തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #8)

തിരുനബി(ﷺ)യുടെ മക്കാ പ്രബോധനകാലമായ പതിമൂന്ന് വര്‍ഷം ഏകദൈവ വിശ്വാസം പ്രചരിപ്പിക്കാനും ഊട്ടിയുറപ്പിക്കാനുമാണ് ശ്രമിച്ചത്. മദീനാ ജീവിതം നിയമ നിര്‍മാണങ്ങളുടെ കാലഘട്ടമായിരുന്നു. ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങള്‍, അവയുടെ നിയമവ്യവസ്ഥിതികള്‍, വിധിവിലക്കുകള്‍, പ്രതിരോധ നടപടികള്‍ തുടങ്ങി സകല നിയമങ്ങളും രൂപം കൊണ്ടത് പത്തു വര്‍ഷത്തെ മദീനാ ജീവിതത്തിനിടയിലായിരുന്നു.

ലോകപ്രശസ്തമായ മദീനാപള്ളി നിര്‍മാണമായിരുന്നു ആദ്യ നടപടി. തിരുനബി(ﷺ)യുടെ വാഹനം മുട്ടുകുത്തിയ സ്ഥലം മദീനയുടെ മധ്യത്തിലായിരുന്നു. റബീഉല്‍അവ്വല്‍ മാസത്തില്‍ തന്നെ പള്ളി നിര്‍മാണം തുടങ്ങി. രണ്ടു അനാഥ ബാലന്‍മാരുടേതായിരുന്ന പ്രസ്തുത സ്ഥലം പത്ത് ദീനാര്‍ വിലകൊടുത്തു രക്ഷിതാക്കളില്‍ നിന്നു വാങ്ങുകയും ഒന്നാമത്തെശില നബി(ﷺ)യുടെ തൃക്കരംകൊണ്ട് സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) തുടങ്ങിയവരും ഓരോ ശില സ്ഥാപിച്ചു. ഈത്തപ്പന മടലുകളും തടികളും ഉപയോഗിച്ച് പടുത്തുണ്ടാക്കിയ പ്രസ്തുത പള്ളി എഴുപത് മുഴം നീളവും അറുപത് മുഴം വീതിയുമാണുണ്ടായിരുന്നത്. ഇസ്‌ലാമിക സംസ്‌കാരിക കേന്ദ്രമായ ഈ പള്ളിയില്‍ നിന്നാണ് പ്രബോധക സാര്‍ഥക സംഘങ്ങള്‍ പുറപ്പെട്ടിരുന്നത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് നിവേദക സംഘങ്ങള്‍ തിരുനബിയെ തേടിയെത്തിയിരുന്നതും ഈ പള്ളിയിലേക്കായിരുന്നു.

പള്ളിപ്പണി പൂര്‍ത്തിയായതോടെ കിഴക്കുഭാഗത്തായി ഇടുങ്ങിയ രണ്ടു മുറികള്‍ നിര്‍മിക്കപ്പെട്ടു. നബി(ﷺ) പത്‌നിമാരായ സൗദ(റ), ആയിശ(റ) എന്നിവര്‍ക്കുള്ള വീടുകളായിരുന്നു അത്. അവസരോചിതം മറ്റു ഭാര്യമാര്‍ക്ക് കൂടി കൊച്ചുകൊച്ചു മുറികള്‍ പള്ളിയുടെ തെക്കു വടക്കു ഭാഗങ്ങളില്‍ നിര്‍മിക്കപ്പെട്ടു. ഹുജ്‌റകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവയില്‍ ആയിശ ബീവി(റ)യുടെ മുറി മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്. അവിടെയാണ് തിരുനബി(ﷺ) തങ്ങളുടെ ഭൗതികശരീരം അടക്കം ചെയ്തിട്ടുള്ളത്. മൂന്ന് പള്ളികളല്ലാത്ത ലോകത്തെ എല്ലാ പള്ളികളും പുണ്യത്തില്‍ സമമാകുന്നു. മസ്ജിദുല്‍ ഹറാം എന്ന മക്കയിലെ പള്ളി, മസ്ജിദുന്നബവി എന്ന മദീനത്തെ പള്ളി, ഫലസ്തീനിലെ അല്‍ അഖ്‌സ പള്ളി എന്നിവ പ്രതിഫലത്തില്‍ ഏറ്റ വ്യത്യാസമുള്ള മൂന്ന് പള്ളികളാകുന്നു. ഇവയില്‍ രണ്ടാം സ്ഥാനത്താണ് തിരുനബി(ﷺ)യുടെ പള്ളി. പില്‍ക്കാലത്ത് സ്വഹാബിമാരുടെയും താബിഉകളുടെയും മറ്റു ഖലീഫമാരുടെയും കാലങ്ങളില്‍ പല തവണ പള്ളി പുതുക്കി പണിയുകയും വിശാലമാക്കുകയും ചെയ്തിട്ടുണ്ട്. അവസാനമായി ഹിജ്‌റ 1414ല്‍ ഫഹദ് രാജാവിന്റെ കീഴിലാണ് വിപുലീകരണം നടന്നിട്ടുള്ളത്. 56,576 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം വരുന്ന ബൃഹത്തായ ഈ വിപുലീകരണത്തില്‍ രണ്ടു ലക്ഷത്തി അറുപത്തിയെട്ടായിരം പേര്‍ക്ക് ഒരേ സമയത്ത് നിസ്‌കരിക്കാന്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പള്ളിയുടെ പരിസരത്ത് 2,35,000 ചതുരശ്ര മീറ്റര്‍ വരുന്ന മുറ്റം സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. ചൂടില്‍ നിന്ന് രക്ഷ നേടുന്നതിന് വൈദ്യുതി കുടകളാല്‍ അലങ്കരിക്കപ്പെട്ട ഇവിടെ 4,30,000 പേര്‍ക്ക് നിസ്‌കാര സൗകര്യമുണ്ട്. ഇതോടെ മൊത്തം 6,98,000 പേര്‍ക്ക് പള്ളിയിലും മുറ്റത്തുമായി നിസ്‌കരിക്കാന്‍ സൗകര്യമുണ്ട്.

