കാലത്തിന്റെ സ്പന്ദനങ്ങൾക്കൊപ്പം നിൽക്കുന്ന ICF ഗൾഫ് കൗൺസിൽ മുന്നോട്ടുവച്ച ഹാദിയ വി മൺസ് അക്കാദമി കോഴ്സിന്റെ വിപ്ലവാത്മകമായ മുന്നേറ്റത്തിന് ആദ്യമേ അഭിനന്ദനങ്ങൾ അറിയിക്കട്ടെ. സ്ത്രീ ശാക്തീകരണത്തിന്റെ വിവിധ മുഖങ്ങൾ ദിനേന നമ്മൾ കണ്ടു കൊണ്ടിരിക്കുന്നുണ്ട്. അർഹതകൾക്കായുള്ള ന്യായീകരണങ്ങൾ അക്കമിട്ടു നിരത്തി equalityക്ക് വേണ്ടി മത്സരിക്കുന്നതിൽ ഒതുങ്ങുന്നു ഇവയിൽ പലതും. സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞ് ഇഹപര വിജയത്തിന് സ്ത്രീയെ പ്രാപ്തയാക്കുന്ന “ഹാദിയ ” ഇവിടെ വ്യത്യസ്തത പുലർത്തുന്നു.
വലിയ ചലനങ്ങളോ ഒച്ചപ്പാടുകളോ ഒന്നുമില്ലാതെ പതിവുകളുടെ തുടർച്ച മാത്രമാകുന്ന ദിനാന്ത്യങ്ങളിലേക്ക് വർണ്ണപ്പകിട്ടുകളൊന്നുമില്ലാതെ കടന്നുവന്ന ഹാദിയ ക്ലാസ്സുകളെ അലസമനസ്സോടെയാണ്ആദ്യമൊക്കെ നോക്കിക്കണ്ടത്. ജീവിത യാഥാർഥ്യങ്ങളോട് പ്രതികരിക്കാതെ സമയക്കുറവിന്റെ ഒഴികഴിവുകൾ പറഞ്ഞ് രക്ഷപ്പെടുന്ന വിരസമായ ഈ നിശബ്ദതയോട് ഞാനുമേറെ പൊരുത്തപ്പെട്ടിരിന്നു. അസഹ്യമായ സമയമില്ലായ്മയിലേക്ക് സ്വയം ഊർന്നിറങ്ങിയത് തനിയാവർത്തനങ്ങളിൽ നിന്നുളള രക്ഷപ്പെടലാണ്.
സമയമില്ല ഒന്നിനും! !
അങ്ങിനെയൊന്നു സ്വയം വിശ്വസിപ്പിച്ചെടുക്കാനും ഏറെ പ്രയാസപ്പെട്ടു. സത്യത്തിൽ സമയമല്ല, അതിനോടുളള നമ്മുടെ സമീപനമാണ് പിൻവിളിയാവുന്നത്.
അനിവാര്യതകൾക്കെല്ലാം അരങ്ങുകളും, അവസരങ്ങളുമുണ്ട്. ഹാദിയ വിരൽ ചൂണ്ടുന്നതും ഈ സത്യത്തിലേക്കാണ്. അപ്രസക്തമെന്ന് കരുതി മനപ്പൂർവ്വം മറന്നു വച്ച പലതും ഇഹപര ജീവിത ത്തിന് ഏറെ പ്രധാനപ്പെട്ടതാണെന്ന് ഓർമ്മിപ്പിക്കുക മാത്രമല്ല അതിനായി ശ്രമിക്കാനുളള ഒരു വേദിയൊരുക്കി ക്ഷണിക്കുകയും ചെയ്യുന്നു ഹാദിയ. എന്തിനും ഏതിനും മൂല്യ മില്ലാതാവുന്ന വർത്തമാനകാലത്തിൽ ഒരു ആത്മപരിശോധനക്ക് സ്വയം വിധേയരായവരെല്ലാം മാറിചിന്തിക്കാൻ തയ്യാറായി എന്നത് ഒരു പുതിയ പ്രതീക്ഷയാണ്. കഴിഞ്ഞ ഓരോ ഹാദിയ ക്ലാസ്സിലേയും നിറഞ്ഞ സദസ്സുകൾ പറയാതെ പറഞ്ഞതും ഇതു തന്നെയാണ്.
