തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #6)

സഹപ്രവര്‍ത്തകരോടും കൂട്ടുകാരോടുമുള്ള പ്രവാചകരുടെ(ﷺ) പെരുമാറ്റം ഏറ്റവും മാതൃകാപരമായിരുന്നു. സദാപുഞ്ചിരിതൂകി സൗമ്യ ഭാവത്തോടെയായിരുന്നു അവരോടുള്ള സമീപനം. ദുസ്വഭാവം, ബഹളം വെക്കല്‍, അശ്ലീലം പറയല്‍, ആക്ഷേപം ചൊരിയല്‍, അമിത ഫലിതം എന്നിവയൊന്നും പ്രവാചകരുടെ(ﷺ) പെരുമാററത്തില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. ഒരാളുടെയും രഹസ്യം അന്വേഷിക്കുകയില്ല. ജനങ്ങളുടെ ചിരിയിലും അത്ഭുത പ്രകടനത്തിലും പങ്കുകൊള്ളുമായിരുന്നു. അപരിചിതരുടെ സംസാരത്തിലോ ചോദ്യത്തിലോ ഉണ്ടാകാവുന്ന സംസ്‌കാര ശൂന്യതയില്‍ ക്ഷമ പാലിക്കുമായിരുന്നു. ഒരാളുടെ സംസാരം ഇടക്കു മുറിച്ചു കളയുകയില്ല. അതിരു വിട്ടാല്‍ നിരോധിക്കും, അല്ലെങ്കില്‍ എഴുന്നേററ് പോകും (ദലാഇലുല്‍ ബൈഹഖി 1/238-291). ഇരിപ്പിടങ്ങള്‍ സ്ഥിരമാക്കുകയില്ല, അങ്ങനെ ചെയ്യുന്നത് നിരോധിക്കുമായിരുന്നു. ഒരു സദസ്സിലെത്തിയാല്‍ തള്ളിക്കയറുകയോ ചാടിക്കടക്കുകയോ ചെയ്യാതെ സദസ്സ് അവസാനിക്കുന്നേടത്ത്  ഇരിക്കും. അങ്ങനെ ഇരിക്കണമെന്ന് അവിടുന്ന് കല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. സദസ്യരില്‍ ഓരോരുത്തര്‍ക്കും അര്‍ഹമായ വിഹിതം കൊടുക്കും. തിരുമേനി(ﷺ)യുടെ അടുത്ത് തന്നെക്കാള്‍ മററാരെങ്കിലും ആദരണീയനാണെന്ന് ഒരു സദസ്യനും തോന്നുകയില്ല. അവ്വിധമുള്ള സമീപനമായിരുന്നു തിരുമേനി(ﷺ)യുടേത്. വല്ല ആവശ്യത്തിനും തിരുമേനി(ﷺ)യുടെ കൂടെ ആരെങ്കിലും ഇരിക്കുകയോ നില്‍ക്കുകയോ ചെയ്താല്‍ അവന്‍ സ്വയം പിരിഞ്ഞ് പോകുന്നതു വരെ തിരുമേനി(ﷺ) ക്ഷമപാലിക്കും. അവനു മുമ്പ് അവിടുന്ന് സ്ഥലംവിടുകയില്ല. ആരെങ്കിലും വല്ലതും ആവശ്യപ്പെട്ടാല്‍ അതുനല്‍കി തിരിച്ചയക്കും. സാധിക്കാതെ വന്നാല്‍ സൗമ്യമായ വാക്കുപറഞ്ഞു സമാശ്വസിപ്പിച്ചു വിടും.