പൂര്‍വകാല പ്രവാചകന്മാര്‍ ചെയ്തുവന്നിരുന്ന നിസ്‌കാരം വിശ്വാസികള്‍ നിര്‍വഹിച്ചിരുന്നുവെങ്കിലും സംഘംചേര്‍ന്ന് സ്വവസതികളില്‍ വെച്ചോ പൊതു സ്ഥലങ്ങളില്‍ വെച്ചോ നിര്‍വഹിക്കാവുന്ന സ്വാതന്ത്ര്യം മക്കാ ജീവിതത്തിനിടയില്‍ ലഭിച്ചിരുന്നില്ല. പരസ്യമായി വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നില്ല. പാതിരാത്രിയില്‍ അബൂബക്കര്‍(റ) വീട്ടുമുറ്റത്ത് ഉറക്കെ ഖുര്‍ആന്‍ ഓതി നിസ്‌കരിക്കാറുണ്ടായിരുന്നു. അതു കേള്‍ക്കാനിടവന്ന പരിസര വാസികള്‍ ഖുര്‍ആന്റെ മാധുര്യം രുചിക്കുന്നതിന് വേണ്ടി തടിച്ചു കൂടിയിരുന്നു. ക്ഷുഭിതരായ ഖുറൈശികള്‍ അബൂബക്കര്‍(റ)നെ നാടുകടത്താന്‍ ശ്രമിച്ച സംഭവം സുവിചിതമാണ്. ഇബ്‌നുദുഗുന്ന എന്ന നാട്ടുകാരണവര്‍ ഇടപ്പെട്ടാണ് കുറുമ്പന്‍മാരായ ഖുറൈശികളെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത്. മദീനയിലെത്തിയപ്പോള്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമായി. സമാധാനപൂര്‍ണമായി ആരാധനകള്‍ നിര്‍വ്വഹിക്കാനുള്ള സാഹചര്യമുണ്ടായി. അതിനാല്‍ അഞ്ചു നേരത്തെ നിസ്‌കാര സമയങ്ങളില്‍ വിശ്വാസികളായ പുരുഷന്മാരെ തിരുനബി(ﷺ) പള്ളികളില്‍ സംഘടിപ്പിച്ചു. വര്‍ണ-വര്‍ഗ – ദേശ – ഭാഷാവ്യത്യാസമില്ലാതെ സകലരും തോളോടുതോള് ചേര്‍ന്ന് ഒരു നേതാവിനു പിന്നില്‍ അണിനിരന്ന് ചെയ്യുന്ന കര്‍മമാണ് സംഘടിത നിസ്‌കാരം. അപ്രകാരം ആഴ്ചയിലൊരിക്കല്‍ മധ്യാഹ്ന സമയത്ത് പ്രായപൂര്‍ത്തിയെത്തിയ ആരോഗ്യമുള്ള രോഗികളല്ലാത്ത സകല പുരുഷന്മാരെയും പള്ളിയില്‍ നിര്‍ബന്ധമായും സംഘടിപ്പിച്ചു. ഇതാണ് വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരം. നേതാവ് പ്രസംഗപീഠത്തിലേറി പ്രഭാഷണം നടത്തുന്നു. സദസ്യര്‍ കാത് കൂര്‍പ്പിച്ചു കേള്‍ക്കുക തന്നെ ചെയ്യണം. കച്ചവടവും മറ്റു തൊഴിലുകളും നിര്‍ത്തിവെച്ച് ഈ സംഗമത്തില്‍ അവര്‍ പങ്കെടുക്കണം. ഇത് കൂടാതെ വര്‍ഷത്തില്‍ രണ്ടു ആഘോഷവേളകളിലായി ആബാലവൃദ്ധം ജനങ്ങള്‍ സംഗമിക്കുന്ന പെരുന്നാള്‍ നിസ്‌കാരവും കല്‍പ്പിക്കപ്പെട്ടു. ചെറിയ പെരുന്നാള്‍, ബലിപെരുന്നാള്‍ എന്നീ രണ്ടു ആഘോഷ ദിനങ്ങളിലെ പ്രഭാതങ്ങളിലാണ് ഈ സംഗമം. പള്ളികളിലോ പള്ളികള്‍ സൗകര്യമില്ലെങ്കില്‍ മൈതാനികളിലോ ഈ നിസ്‌കാരം നിര്‍വഹിക്കപ്പെടുന്നു. ഇങ്ങനെ ഐച്ഛികമായി ദിനേനെ അഞ്ചു നേരവും നിര്‍ബന്ധമായി ആഴ്ചയിലൊരിക്കലും സകല മുസ്‌ലിംകളെയും വര്‍ഷത്തില്‍ രണ്ടു തവണയും ഒരേ വേദിയില്‍ തോളുരുമ്മിനിന്നു ദൈവത്തിനു മുമ്പില്‍ ഒരുമിച്ചു കൂട്ടി. ഇവയില്‍ ആദ്യ രണ്ടെണ്ണം ഹിജ്‌റ ഒന്നിലും അവസാനത്തേത് രണ്ടാം വര്‍ഷത്തിലുമാണ്. നിസ്‌കാര സമയങ്ങളില്‍ സമയമറിയിക്കുന്നതിന് ബാങ്ക് കൊടുക്കാന്‍ നിര്‍ദേശിക്കപ്പെട്ടതും ഒന്നാം വര്‍ഷത്തില്‍ തന്നെ. ‘അല്ലാഹു ഏറ്റവും മഹാന്‍’ എന്ന വചനം കൊണ്ട് തുടങ്ങുകയും മുഹമ്മദ്(ﷺ) അവന്റെ തിരുദൂതനാണെന്ന് വിളിച്ചു പറയുകയും ചെയ്യുന്ന വാങ്ക് വിളി അന്നു മുതല്‍ ഇന്നോളം ലോകത്തിന്റെ സകല മുക്കു മൂലകളിലെയും പള്ളി മിനാരങ്ങളില്‍ നിന്നും വാങ്കിന്റെ വചനങ്ങള്‍ ഏറ്റു വിളിക്കുന്നു. നമസ്‌കാരത്തിലേക്കുള്ള ക്ഷണം എന്നതിലുപരി തിരുനബി(ﷺ)യുടെ പ്രവാചകത്വത്തിന്റെ സത്യ സാക്ഷ്യം അത്യുച്ചത്തില്‍ വിളിച്ചു പറയുകയാണ് വാങ്ക് വിളിയിലൂടെ.

