ഹാദിയ റിവൈവൽ 2020

അസ്സലാമു അലൈകും വ റഹ്മത്തുള്ള… അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നലെത്തെ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിച്ചതിൽ ആദ്യമായി അല്ലാഹുവിനെ സ്തുതിക്കുന്നു… ഡോക്ടറുടെ ക്ലാസ്സ്‌,  ആരോഗ്യകരമായ ശീലങ്ങളും  ജീവിതരീതിയും  എങ്ങനെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗം ആക്കാം എന്ന ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു. (ഇന്ന് രാവിലെ  എണീറ്റിട്ട് ഉറങ്ങിയില്ല. വേഗം ബ്രേക്ഫാസ്റ്റും കഴിച്ചു ) ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസികമായ ആരോഗ്യവും അത്ര തന്നെ പ്രാധാന്യം ഉള്ള വിഷയമാണെന്ന ബോധവൽക്കരണവും അതോടൊപ്പം തന്നെ സ്ട്രസ്സ് കുറക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും പറഞ്ഞുതന്നത് ഏവർക്കും ഏറെ ഉപകാരപ്പെടും എന്നത് തീർച്ച.
മയ്യത്ത് പരിപാലനം എന്ന ക്ലാസ് പകർന്നു തന്ന അറിവുകൾ വളരെ വിലപ്പെട്ടതായിരുന്നു. ഈ വിഷയത്തിൽ ഒരു അറിവും ഇല്ലാത്തതിനാൽ  ഇത്തരത്തിൽ ഉള്ള ഒരു  ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നു . മാഷാ അല്ലാഹ് വളരെ സൂക്ഷ്മമായി വിശദമായി തന്നെ അവർ മൂന്നു പേരും അത് പറഞ്ഞു തന്നു. ഡമ്മി ആണെങ്കിലും ശരിക്കും ഒരു മയ്യിത്തിനെ പരിപാലിക്കുന്ന സൂക്ഷ്മതയോടെ വേദനിപ്പിക്കരുതേ വേദനിപ്പിക്കാതെ ചെയ്യണേ എന്ന് അവർ ആവർത്തിച്ചു പറഞ്ഞത് കേട്ടപ്പോൾ നമ്മുടെ സ്വന്തം ആരോ ആണ് ആ കിടക്കുന്നത് എന്ന ഒരു ഫീൽ ആയിരുന്നു. മരണവീട്ടിൽ പോവാനും മയ്യിത്തിനെ നോക്കാനും  ഒക്കെ ഒരു ബേജാർ ആയിരുന്നു ഇതുവരെ. ഇപ്പോൾ അൽഹംദുലില്ലാഹ് ഒരുപാട് ധൈര്യം വന്നത് പോലെ തോന്നുന്നു.
ഹദിയയുടെ പുതിയ സിലബസ് ഏറെ പ്രതീക്ഷയോടെ ആണ് കേട്ടറിഞ്ഞത്. അടുക്കളത്തോട്ടവും മറ്റു വരുമാന മാര്ഗങ്ങളും കിച്ചൻ ടിപ്സും picnicum ഒക്കെ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. കൊച്ചു മിടുക്കി ആയിഷ മനോഹരമായി തന്നെ വിഷയം കൈകാര്യം ചെയ്തു.
സൊറയും പൊരുളും സെഗ്മെന്റ് വളരെയേറെ രസകരമായി തോന്നി. ജെസ്മിയുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസം  ആണല്ലോ

ഹാദിയ ഓരോരുത്തരിലും വരുത്തിയ മാറ്റങ്ങൾ കേട്ടപ്പോൾ ഇതു എന്റെ സ്വന്തം അനുഭവം ആണല്ലോ എന്ന് തോന്നിപ്പോയി.
 അതിനുശേഷം ആയിരുന്നു എല്ലാവരും കാത്തിരുന്ന സമ്മാനവിതരണം. അതുവരെ പുറത്തെവിടെയോ കളിക്കുകയായിരുന്ന മകൾ എങ്ങനെയാണ് കൃത്യസമയത്ത് അവിടെ എത്തിയത് എന്ന് അറിയില്ല. മക്കളുടെ മുന്നിൽ ഉമ്മാക്ക് ഒന്നാം റാങ്കിനുള്ള ഉപഹാരം വാങ്ങാൻ പറ്റിയത് അല്ലാഹുവിന്റെ കൃപ. ഏറെ അഭിമാനത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകൾക്ക് അതിനേക്കാൾ തിളക്കം.
 അതുപോലെ ഫസ്‌നയുടെ ഇസ്തിഗ്ഫാർ… മനസ്സറിഞ്ഞു എല്ലാരും കൂടെ ചൊല്ലിയപ്പോ അത് വേറിട്ട ഒരനുഭവം ആയി. ബുർദ യുടെ വരികൾ എല്ലാവരും ഒരുമിച്ച് ഏറ്റു ചൊല്ലിയപ്പോൾ ഹൃദയത്തിൽ കുളിർമഴ പെയ്ത പോലെ. 
ഷെമിയുടെ ദുആ കേട്ടപ്പോ സത്യം പറഞ്ഞാൽ കണ്ണുനീർ ഒഴുകുക ആയിരുന്നു. കരയുന്നത് മറ്റാരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കിയപ്പോ എല്ലാവരും എന്നെ പോലെ കണ്ണു തുടക്കുന്നത് ആണ് കണ്ടത്. ലൈറ്റ് അണച്ചത് കാരണം മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്ന ചിന്ത വരാതെ മനസ്സുരുകി ഹൃദയത്തിൽ തട്ടി ദുആ ചെയ്യാൻ സഹായകമായി.. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. 

ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും, എല്ലാ അമീറാ ഉമൈറ റഈസമാർക്കും ഉള്ളതാണ് ഈ പരിപാടിയുടെ വിജയം. അള്ളാഹു അവർക്കും പങ്കെടുത്ത എല്ലാവർക്കും അതിനുള്ള പ്രതിഫലം നൽകുമാറാകട്ടെ. ഇനിയും ഇതുപോലുള്ള ക്ലാസുകൾ നടത്താനും അതിൽ പങ്കെടുത്ത് ധാരാളം അറിവുകൾ നേടാനും ഇഹ ലോകത്തും പരലോകത്തും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപെടാനും നാഥൻ തൗഫീഖ് നൽകട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ 
Jiya Safeer 
Ghubra classroom
Oman