തനിമയാര്‍ന്ന ഭക്ഷണ വിഭവങ്ങളുടെ കലവറയൊരുക്കി ഹാദിയ

ഇസ്ലാമിക ഭക്ഷണ സംസ്കാരം എന്ന വിഷയത്തെ ആധാരമാക്കി ഹാദിയ സെക്കൻഡ് സെമസ്റ്റർ ഒന്നാമത്തെ ക്ലാസ് ഹബീബായ റസൂൽ (സ)യുടെയും അനുചരന്മാരുടെയും ഭക്ഷണരീതിയുടെ നേരായ പാത പഠിതാക്കളിലേക്ക് പകർന്നു കൊടുക്കുകയാണ്.  ക്ലാസ്സിനോടനുബന്ധിച്ച് നടന്ന കുക്കറി ഷോ തനിമയാർന്ന നാടൻ വിഭവങ്ങളെ കൊണ്ട് ധന്യമായിരുന്നു. ഹാദിയ എന്ന ഒരൊറ്റ വാക്കിനുമുന്നിൽ ഒരുമിച്ചുകൂടിയ  സഹോദരിമാർ ഹാദിയ വിശേഷങ്ങൾ പങ്കുവെക്കുന്ന ഒരസുലഭ മുഹൂർത്തം. റിയാദിലെ പതിനാല് സെക്ടറുകളിലെ പഠിതാക്കൾക്ക് പരിചയപ്പെടാനും സൗഹൃദം പുതുക്കാനും കുക്കറി ഷോ വളരെയധികം ഉപകരിച്ചു. ആകാംക്ഷയോടെ പാചകമത്സര വിധി പ്രഖ്യാപനം കാത്തിരുന്ന സഹോദരിമാർ സ്വന്തം സെക്ടറിലെ വിവിധതരം വിഭവങ്ങളുടെ മേന്മകൂടി പങ്കുവയ്ക്കാൻ മറന്നില്ല. എല്ലാവരുടെ നാവിൻ തുമ്പിലും ഹാദിയ വിസ്മയം തീർക്കുകയായിരുന്നു. ഒന്നാം സ്ഥാനം ഗുറാബി സെക്ടറിന് ലഭിച്ചപ്പോൾ ഞങ്ങൾ  ഒട്ടും പിറകിലല്ല എന്ന് തെളിയിച്ചുകൊണ്ട് രണ്ടാം സ്ഥാനം മുർസലാത്ത് സെക്ടറും തള്ളിക്കളയാൻ വരട്ടെ എന്ന് പ്രഖ്യാപിച്ചുകൊണ്ട് മൂന്നാംസ്ഥാനം ബത്ത സെക്ടറും പങ്കിട്ടെടുത്തു. ബദിയ സെക്ടർ ഹെൽത്തി ഫുഡ് എന്ന പ്രേത്യേക പേരിനർഹമായി. പാചക മത്സരത്തിൽ ആദ്യമായി പങ്കെടുക്കുന്ന സഹോദരിമാർക്ക് ഇനിയൊരു മത്സരത്തിലേക്ക് കടന്നുവരാൻ ഒരു മോട്ടിവേഷൻ കൂടിയായിരുന്നു കുക്കറി ഷോ. സഹോദരിമാർ സന്മനസ്സോടെ പാചകം ചെയ്ത് കൊണ്ടുവന്ന ഭക്ഷണം ഒരുമിച്ചുകൂടിയ എല്ലാ കുടുംബങ്ങൾക്കും പങ്കുവെച്ചു കഴിക്കാനുള്ള അവസരം ഒത്തുവന്നതോടെ ഹാദിയയിലൂടെ പകർന്നുകിട്ടിയ കൂട്ടായ്മയുടെ ഗുണങ്ങൾ പ്രകടമാകുകയായിരുന്നു.