ഒരു ഉപരിപഠനത്തിന്റെ ഉണർവ്വാണ് ഓരോ പഠിതാക്കളുടേയും മനസ്സിൽ. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നിന്നും എപ്പോഴോ എല്ലാവരും വീണ്ടും വിദ്യാർത്ഥിനികളും, കൂട്ടുകാരികളുമൊക്കെ ആയിരിക്കുന്നു; വാക്കുകളും വരകളുമുളള മഷിപ്പാടുകളുടെ നിറങ്ങളിലേക്ക്, വായനയുടെ മർമ്മരങ്ങളിലേക്ക് തിരിച്ചു നടന്നിരിക്കുന്നു. വായിക്കാനുണ്ട്, അറിയാനുണ്ട്, ജീവിതത്തിലേക്ക് പകർത്താനുണ്ട് ഇനിയുമൊരുപാട്. സോഷ്യൽ മീഡിയകൾ അരങ്ങു തകർക്കുന്ന കാലത്ത് ഫോണുകളിലെക്കും ഐപാഡു കളിലേക്കും താഴ്ത്തിപ്പിടിച്ച തലകളുയർത്തി പിന്നിട്ട വഴിദൂരമൊന്ന് തിരിഞ്ഞു നോക്കാൻ ചിലപ്പോഴെങ്കിലും നമ്മൾ നിർബന്ധിതരാവുന്നു. സമയക്കുറവിന്റെ കാര്യവും, കാരണങ്ങളും തിരഞ്ഞെത്തുമ്പോൾ അത് നമ്മുടെ ആവശ്യമില്ലായ്മയായി രുന്നു എന്ന് സ്വയം തിരുത്തുന്നു. ബിസ്മിയും ഹംദും ഫാത്തിഹയുമൊക്കെ അർത്ഥമറിഞ്ഞും തജ് വീദോടു കൂടിയും ചൊല്ലാനും, ഓതാനും പഠിക്കുമ്പോൾ പഴയ ആ ഒത്തു പളളിക്കാലങ്ങൾ നമ്മളോരോരുത്തരും വീണ്ടും രുചിച്ചറിഞ്ഞു.
ബാല്യം ഇന്നും ഓർമകളുടെ വസന്തമാണ്. അതിൽ ഏറെ പ്രിയം പ്രഭാതങ്ങളുടെ പരിശുദ്ധിയും, മഞ്ഞിൻ കണങ്ങളുടെ നൈർമല്യവും മനസ്സിലേക്കെടുത്തു പുതച്ച്, തണുത്ത വെളുപ്പാൻ കാലങ്ങളിലുണ്ടായിരുന്ന മദ്റസകളിലേക്കുളള യാത്രയാണ്. മഞ്ഞു പെയ്തു നനഞ്ഞ നടവഴികളിലൂടെ സംഘം ചേർന്നു പോയിരുന്ന ആ ചിത്ര ശലഭങ്ങളിൽ നമ്മളിൽ പലരുമുണ്ടായിരുന്നു.
