തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #9)

ഖില ലോകത്തിനും അനുഗ്രഹമായ പ്രവാചകപ്രഭു മുഹമ്മദ് മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം കുടുംബനാഥനെന്ന നിലയില്‍ ഏറ്റവും മാതൃകാപരമായ ജീവിതമാണ് നയിച്ചിരുന്നതെന്ന വസ്തുത ആ ജീവിതം മുഴുവന്‍ പരിശോധിച്ചാല്‍ വ്യക്തമാവും. തിരുമേനി(ﷺ) തന്റെ ഇരുപത്തഞ്ചാം വയസ്സില്‍ ഖദീജാബീവിയെ വിവാഹം ചെയ്തു. മഹതി മരണപ്പെടുന്നതുവരെ മറ്റൊരു സ്ത്രീയെപ്പറ്റിയും തിരുമേനി ആലോചിക്കുകപോലും ചെയ്തിരുന്നില്ല. അവരുടെ മരണശേഷം രണ്ടുവര്‍ഷം തിരുമേനി(ﷺ) ഏകാകിയായി കഴിഞ്ഞു. തുടര്‍ന്ന് നാലു കൊല്ലത്തിനിടയ്ക്ക്, അതായത് തിരുമേനി(ﷺ)യുടെ അമ്പത്തിആറാം വയസ്സിനിടയില്‍ സൌദ, ആഇശ എന്നിവരെ വിവാഹം ചെയ്യുകയുണ്ടായി. ആ സന്ദര്‍ഭത്തില്‍ ആഇശാബീവിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. അക്കാലത്ത് തിരുമേനി(ﷺ) ഒരു ഭാര്യയുമൊത്താണ് ദാമ്പത്യജീവിതം നയിച്ചിരുന്നത്. അമ്പതു വയസ്സിനും അറുപതു വയസ്സിനുമിടയില്‍ ഒമ്പതു ഭാര്യമാരെ തിരുമേനി(ﷺ) വിവാഹം ചെയ്യുകയുണ്ടായി.

പല വിവാഹങ്ങള്‍ കാരണം പ്രവാചകദൌത്യം തിരുമേനി വിസ്മരിക്കാനിടയാകില്ലേ എന്നൊരു സംശയം ചിലര്‍ക്കുണ്ടായേക്കാമെങ്കിലും, യഥാര്‍ഥത്തില്‍ നബിതിരുമേനി(ﷺ) ആ പുണ്യകര്‍മ്മങ്ങള്‍ വിസ്മരിക്കുകയല്ല ചെയ്തത്. ഭാര്യാസന്താനങ്ങളോടൊപ്പം കഴിഞ്ഞിരുന്ന സമയങ്ങളില്‍ അവരിലേക്കും പ്രവാചകദൌത്യം നിര്‍വ്വഹിക്കുകയായിരുന്നു ചെയ്തത്. അനാഥനായി വളര്‍ന്ന നബിതിരുമേനി(ﷺ) യൌവ്വനത്തിലേക്കു കാലൂന്നുമ്പോള്‍ ദരിദ്രനായിരുന്നു. അബൂത്വാലിബിന്റെ സഹോദരപുത്രനായ മുഹമ്മദ്(ﷺ) വിനീതനായ ഒരു ഒട്ടകക്കാരനായി മാത്രം പരിഗണിക്കപ്പെട്ടു. വ്യാപാരത്തില്‍ അബൂത്വാലിബിനെ സഹായിച്ചിരുന്ന ആ ഇരുപത്തഞ്ചുകാരന്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. മാതാവായ ആമിനാബീവിയേയും മുലകൊടുത്തു വളര്‍ത്തിയ ഹലീമാബീവിയേയും കുറിച്ചുള്ള ഊഷ്മളവും സ്നേഹമസൃണവുമായ സ്മരണകളൊഴിച്ചാല്‍ സ്ത്രൈണലാവണ്യത്തിന്റെ പ്രചോദനങ്ങള്‍ക്കൊന്നും അവിടുന്ന് വശംവദനായിരുന്നില്ല.