മനുഷ്യരുടെ വിചാര വികാരങ്ങളെ വിവേക പൂര്‍വം കൈകാര്യം ചെയ്യേണ്ടതുണ്ട്. വികാരം മാത്രമുള്ള മൃഗങ്ങളെ പോലെ അവന്‍ അധ:പതിക്കരുത്. അതിനു വികാര പരമായ ഭക്ഷണ – പാനിയ – ഭോഗാസക്തികളെ നിയന്ത്രിക്കേണ്ടതുണ്ട്. അവ ഓരോരുത്തരും അല്‍പാല്‍പമായി നിയന്ത്രിച്ചാല്‍ മതിയാവുകയില്ല. നിയന്ത്രണം സ്വായത്തമാക്കുന്നതിന് ഒരു പരിശീലനം തന്നെ അനിവാര്യമാണ്. ആ പരിശീലനത്തിനു ഏറ്റവും പരിശുദ്ധിയുള്ള റമളാന്‍ മാസം ഉടയ തമ്പുരാന്‍ തെരെഞ്ഞെടുത്തു. ആ മാസം മുഴുവന്‍ പ്രഭാതം മുതല്‍ പ്രദോശം വരെ അന്ന പാനീയ – ഭോഗാസ്തികളെ ഉപേക്ഷിച്ചു വ്രതം എടുക്കുവാന്‍ കല്‍പ്പിക്കപ്പെട്ടു. ഹിജ്‌റയുടെ രണ്ടാം വര്‍ഷത്തിലായിരുന്നു ഈ കല്‍പന നിയമമായത്. വ്രതം നിര്‍ബന്ധമാക്കപ്പെട്ടതോട് കൂടെ തന്നെ ചെറിയ പെരുന്നാളിനു നല്‍കുന്ന ഫിത്വ്‌റ് സകാത്തും ഇതര സമ്പത്തുകളുടെ സകാത്തും നിര്‍ബന്ധമാക്കപ്പെട്ടു. ഹിജ്‌റ ആറാം വര്‍ഷം ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ടതോട് കൂടി ഇസ്‌ലാമിലെ കര്‍മ കാണ്ഡങ്ങളില്‍ പ്രധാനപ്പെട്ടവ പൂര്‍ത്തിയായി.