ഹാദിയയുടെ ഓരോ ക്ലാസ്സുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരിക്കെ ഇസ്ലാമിക ഭക്ഷണ സംസ്കാരം എന്ന വിഷയം ഒരു കുടുംബിനിയുടെ ജീവിതത്തിൽ പ്രാവർത്തികമാകുമ്പോൾ ഒരു കുടുംബം ഒന്നടങ്കം ആ സംസ്കാരം പിന്തുടരുകയാണ്. ഒരു മുസ്ലിം വിശ്വാസി ആകുന്നതോടുകൂടി ആരോഗ്യവാൻ കൂടി ആകണമെന്നാണ് ഇസ്ലാമിന്റെ താൽപര്യം. ജീവിക്കുന്ന കാലത്തോളം ആരോഗ്യത്തോടെ ജീവിക്കാൻ താൽപര്യം ജനിപ്പിക്കുന്ന മതമാണ് ഇസ്ലാം. നിലവിലുള്ള നമ്മുടെ ഇന്നത്തെ ഭക്ഷണ ശൈലി ഇസ്ലാമിക സംസ്കാരത്തിലൂട്ടപ്പെട്ടതാണോ എന്ന് സഹോദരിമാരായ നാമോരുത്തരും ചിന്തിക്കേണ്ടതാണ്. സ്ത്രീകളായ നാം പാചകം ചെയ്ത് കൊടുക്കുന്ന ഭക്ഷണം കഴിച്ച് ആ ഊർജത്തിൽ ഇബാദത്ത് ചെയ്യുന്ന നമ്മുടെ ഭർത്താവ്,മക്കൾ,വീട്ടിലെ മറ്റംഗങ്ങൾ,ഇവരുടെയൊക്കെ ഇബാദത്തിന്റെ ഒരംശം നമ്മിലേക്ക് വന്നുചേരുമെന്നിരിക്കെ ഇസ്ലാമിക ഭക്ഷണ സംസ്കാരം നമ്മുടെ വീട്ടിൽ പ്രാവർത്തികമാക്കാൻ നമുക്കല്ലാതെ മറ്റാർക്കെങ്കിലും സാധിക്കുമോ..?  ജീവിതത്തിൽ സ്തുതിക്കപ്പെടുന്ന ഒരു അവസ്ഥ സംജാതമാകണമെങ്കിൽ,ജീവിത ശൈലീരോഗങ്ങളിൽ നിന്നും ഒരു പരിധി വരെ മുക്തമാകണമെങ്കിൽ,ഇസ്ലാമിക ഭക്ഷണ സംസ്കാരം നാം പരിപൂർണമായി പിൻപറ്റൽ അനിവാര്യമാണ്. നിത്യജീവിതത്തിന്റെ ഭാഗമായ ഭക്ഷണ പാനീയങ്ങളിൽ മിതത്വം പാലിക്കാൻ നാം ശീലിക്കണം. ഒരുവശത്ത് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ജീവിതത്തോട് മല്ലിടുന്ന പട്ടിണി പാവങ്ങൾ. മറുവശത്ത് തീറ്റയും കുടിയും ഉത്സവമാക്കി മാറ്റുന്ന ഭക്ഷണ പ്രദര്‍ശനങ്ങള്‍. നമ്മുടെ വിവാഹ പാര്‍ട്ടികളും സല്‍ക്കാര മാമാങ്കങ്ങളും ധാര്‍മികതയുടെ എല്ലാ അതിർവരമ്പുകളും തകർത്ത് മുന്നേറുന്ന ഭക്ഷണ എക്‌സിബിഷനുകളാവുകയാണ്. ഒരു മനുഷ്യന് ജീവൻ നിലനിർത്താനാവശ്യമായ ഭക്ഷണം തന്നെ ധാരാളമാണ്. എങ്കിൽ പിന്നെ  തിരുവചനങ്ങൾ കാറ്റിൽ പറത്തി എന്തിനീ ധൂർത്ത്? നബി(സ)തങ്ങൾക്ക്  ഈജിപ്തിലെ മുഖൗഖിസ് രാജാവ് ധാരാളം