ഇക്കാലത്ത് മക്കയില്‍ ഖദീജ എന്ന ഒരു വിധവ ഉണ്ടായിരുന്നു. ഗണ്യമായ സമ്പത്തും വലിയൊരു വ്യാപാരവും വിട്ടേച്ച് അവരുടെ ഭര്‍ത്താവ് മരിച്ചിട്ട് അധികനാളായില്ല. കച്ചവടം സത്യസന്ധമായും കാര്യപ്രാപ്തിയോടെയും നടത്തിക്കൊണ്ടുപോകാനും മരുഭൂമിക്കപ്പുറം ദീര്‍ഘയാത്ര നടത്താനും കഴിവുള്ള ഒരാളെ തേടുകയായിരുന്നു ഖദീജ(റ). അബൂത്വാലിബിന്റെ സഹോദരപുത്രനായ മുഹമ്മദ് എന്ന യുവാവിനെക്കുറിച്ച് അവര്‍ കേട്ടിരുന്നു. ‘അല്‍അമീന്‍’ എന്ന പേരില്‍ പ്രസിദ്ധനായ അദ്ദേഹത്തെ അവര്‍ വിളിച്ചു വരുത്തി.

നാല്പതു വയസ്സിനോടടുത്ത, എന്നാല്‍ യൌവ്വനയുക്തയായ ഒരു സ്ത്രീയെയാണ് ഖദീജയില്‍ തിരുമേനി കണ്ടത്. കുറിയ ദേഹപ്രകൃതി, പ്രസാദാത്മകമായ വട്ടമുഖം, ആഭിജാത്യം സ്ഫുരിക്കുന്ന മൃദുലകരങ്ങള്‍. ഖുറൈശി കുടുംബത്തില്‍ തന്നെയാണ് ഖദീജ(റ)യുടെയും ജനനം. ഖുവൈലിദിന്റെ മകള്‍ ഖദീജ. ത്വാഹിറ (പരിശുദ്ധ) എന്ന അപരാഭിധാനത്താല്‍ വിഖ്യാത. സമ്പന്നതയില്‍ വലിയ അന്തരമുണ്ടെങ്കിലും മുഹമ്മദ്(ﷺ) തന്റെ ഗോത്രക്കാരനാണെന്നറിഞ്ഞ് അവര്‍ക്ക് സന്തോഷമായി. മുഹമ്മദി(ﷺ)ന്റെ പെരുമാറ്റം അവള്‍ക്കിഷ്ടമായി. മാന്യവും വിശ്വസ്തവുമായ സമീപനം. തന്നോട് പ്രീതിയുള്ള ഖദീജ(റ)യെ സേവിക്കുന്നതിന് നബി(ﷺ)ക്കും ഇഷ്ടം തന്നെയായിരുന്നു. പ്രതീക്ഷയോടെ അവിടുന്ന് ഖദീജയുടെ വ്യാപാര ദൌത്യം ഏറ്റെടുത്തു. അബൂത്വാലിബിന്റെ സഹോദരപുത്രന്‍ എന്ന നിലയില്‍ അദ്ദേഹം വാണിജ്യ കേന്ദ്രങ്ങളില്‍ അറിയപ്പെട്ടിരുന്നു. കച്ചവടക്കാര്‍ പുത്തന്‍ ചരക്കുകളുമായുള്ള മുഹമ്മദി(ﷺ)ന്റെ വരവിനെ സഹര്‍ഷം സ്വാഗതം ചെയ്തു. ദമസ്കസിലേക്കാണ് ചരക്കുകളുമായി പുറപ്പെട്ടത്. യസ്രിബിലും  ഇതര ഗ്രാമങ്ങളിലും നബി തന്റെ ചരക്കുകള്‍ വിറ്റഴിച്ചു. ഗണ്യമായ ലാഭമുണ്ടാക്കിക്കൊണ്ടാണ് അവിടുന്ന് മടങ്ങിയത്. നബി(ﷺ)യുടെ കൂടെ യാത്ര ചെയ്ത മൈസറ എന്ന ഭൃത്യന്‍ അദ്ദേഹത്തിന്റെ വിജയങ്ങളത്രയും ഖദീജ(റ)യെ അറിയിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്ന് നബി(ﷺ)യുമായുള്ള കൂടിക്കാഴ്ച ഖദീജ(റ)യുടെ മനസ്സില്‍ അഗാധമായ പ്രതികരണങ്ങളുണ്ടാക്കി. ഖദീജ(റ)യുടെ മാന്യമായ പെരുമാറ്റവും സൌമ്യമായ സംഭാഷണവും സര്‍വ്വോപരി തന്നില്‍ കാണിച്ച വിശ്വാസവും പ്രവാചകന്(ﷺ) ഇഷ്ടപ്പെട്ടിരുന്നു. തന്റെ മനസ്സ് പൂര്‍ണ്ണമായും അദ്ദേഹത്തിലേക്കടുത്തുവെന്ന് തോന്നിയപ്പോള്‍ ഖദീജ(റ) ഇരുവരുടെയും ഒരു സുഹൃത്തു വഴി തന്റെ അഭിലാഷം അറിയിക്കുകയും നബി(ﷺ) അത് സസന്തോഷം സ്വീകരിക്കുകയുമാണുണ്ടായത്.