പ്രവാസ ലോകത്ത് സജീവമാകുന്ന ഹാദിയ മുന്നോട്ടു വെക്കുന്നത് തീർത്തും ഇസ്ലാമിക കാഴ്ച്പ്പാടുളള ഒരു ജീവിതത്തിന്റെ പൂർണ്ണതയാണ്. എന്തി നോടും ഏതിനോടും ആകർഷണം തോന്നിപ്പിക്കുന്ന കടുത്ത ചായക്കൂട്ടുകൾ കൊണ്ട് മനോഹരമാക്കിയ ആധുനിക ജീവിതത്തിന്റെ അർത്ഥരാഹിത്യങ്ങളിൽ നിന്ന് സ്വയം പിന്മാറാ നുളള ഒരു അവസരം. കുറഞ്ഞ പക്ഷം ഡിവൈസറുകൾ അപഹരിക്കുന്ന സമയങ്ങളെ നാളെ പാരത്രിക ലോകത്തിന് ഉപകരിക്കുന്ന തരത്തിൽ ഒന്ന് മാറ്റി ചെലവഴിച്ചു നോക്കാൻ എല്ലാവരേയും ഒന്നു പ്രേരിപ്പിക്കാനെങ്കിലും ഈ കുറഞ്ഞ ക്ലാസ്സുകൾ കൊണ്ട് ഹാദിയക്ക് കഴിഞ്ഞു എന്നത് ഏറെ പ്രശംസനീയമാണ്. അതിനുമപ്പുറം പ്രവാസമെന്ന ഒറ്റപ്പെടലിനെ തന്നെ ഇല്ലാതാക്കി ഹാദിയ .സജീവമാകുന്ന ഓരോ ക്ലാസുകളിലേയും പഠിതാക്കൾ നേടുന്നത് വിഷയാധിഷ്ടിതമായ അറിവുകൾ മാത്രമല്ല, വിലമതിക്കാനാവാത്ത നല്ല കുറെ സൗഹൃദങ്ങൾ കൂടിയാണ് . ഒറ്റമുറി ഫ്ലാറ്റിന്റെ നാലു ചുമരുകൾക്കുളളിൽ ഒതുങ്ങിയിരുന്ന ഗൾഫ് ജീവിതങ്ങൾ ഇപ്പോൾ പല പല സംഗമങ്ങളുടേയും സഹകരണങ്ങളുടേയും വേദികളായി മാറുന്നു.
ഏറെ ആശ്വാസം ലഭിക്കുന്നത് കുഞ്ഞുങ്ങൾക്കാണ്. പൈതൃകമറിയാതെ വളരുന്ന തലമുറകൾ ഒരു സുപ്രഭാതത്തിൽ നാട്ടിലെത്തുമ്പോൾ വീടും നാടും ബന്ധങ്ങളും അവർക്ക് അന്യമോ അപരിചിതമോ ആവുന്ന ദുരവസ്ഥ ഒരു യാഥാർത്ഥ്യമാണ്. ഹാദിയ വളർത്തുന്ന സൗഹൃദ കൂട്ടായ്മകൾ അവർക്കൊരുക്കുന്നത് നല്ലൊരു കുടുംബ പശ്ചാത്തലമാണ്. അതിലുപരിയായി സ്രഷ്ടാവിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്ന ഭക്തി സാന്ദ്രമായ സദസ്സുകളാണ്.
ഏതൊരു സാധാരണക്കാരന്റെയും വികാര വിചാരങ്ങളെ വിലയിട്ടു നിയന്ത്രിക്കുന്ന സൈബർ വേൾഡിന്റെ മാസ്മരികതയിൽ നിന്നു കൊണ്ട് മറച്ചു വെക്കേണ്ടതെല്ലാം ലോകത്തിന്റെ മുന്നിലേക്ക് തുറന്നിട്ട് പകൽ വെളിച്ചത്തെ വരെ നാണം കെടുത്തുന്ന പുത്തൻ പുരോഗമന കൗമാരത്തിന്റെ വികലമായ ആദർ ശങ്ങളിൽ നിന്ന് മുസ്ലിം ഉമ്മത്തിന്റെ വരും തലമുറയെങ്കിലും രക്ഷപ്പെടട്ടെ.
ഹാദിയ കാലത്തിന്റെ അനിവാര്യതയാണ്. സുഭദ്രമായ കുടുംബ പശ്ചാത്തലങ്ങളിൽ നിന്നാണ് മൂല്യബോധമുളള തലമുറകളുണ്ടാവുക. ഹബീബ് റസൂൽ (സ്വ) “നിധി” എന്നു വിശേഷിപ്പിച്ച സ്ത്രീ സമൂഹത്തിന് ആ നാമധേയത്തെ അന്വർത്ഥമാക്കി മുന്നേറാനുളള ഒരവസരം നൽകിയ ഹാദിയ വരും തലമുറയ്ക്കും ഒരു വെളളിവെളിച്ചമാകട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട്
ഹൃദയം നിറഞ്ഞ ആശംസകളോടെ!
ഫെമീന അബ്ബാസ്
അമീറ
ഇസാടൗൺ ബഹറൈൻ
Masha Allah..