അന്യ സ്ത്രീ പുരുഷന്‍മാര്‍ തമ്മിലുള്ള ദര്‍ശന സ്പര്‍ശന – പര്‍ദാ നിയമങ്ങള്‍ വഖ്ഫ്, വസിയ്യത്ത്, ദാനധര്‍മം, വ്യാപാരം, വ്യവഹാരം, ഋതു ബാധ്യതകള്‍, കൃഷി നിയമങ്ങള്‍ തുടങ്ങിയവ ഒരു മനുഷ്യന്റെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട സകല പ്രശ്‌നങ്ങളിലും നിയമ നിര്‍മാണം അവസരോചിതമായി മദീനാ ജീവിതത്തിലെ പത്ത് വര്‍ഷങ്ങള്‍ കൊണ്ട് നടന്നു. മാത്രമല്ല ജീവിതഹാരിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യത്തോടെ കൊണ്ട് നടന്നിരുന്ന മദ്യപാനം, പലിശ, ചൂതാട്ടം തുടങ്ങിയ ദുര്‍വൃത്തികള്‍ സദാചാരമല്ലെന്ന് പ്രഖ്യാപിക്കുകയും അവയുടെ അടിറ്റുകളായ ഒരു സമൂഹത്തെ അവയില്‍ നിന്ന് പിന്തിരിപ്പിക്കുകയും അവയുടെ ശത്രുക്കളാക്കി മാറ്റുകയും ചെയ്യാന്‍ തിരുനബി(ﷺ)ക്ക് സാധിച്ചു. ജീവിതത്തിലുടനീളം മദ്യപാനികളായി കഴിയുകയും മരണ ശേഷം മദ്യം വാറ്റിയുണ്ടാക്കുന്ന വിഭവങ്ങളുടെയും ചെടികളെയും താഴെ തന്നെ കുഴിച്ചിടണമെന്ന് പറഞ്ഞുവെക്കുകയും ചെയ്തിരുന്ന അറേബ്യന്‍ സമൂഹത്തെ മദ്യം കഴിക്കുക മാത്രമല്ല, മദ്യം സ്പര്‍ശിച്ചാല്‍ കഴുകി വൃത്തിയാക്കുന്ന മനോഭാവത്തിലെത്തിക്കുവാനും തിരുനബിക്ക് കഴിഞ്ഞു.

CategoriesUncategorized

11 Replies to “തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #8)”

  1. അല്ലാഹുവേ മുത്തുനബിയുടെ (സ ) യുടെ ചരിത്രം വായിക്കുമ്പോൾ മക്കയിലും മദീന പള്ളിയിലും ആയിപോന്നപ്പോലെ… നബി (സ ) യുടെ മണ്ണിൽ എത്തി ഉംറയും ഹജ്ജും ചെയ്യാൻ അള്ളാഹു എല്ലാർക്കും തൗഫീഖ് നൽകുമാറാക്കട്ടെ ആമീൻ ….🤲🤲🤲🤲🤲

  2. Ya rasoola llah ❤❤❤
    Nalla ariv valareupakarapradm
    Ethanusarich jeevikan
    Allahu thoufeeq cheyyatte

Comments are closed.