ഇരുപത് ഒട്ടകങ്ങള്‍ കൊണ്ട് ഖദീജ(റ) തൃപ്തിപ്പെട്ടുകൊള്ളുമെന്ന് അവരുടെ ബന്ധുക്കള്‍ പറഞ്ഞു. അബൂത്വാലിബ് അത് ഒരുക്കിവെച്ചിരുന്നു. വിവാഹാഘോഷം കേമമായി കൊണ്ടാടി. ഖുറൈശി പ്രധാനികളൊക്കെ പങ്കെടുത്തിരുന്നു. കഅബയുടെ കൈകാര്യകര്‍ത്താവെന്ന നിലയില്‍ അബൂത്വാലിബ് വിവാഹകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവാഹം പ്രവാചകനെ ധനികനാക്കിയെങ്കിലും ഉപജീവനത്തിനു വേണ്ടി അവിടുന്ന് അദ്ധ്വാനിച്ചിരുന്നു. വിജയകരമായി വ്യാപാരം ചെയ്തപ്പോഴും തന്റെ ഭാര്യയുടെ സ്വത്തുക്കളിലൊന്നും നബി(ﷺ) കൈകടത്തിയില്ല. ഐശ്വര്യം തന്റെ സഹജസ്വഭാവത്തിന്നു കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. നിത്യഭക്ഷണവും വസ്ത്രവും മാത്രമേ വേണ്ടൂ. അതുതന്നെ അതീവ ലളിതം. എന്നാല്‍ സുഹൃത്തുക്കളെയും സഹായാര്‍ഥികളെയും അവിടുന്ന് തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഖദീജ(റ)യോട് ശിപാര്‍ശ ചെയ്ത് അവര്‍ക്ക് സഹായം ചെയ്തിരുന്നു. ദാനശീലയായിരുന്നു ഖദീജ(റ). പാവങ്ങളെ സഹായിക്കുന്നതില്‍ അവര്‍ എന്നും സന്നദ്ധത പ്രകടിപ്പിച്ചു. അങ്ങനെ ആ ദമ്പതികള്‍ പാവങ്ങള്‍ക്ക് എന്നും തുണയായി വര്‍ത്തിച്ചു. ഖദീജ(റ) പ്രവാചകരെ(ﷺ) വിളിച്ചിരുന്നത് അബുല്‍ഖാസിം എന്നായിരുന്നു.

ഖദീജാബീവിയുമൊത്തുള്ള നബിയുടെ ദാമ്പത്യജീവിതം എത്രയും ആനന്ദദായകമായിരുന്നു. അവര്‍ക്ക് രണ്ടു പുത്രന്മാരും നാലു പുത്രികളും ജനിച്ചു. ഖാസിം, അബ്ദുല്ല എന്നീ പുത്രന്മാര്‍ ശൈശവത്തില്‍ തന്നെ മൃതിയടഞ്ഞു. സൈനബാ, റുഖയാ, ഉമ്മുകുല്‍സൂം, ഫാത്വിമ ഇവരായിരുന്നു പുത്രിമാര്‍. ആണ്‍കുഞ്ഞുങ്ങളുടെ മരണങ്ങള്‍ മാതാപിതാക്കളെ അത്യധികം ദുഃഖിപ്പിച്ചു. ആണ്‍കുട്ടികള്‍ മരണമടഞ്ഞപ്പോള്‍ സൈദ്ബ്നു ഹാരിസി(റ)നെ നബി ദത്തുപുത്രനായി സ്വീകരിച്ചു. ഖദീജാബീവിൾ(റ) വിലക്കുവാങ്ങിയ ഈ കുട്ടിയെ അവര്‍ നബി(ﷺ)ക്കു ദാനം ചെയ്യുകയും നബി(ﷺ) സൈദി(റ)നെ സ്വതന്ത്രനാക്കിയ ശേഷം ദത്തെടുക്കുകയുമാണുണ്ടായത്.