സകലരോടും സല്‍സ്വഭാവത്തോടെ, മന്ദസ്മിതിത്തോടെ പെരുമാറുമായിരുന്നു. എല്ലാവര്‍ക്കും അവിടുന്ന് പിതാവായിരുന്നു. അവകാശം നേടുന്നതില്‍ നബി(ﷺ)യുടെ അടുത്ത് സകലരും തുല്യരായിരുന്നു. തന്റെ കൂട്ടുകാരെക്കുറിച്ച്  അന്വേഷണം നടത്തുമായിരുന്നു. ജനങ്ങളുടെ സ്ഥിതിഗതികള്‍ ചോദിച്ചറിയുകയും നല്ലതിനു പ്രചോദനം നല്‍കുകയും ചീത്ത നിരുല്‍സാഹപ്പെടുത്തുകയും ചെയ്യും. ജനങ്ങളില്‍ ഉത്തമരായിരുന്നു നബി(ﷺ)യുമായി അടുത്തവര്‍. ഏററം വലിയ ഗുണകാംക്ഷാമനസ്ഥിതി  ഉള്ളവരായിരുന്നു തിരുമേനി(ﷺ)യുടെ അടുത്ത് ഏററവും ശ്രേഷ്ഠര്‍. ജനങ്ങളെ ഏററവും നന്നായി സഹായിക്കുന്നവര്‍ക്കായിരുന്നു തിരുമേനി(ﷺ)യുടെ സമീപത്ത് വലിയ സ്ഥാനം. ആവശ്യക്കാരുടെ ആവശ്യം നിറവേററിക്കൊടുക്കുകയും സ്വന്തം ആവശ്യം തന്നെ അറിയിക്കാന്‍ സാധിക്കാത്തവരുടെ വിവരം, അറിയുന്നവര്‍ തനിക്കെത്തിച്ച് തരണമെന്നു കല്‍പ്പിക്കുകയും ചെയ്തിരുന്നു. ഭൗതിക കാര്യത്തിനുവേണ്ടി ഒരിക്കലും കോപിക്കുകയില്ല. സ്വന്തത്തിനുവേണ്ടി ഒരിക്കലും ദേഷ്യം പിടിക്കുകയോ പകരം  വീട്ടുകയോ ചെയ്തിരുന്നില്ല. (ദലാഇലുല്‍ ബൈഹഖി 1/288, 291 നോക്കുക)

കൂട്ടുകാരുടെ സല്‍പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും പ്രശംസിക്കുകയും അനുമോദിക്കുകയും ചെയ്യുക നബി(ﷺ)യുടെ പതിവായിരുന്നു. ഹിജ്‌റഃ ഒമ്പതാം വര്‍ഷം മുസ്‌ലിംകളെ അക്രമിക്കുന്നതിന് റോമക്കാര്‍ വന്‍സൈനിക സജ്ജീകരണങ്ങള്‍ നടത്തിയപ്പോള്‍ അവരെ നേരിടുന്നതിനുവേണ്ടി നബി(ﷺ) തബൂക്കിലേക്ക് പുറപ്പെട്ടു. ദാരിദ്ര്യം നിമിത്തം യാത്രാസന്നാഹങ്ങളും യുദ്ധസന്നാഹങ്ങളും സംഭരിക്കാന്‍ സാധിക്കാത്തതില്‍ അത്യധികം ദു:ഖിച്ചിരിക്കുകയായിരുന്നു ഉത്ബത്തു ബിന്‍ സൈദ്(റ). തന്റെ കയ്യിലോ തന്നെ സഹായിക്കാനായി പ്രവാചകരുടെ(ﷺ) കയ്യിലോ സന്നാഹമില്ലാതെ വന്നതില്‍ വ്യാകുലപ്പെട്ട് രാത്രി നിസ്‌കാരാനന്തരം അദ്ദേഹം കരയാന്‍ തുടങ്ങി. അവസാനം തന്റെ ദു:ഖത്തിന് ഒരു മുട്ടുശാന്തി അദ്ദേഹം കണ്ടെത്തി. അദ്ദേഹം പറഞ്ഞു:  ‘ഞാനിതാ സ്വദഖഃ ചെയ്യുന്നു. എന്റെ സമ്പത്തിനോ ശരീരത്തിനോ അഭിമാനത്തിനോ വല്ല ക്ഷതവുമേല്‍പ്പിച്ച ഏതൊക്കെ മുസ്‌ലിംകളുണ്ടോ അവര്‍ക്കൊക്കെ ഞാന്‍ വിട്ടുകൊടുത്തു മാപ്പുചെയ്തിരിക്കുന്നു. ഇതാണെന്റെ സ്വദഖഃ’. നേരം പുലര്‍ന്നപ്പോള്‍ കൂട്ടുകാരോടായി റസൂല്‍ തിരുമേനി(ﷺ) ചോദിച്ചു: ‘ഇന്നലെ രാത്രി സ്വദഖഃ ചെയ്തവനെവിടെ? അപ്പോള്‍ ആരും എഴുന്നേററില്ല. വീണ്ടും ചോദിച്ചു. ‘ധര്‍മം ചെയ്തവനെവിടെ?’ അവന്‍ നില്‍ക്കട്ടെ, അപ്പോള്‍ ഉത്ബത്ത്(റ) എഴുന്നേററ് നിന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘സന്തോഷിച്ചു കൊള്ളുക, എന്റെ ആത്മാവിന്റെ ഉടമസ്ഥന്‍ തന്നെ സത്യം; താങ്കളുടെ സ്വദഖഃ സ്വീകാര്യധര്‍മത്തിന്റെ കൂട്ടത്തില്‍ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു.’ (ദലാഇലുന്നുബുവ്വ-ബൈഹഖി 5/219)