ഉപഹാരങ്ങൾ കൊടുത്തയച്ച കൂട്ടത്തിൽ ഒരു വൈദ്യനെയും കൊടുത്തയച്ചതായി ചരിത്രത്തിൽ കാണാം. വൈദ്യൻ മദീനയിൽ താമസിച്ചകാലത്ത് ഒരുരോഗിപോലും ചികിത്സക്ക് വരാതിരിക്കുകയും പരാതിയുമായി വന്ന വൈദ്യനോട് ഹബീബായ റസൂൽ(സ)പറഞ്ഞത് ഞങ്ങൾ വിശക്കുമ്പോൾ മാത്രമേ ഭക്ഷണം കഴിക്കൂ. വയർ നിറച്ച കഴിക്കുന്നവരല്ല എന്നാണ്. ഇന്ന് ഏതൊരു അതിഥിസൽക്കാരത്തിലും വിഭവത്തിന്റെ ആധിക്യം എത്രമാത്രം വലുതാണ്. എത്രതരം ചോറുകൾ, എത്ര തരംഇറച്ചികൾ, വിരുദ്ധാഹാരങ്ങളുടെ പട്ടികയാണ് ഓരോ അതിഥി മേശപ്പുറത്തും നമുക്ക് ദർശിക്കാനാവുന്നത്. ഇങ്ങനെ ഭക്ഷണ ധൂർത്ത് അരങ്ങുവാഴുകയാണ്. ഇതൊന്നുമില്ലങ്കിൽ അറുപഴഞ്ചൻ. ഉള്ളവൻ സമ്പത്ത് കൊണ്ടാണെങ്കിൽ ഇല്ലാത്തവൻ കടം വാങ്ങിയിട്ടും മാനം നേടണമെന്ന അവസ്ഥ. അള്ളാഹു  തന്ന സമ്പത്ത് പാഴാക്കി അവൻ ചെയ്ത അനുഗ്രഹത്തിന് നന്ദികേട് കാണിക്കുന്നതിൽ മുൻപന്തിയിൽ മുസ്ലിം സമൂഹമാണോ എന്ന് ഭയക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ വീട്ടിലെ ഓരോ അംഗങ്ങളുടെ  ആരോഗ്യം ഉറപ്പുവരുത്തേണ്ടത് വീടിന്റെ ഭരണാധികാരികളായ നാമാണ്. നമ്മുടെ ഭരണത്തെ കുറിച്ച് നമ്മോട് ചോദ്യം ചെയ്യപ്പെടുന്ന ഒരു ദിവസം നമുക്കോരോരുത്തർക്കും വരാനുണ്ട് എന്ന് മനസ്സിലാക്കി ഹാദിയ നമ്മിലേക്ക് പകർന്നു തന്ന ഇസ്ലാമിക ഭക്ഷണ മര്യാദകൾ പാലിച്ച്  ആരോഗ്യ സംരക്ഷണത്തിനുതകുന്ന ഭക്ഷണം മിതമായി പാചകം ചെയ്ത് വെച്ചു വിളമ്പി നന്മയിൽ  മുന്നേറാൻ നമുക്ക് സാധിക്കണം. എങ്കിൽ കൂടി  മാത്രമേ ഭർത്താവിന്റെ വീട്ടിലെ വിളക്കായി പ്രകാശിക്കാൻ നമുക്കോരോരുത്തർക്കും സാധിക്കൂ. നാഥൻ തുണക്കട്ടെ …

സൈനബ് അബ്ദുറഹ്‌മാൻ
റിയാദ് ചീഫ് അമീറ
ബദിയ ക്ലാസ്സ്‌റൂം
സൗദി അറേബ്യ 
CategoriesUncategorized

6 Replies to “തനിമയാര്‍ന്ന ഭക്ഷണ വിഭവങ്ങളുടെ കലവറയൊരുക്കി ഹാദിയ”

Comments are closed.