള്‍ അത് മക്കള്‍ക്കു  പറയാതെ പറഞ്ഞു കൊടുക്കുന്ന വലിയൊരു ഇബാദത്താണ്. മക്കള്‍ കണ്ട് വളരട്ടെ നമ്മള്‍ കാണാന്‍ വൈകിപ്പോയ നന്മയുടെ കാല്‍പ്പാടുകള്‍.

പ്രതീക്ഷിച്ചതിലേറെ ഗൗരവത്തോടെയാണ് പഠിതാക്കള്‍ ഓരോ ക്ലാസുകളും ഏറ്റുവാങ്ങുന്നത്. ഈ സമൃദ്ധിയുടെ നിറവിലും കത്തുന്ന സൂര്യനു ചുവട്ടില്‍ നിന്ന്, അസ്ഥിയുറയുന്ന തണുപ്പില്‍ നിന്ന് കുടുംബത്തിനായി ചോര നീരാക്കുന്നതിന്‍റെ നേര്‍ സാക്ഷ്യങ്ങളാവുന്നത് കൊണ്ടാവും ജീവിതം ആഘോഷിക്കാനായി ഇവിടെ എത്തുന്ന പ്രവാസീ ഭാര്യമാരിലധികവും നാട്ടിലുള്ളവരെ അപേക്ഷിച്ച് ആര്‍ഭാഡങ്ങളുടെ ആടയാഭരണങ്ങള്‍ ഉപേക്ഷിച്ച് ജീവിതത്തിലൊരു മിതത്വം ശീലിക്കുകയും നാഥനിലേക്കടുക്കാനുള്ള വഴികള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണട്. അത് വേറിട്ടറിയുക ഇടവേളകളില്‍ നാട്ടിലെത്തുമ്പോഴാണ്. സമയ ബന്ധിതമായ ഫര്‍ള് നിസ്കാരങ്ങള്‍ പോലും ദിനാന്ത്യങ്ങളിലെ മറ്റുതിരക്കുകളെ തൃപ്തിപ്പെടുത്തും വിധം മാറ്റി ക്രമീകരിക്കുന്നവരാണ് അധികപേരും.

ഗള്‍ഫ് നാടുകളിലേത് പോലെ ഹാദിയയുടെ വേരുകള്‍ നമ്മുടെ നാടുകളിലേക്കും പടര്‍ന്നിട്ടുണ്ട് എന്നുള്ളത് കൂടുതല്‍ സന്തോഷം പകരുന്നതാണ്. നൈമിഷികമായ ദുനിയാവിനോടുള്ള അഭിനിവേശത്തേക്കാള്‍ നേരറിയുന്ന ഉമ്മത്തായി ഈമാനോടെ ജീവിക്കാനും ഈമാന്‍ പുല്‍കി മരിക്കാനും എല്ലവര്‍ക്കും ഭാഗ്യമുണ്ടാവട്ടെ.

ഹാദിയ കോഴിസിന്‍റെ പരിസമാപ്തി നാളുകള്‍ക്കപ്പുറം ഉംറക്ക് ശേഷം മദീനാ മുനവ്വറയില്‍ തിരുചാരത്ത് വെച്ചാണ്. ഹാദിയ എനിക്ക് സമ്മാനിച്ച പൊന്‍തൂവല്‍ അതിന്‍റെ പൂര്‍ണ്ണതയോടെ ആ സവിതത്തില്‍ സമര്‍പ്പിക്കണമെന്നും ഹാദിയ കുടുംബത്തിലൊരാളായി നിന്ന് ഹബീബിനോട് സലാം പറയണമെന്നും അതിയായി കൊതിക്കുന്നു. ആ പച്ചക്കുബ്ബക്ക് കീഴെ നിന്ന് കണ്ണീര്‍ പൊഴിക്കുന്ന ഭാഗ്യവതികളില്‍ ഈയുള്ളവളെ കൂടി ഉള്‍പ്പെടുത്താന്‍ പ്രിയരെ നിങ്ങളും ദുആ ചെയ്യണം.

ഹാദിയ കൊളുത്തിവെച്ച അറിവിന്‍റെ തിരിവെട്ടം കാലത്തിനോടൊപ്പം ജ്വലിക്കട്ടെ. വരാനിരിക്കുന്ന പെണ്‍മുത്തുകളും ദീനിന്‍റെ നേര്‍ വെളിച്ചത്തിലൂടെ നടന്ന് സ്വര്‍ഗ്ഗീയ കവാടങ്ങള്‍ പുല്‍കട്ടെ. അതിനായി കൈകോര്‍ത്ത് പിടിച്ച് പ്രവര്‍ത്തിക്കാന്‍ ഭാഗ്യം കിട്ടിയ പുണ്യ വതികളെന്ന ആത്മ നിര്‍വൃതിയോടെ അന്ന് ഖബ്റുകളില്‍ സ്വസ്ഥമായുറങ്ങാന്‍ നാഥന്‍ ഭാഗ്യം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍ യാ റബ്ബല്‍ ആലമീന്‍.

 

റമീന എ റഹ്മാന്‍
റഈസ, ഹാദിയ വിമണ്‍സ് അക്കാദമി
ഈസാടൗണ്‍  ബഹ്റൈന്‍

 

3 Replies to “എന്‍റെ ഹാദിയ”

  1. Assalamu alikkum
    Njan shefeena shameer from Oman
    Rameenayude lekhanam njan vayichu..valare nannayirikkunnu..nte manassilullath endhokeyo aksharangalayi pakarthiyezhuthiyath poleyund..Mashah Allah ??

Comments are closed.