സഹപ്രവര്‍ത്തകരെക്കുറിച്ച് എപ്പോഴും നല്ല ധാരണ വെച്ചുപുലര്‍ത്തുകയും അങ്ങനെ വെച്ചുപുലര്‍ത്താന്‍ കല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. ആരെക്കുറിച്ചെങ്കിലും തെറ്റിദ്ധാരണാജനകമായി  സംസാരിച്ചാല്‍ തിരുമേനി(ﷺ) അത് തിരുത്തുമായിരുന്നു.  ഹിജ്‌റഃ ആറാം വര്‍ഷം 1500 സ്വഹാബിമാരോട് കൂടി ഉംറഃ ചെയ്യുന്നതിന് വേണ്ടി നബി (സ) മക്കയിലേക്കു പുറപ്പെട്ടു.  ഖുറൈശികളുടെ പ്രതിരോധവും വിസമ്മതവും നിമിത്തം മക്കയിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല.  മുസ്‌ലിംകള്‍ ഹുദൈബിയ്യഃ യില്‍ താവളമടിച്ചു. യുദ്ധമല്ല ഉംറഃ മാത്രമാണ് ആഗമ ലക്ഷ്യമെന്ന് ഖുറൈശികളെ അറിയിക്കാന്‍ നബി(ﷺ) ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ)നെ മക്കയിലേക്കു വിട്ടു. ‘മക്കയില്‍ പ്രവേശിക്കാന്‍ മുഹമ്മദിനെ ഞങ്ങള്‍ അനുവദിക്കുകയില്ല, താങ്കള്‍ക്കു വേണമെങ്കില്‍ ത്വവാഫ് ചെയ്യാം’ ഇതായിരുന്നു ഖുറൈശികളുടെ മറുപടി. അല്ലാഹുവിന്റെ റസൂല്‍(ﷺ) ത്വവാഫ് ചെയ്യുന്നതുവരെ ഞാന്‍ ത്വാവാഫ് ചെയ്യുകയില്ലെന്ന് ഉസ്മാന്‍(റ) പറഞ്ഞപ്പോള്‍ അദേഹത്തെ അവര്‍ മൂന്ന് ദിവസത്തോളം തടഞ്ഞുവെച്ചു. എന്നാല്‍ ഉസ്മാന്‍(റ) സ്വന്തമായി ത്വവാഫ് ചെയ്തു എന്നൊരു കിംവദന്തി മുസ്‌ലിംകള്‍ക്കിടയില്‍ എങ്ങനെയോ പ്രചരിക്കുകയുണ്ടായി. നബി(ﷺ) അതുതിരുത്തി. ‘നാം ഇവിടെ തടയപ്പെട്ടിരിക്കെ അദേഹം കഅ്ബ പ്രദക്ഷിണം ചെയ്യുമെന്ന് നാം വിചാരിക്കുന്നില്ല.’ പിന്നീട് ഉസ്മാന്‍(റ) തിരിച്ചു വന്നപ്പോള്‍ ഇപ്രകാരം പറയുകയുണ്ടായി: ‘അല്ലാഹു സത്യം! ഞാനൊരു വര്‍ഷം മക്കയില്‍ താമസിക്കാനിടവന്നാലും അല്ലാഹുവിന്റെ പ്രവാചകന്‍(ﷺ) ഹുദൈബിയഃയില്‍ തടയപ്പെട്ടിരിക്കെ ഞാന്‍ ത്വവാഫ് ചെയ്യുകയില്ല’. തദവസരം അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂല്‍(ﷺ) അല്ലാഹുവിനെക്കുറിച്ച് ഏറ്റവും വിവരമുള്ളവനും നമ്മുടെ കൂട്ടത്തില്‍ ഏറ്റവും നല്ല ധാരണ വെച്ചുപുലര്‍ത്തുന്നവരുമത്രെ’ (ബൈഹഖി 4/135).

