മ്യാന്‍മറിന്‍ സ്വപ്‌നം

ഓരോ പുലരിയും കണ്ടുണരുന്നു ചെഞ്ചായം പൂശിയ മണ്‍ തരികളെ ഇന്ന്‌,
മണ്ണില്‍ പൊന്നിന്‍ നിറം തീർക്കുമാ ബാല കിരണങ്ങള്‍ വഴിമാറിടുന്നു!
രക്ത പങ്കിലമാം പാരിന്റെ ദുർഗതി ഓർത്ത്‌ മാനവും കണ്ണീര്‌ തൂകുന്നുവോ?
നരഭോജികള്‍ പിച്ചിച്ചീന്തിയ മർത്യ പുത്രരെ നൊമ്പരമേറിടും കഥകള്‍ ചൊല്ലിടാന്‍ തിടുക്കം കൂട്ടുന്നുവോ ഓരോ മണ്‍ തരിയും!

പക്ഷേ……..
കുഞ്ഞിളം പൂവേ നിന്നെ പിച്ചി ച്ചീന്തിയത്‌ പൊന്തക്കാട്ടിലല്ല,
നിന്‍ രക്തം വീണത്‌ മണ്‍ തരികളിലല്ല,
ആള്‍ പാർപ്പില്ലാത്ത അകത്തളങ്ങളിലല്ല,
ആളൊഴിഞ്ഞ കടല്‍ ത്തിണ്ണയിലുമല്ല
ആരാധനാലയത്തില്‍…!
ഈ ദേശത്തിന്‍ കാവല്‍ ഭടന്‍മാരുടെ
കരുത്തുറ്റ കാവലില്‍ പൂജിച്ചവർ നിന്നെ മത വൈരം തീർത്തീടുവാന്‍.

നികൃഷ്‌ട കരങ്ങളില്‍ നീ പിടഞ്ഞു മരിച്ചിട്ടും വൈരം തീരാത്തവർ നിന്‍ തലയോട്ടി തല്ലിച്ചതപ്പോള്‍ ആനന്ദ നിർവൃതിയിലായി.
ഒരു തുള്ളി വെള്ളത്തിനായി ആർത്ത നാദം തീർത്തൊരാ പൊന്നോമലേ…
നീ ജീവശ്വാസത്തിനായി പിടഞ്ഞൊരാ നിമിഷങ്ങളില്‍ കാമാസക്തി  തീർത്തുവോ ഇരുകാലികള്‍!
ക്രൗര്യ ശൂര്യത്തിന്‍ കാമ കേളിയില്‍  ചിതറിത്തെറിച്ച ചുടുരക്തമില്‍
ആഹ്‌ളാദ നൃത്തം ചവിട്ടി ആ
രാക്ഷസക്കൂട്ടം!

മതാന്ധത ബാധിച്ച്‌ മദമിളകിയ കാട്ടാളർ തീർത്തൊരാ പാതകത്തില്‍
ഭാരതാംബ നാണിച്ചു തല ചായ്‌ച്ചിടുമ്പോള്‍,
ഉയരുന്നു മാഌജന്റെ ഉള്ളകങ്ങളില്‍ നിന്നും പൊട്ടിത്തെറിക്കും ചോദ്യ ശരങ്ങള്‍!
മതം നോക്കി മഌഷ്യന്റെ മദമിളകും കാലമോ ഇതെന്തു ക്രൂരത,
അല്ല… കൊടും പാതകം
പറയുവാന്‍ വാക്കു തരാന്‍ ഭാഷയും മടിച്ചിടുന്നൂ.

മൃത ജീവനിയോടു പോലും കാണിച്ച
ക്രൂരതയാല്‍ ഇട നെഞ്ച്‌ പൊട്ടിത്തകരുമ്പോള്‍,
കാപാലികർ നിന്‍ കുഞ്ഞു മേനി
ബാക്കി വെച്ചതെന്തിനെന്നോ
അരുമ ക്കിടാവേ…..
അത്‌ കാലത്തിഌ മായ്‌ക്കാന്‍ പറ്റാത്ത ഘോര പാതകം തീർത്തതിലാ!
വർഷം ആയിരം പിന്നിട്ടുപോയാലും
ഹിറ്റ്‌ലറെ ഓർക്കുകില്‍ മറക്കില്ല ലോകം സഞ്‌ജിറാമിനെ.
നിന്‍ കാല്‍ക്കീഴില്‍ ചതഞ്ഞരഞ്ഞതൊ
രു ജീവനെങ്കില്‍ അത്‌ ഈ
ജനതതിയുടെ മുഴുവന്‍ നെഞ്ചകത്തെയും പിളർത്തീ!

പിന്തുടരുന്നുവോ മ്യാന്‍മറിന്‍ കിരാത ഹത്യ നീ,
ന്യൂന പക്ഷത്തെ അരികു പറ്റിക്കാന്‍ ശ്രമിക്കുകില്‍ ഓർക്കുവീന്‍ അത്‌
നിങ്ങള്‍ തന്‍ വിഫല ശ്രമമാ,
മനസ്സു മരവിക്കാത്ത
മാഌജർക്കൊരിക്കലും
മൗനം ദീക്ഷിക്കാവതല്ല ഈ കാടത്ത മുറകള്‍ക്കു മുന്നില്‍.
ജനാധിപത്യത്തെ നെഞ്ചിലേറ്റുന്ന ഭാരത മക്കളിന്നൊറ്റക്കെട്ടാ
പൂവണിയില്ല നിങ്ങള്‍ക്ക്‌ മ്യാന്‍മറിന്‍ സ്വപ്‌നമൊരിക്കലും……!!!

     നഫീസ എ
റിഫ ക്ലാസ്‌ റൂം
ബഹ്‌റൈന്‍

CategoriesUncategorized