സഹപ്രവര്‍ത്തകനു വല്ല അബദ്ധവും പിണഞ്ഞുപോയാല്‍ മാപ്പ് നല്‍കി അവന്റെ മനോവീര്യം സംരക്ഷിച്ചു പൂര്‍വോപരി സച്ചരിതനും സജീവ പ്രവര്‍ത്തകനുമാക്കി മാററുകയായിരുന്നു തിരുമേനി(ﷺ)യുടെ പതിവ്. ഖുറൈശികള്‍ ഹുദൈബിയഃ സന്ധി ലംഘിച്ചു ശത്രുത പ്രകടിപ്പിച്ചപ്പോള്‍ നബി തിരുമേനി(ﷺ) യുദ്ധവും കൊലയുമില്ലാതെ വളരെ സമാധാനപരമായി മക്ക ജയിച്ചടക്കുന്നതിനു വേണ്ടി ഹിജ്‌റഃ എട്ടാം വര്‍ഷം പതിനായിരം സ്വഹാബികളോടുകൂടെ പുറപ്പെടുകയുണ്ടായി. പുറപ്പെടും മുമ്പ് വാര്‍ത്ത പരമരഹസ്യമാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സ്വഹാബികളിലൊരാള്‍ക്കു ഒരു അമളി പറ്റി. ഹാത്വിബ്(റ) ആയിരുന്നു അത്.  ഈ രഹസ്യം ഖുറൈശികളെ അറിയിച്ചാല്‍ പ്രത്യുപകാരമെന്ന നിലയില്‍ മക്കയിലുള്ള തന്റെ നിരാലംബരായ ഭാര്യാ സന്താനങ്ങളെ അവര്‍ രക്ഷിച്ചേക്കുമെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ ഒരു കത്തെഴുതി പത്ത് ദിനാര്‍ പ്രതിഫലം നിശ്ചയിച്ചു ഒരു സ്ത്രീയുടെ വശം കൊടുത്തയച്ചു. നബി തിരുമേനി(ﷺ) അലി(റ), സുബൈര്‍(റ), മിഖ്ദാദ്(റ), അബൂ മര്‍സിദ്(റ) എന്നിവരെ വിളിച്ച് പറഞ്ഞു: ‘ഖാഖ് തോട്ടത്തില്‍ ഒരു പെണ്ണിരിപ്പുണ്ട.് അവരുടെ വശം ഒരു കത്തുണ്ട്. ഉടനെ അത് പിടിച്ചെടുത്തുകൊണ്ട് വരണം’. തന്റെ വശം കത്തില്ലെന്ന് അവള്‍ തറപ്പിച്ചു പറഞ്ഞുവെങ്കിലും വസ്ത്രമഴിക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ അവള്‍ മുടിക്കെട്ടിനുള്ളില്‍ നിന്ന്  കത്തെടുത്ത് കൊടുത്തു. കത്തിന്റെ ഉള്ളടക്കം നേരത്തെ പറഞ്ഞ രഹസ്യവാര്‍ത്ത ആയിരുന്നു. തിരുമേനി ഹാത്വിബിനെ(റ) ചോദ്യം ചെയ്തു. അദ്ദേഹം സത്യാവസ്ഥ വെളിപ്പെടുത്തി ക്ഷമാപണം നടത്തി. പ്രത്യക്ഷത്തില്‍ ഇതൊരു കൂറുമാററവും രാജ്യദ്രോഹവും ആണെന്ന് തോന്നാനിടയുണ്ട്. ഉമര്‍(റ)വിനു അങ്ങനെ തോന്നി, അദ്ദേഹം പറഞ്ഞു: ‘നബിയേ എനിക്ക് സമ്മതം തരൂ. ഈ കപടന്റെ പിരടി ഞാന്‍ വെട്ടാം’. അപ്പോള്‍ നബി(ﷺ) അദേഹത്തിനു മാപ്പുനല്‍കുകയും ബദ്‌റില്‍ പങ്കെടുത്തു കൂറ് തെളിയിച്ച വ്യക്തിയാണെന്ന് സ്വഹാബിമാരെ ഓര്‍മപ്പെടുത്തുകയും ചെയ്തു. (ബുഖാരി 4274).

അകാരണമായി ആര്‍ക്കും മുന്‍ഗണന നല്‍കില്ല. അത് മററുള്ളവര്‍ക്ക് മന:ക്ലേശമുണ്ടാക്കാനിട വരുത്തുമല്ലോ. യാത്രാ വേളയില്‍ പരിചരണത്തിനായി തിരുമേനി(ﷺ) ഭാര്യമാരില്‍ ചിലരെ കൊണ്ടുപോകാറുണ്ടായിരുന്നു. ആരെ കൊണ്ടു പോകണമെന്ന് സ്വയം തീരുമാനിക്കാതെ നറുക്കിടുകയായിരുന്നു പതിവ്.  (ഇബ്‌നു മാജഃ 1970) മദീനയിലേക്കു ഹിജ്‌റഃ വന്നപ്പോള്‍ ഓരോ അന്‍സ്വാരിയും തിരുമേനി(ﷺ)ക്ക് തന്റെ വീട്ടില്‍ ആതിഥ്യം നല്‍കുന്നതിനു മത്സരിക്കുകയുണ്ടായി. ഓരോരുത്തരും നബി(ﷺ)യുടെ ഒട്ടകത്തിന്റെ മൂക്കുകയര്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരാളുടെ ക്ഷണം സ്വീകരിച്ചു മറ്റുള്ളവരെ തിരസ്‌ക്കരിക്കുന്നതു ഭംഗിയല്ലല്ലോ.  അതുകൊണ്ട്  പ്രവാചകരുടെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു. ‘നിങ്ങള്‍ ഒട്ടകത്തെ വിടുക, അതിനു പ്രത്യേക കല്‍പ്പനയുണ്ട്.’ അവസാനം ഒട്ടകം അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ)യുടെ വീടിനു മുമ്പില്‍ മുട്ടുകുത്തി. തിരുമേനി അവിടെ ഇറങ്ങി.

പ്രവാചകരുടെ പിതാമഹനായ അബ്ദുല്‍മുത്ത്വലിബിന്റെ അമ്മാവന്മാരായ ബനുന്നജ്ജാര്‍ കുടുംബത്തില്‍പ്പെട്ടവരായിരുന്നു അബൂഅയ്യൂബ് (റ). അദ്ദേഹം നബിയുടെ സാധനസാമഗ്രികള്‍ വീട്ടിലേക്കു കൊണ്ടുപോയി. തിരുമേനി(ﷺ) അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചു, പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ അദ്ദേഹത്തിന്റെ വീട്ടില്‍  അവിടുന്ന് താമസിച്ചു. ആര്‍ക്കും അതില്‍ ഒരനിഷ്ടവുമുണ്ടായിരുന്നില്ല. (അല്‍ ബിദായത്തു വന്നിഹായ 3/202, ശറഹുല്‍ മവാഹിബ് 2/162).

CategoriesUncategorized

15 Replies to “തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #6)”

  1. മാഷാ അല്ലാഹ് ഒരുപാട് പടികാൻ പറ്റുന്നുണ്ട്

Comments are closed.