മൂത്തമകളായ സൈനബിനെ അവര്‍ അസീസ്ബ്നുറാബിക്ക് വിവാഹം ചെയ്തു കൊടുത്തു. റുഖയ്യയെയും ഉമ്മുകുല്‍സുമിനെയും വിവാഹം ചെയ്തത് അബൂലഹബിന്റെ പുത്രന്മാരായ ഉത്ബയും ഉതൈബയുമായിരുന്നു. പക്ഷേ, നബിതിരുമേനി ഇസ്ലാം മത പ്രബോധനത്തിനിറങ്ങിയതോടെ അബൂലഹബ് സ്വപുത്രന്മാരെക്കൊണ്ട് വിവാഹമോചനം ചെയ്യിക്കുകയാണുണ്ടായത്. ഇവരെ രണ്ടുപേരെയും പിന്നീട് ഒന്നിനു പുറകെ മറ്റൊന്നായി വിവാഹം ചെയ്തത് ഉസ്മാനുബ്നു അഫ്ഫാനാണ്(റ). നബി ജീവിച്ചിരുന്ന കാലത്ത് തന്നെ ഇവര്‍ രണ്ടുപേരും മരണമടഞ്ഞു. കനിഷ്ഠപുത്രിയായ ഫാത്വിമത്തുസ്സഹ്റായെ(റ) അലിയ്യിബ്നു അബൂത്വാലിബ്(റ) വിവാഹം ചെയ്തു. നബി(ﷺ)യെ അതിജീവിച്ച പുത്രി ഇവര്‍ മാത്രമായിരുന്നു. എന്നാല്‍ പിതാവിന്റെ മരണം മൂലമുണ്ടായ ദുഃഖഭാരത്താല്‍ ആറുമാസം കഴിയുന്നതിനു മുമ്പുതന്നെ അവരും പിതാവിനെ അനുഗമിച്ചു.

അലി(റ) ഫാത്വിമാ(റ) ദമ്പതികളിലുണ്ടായ പുത്രന്മാരാണ് ഹസന്‍, ഹുസൈന്‍ എന്നിവര്‍. പ്രവാചക കുടുംബത്തിന്റെ കണ്ണികള്‍ അറ്റുപോകാതെ നിലനിര്‍ത്തിയവരാണവര്‍. നബി(ﷺ)യുടെ പത്നിമാരില്‍ ആഇശാബീവി(റ) മാത്രമായിരുന്നു കന്യക. ഏഴാം വയസ്സില്‍ വിവാഹിതയായെങ്കിലും പിതാവായ അബൂബക്ര്‍(റ) ന്റെ വീട്ടില്‍ തന്നെ കഴിഞ്ഞു. തിരുമേനി(ﷺ) മദീനയില്‍ എത്തി എട്ടുമാസങ്ങള്‍ക്കു ശേഷം ആഇശാബീവിയും(റ) മദീനയില്‍ വന്നു ഭര്‍ത്താവിന്റെ വീട്ടില്‍ താമസമാക്കി. അതിനു ശേഷമാണ് അവര്‍ക്കു പ്രായം തികഞ്ഞത്. ഹസ്റത്ത് സൌദാ(റ) എന്ന പ്രായമേറിയ വിധവയെ, ഖദീജാബീവി മരിച്ചു രണ്ടു വര്‍ഷത്തിനു ശേഷമാണ് തിരുമേനി വിവാഹം ചെയ്തത്. അബ്സീനിയയില്‍ നിന്നു തിരിച്ചു വരുമ്പോള്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട് അവര്‍ തിരുമേനി(ﷺ)യെ സമീപിക്കുകയായിരുന്നു. അവരെ സംരക്ഷിക്കല്‍ നബി(ﷺ)യുടെ കടമയായിരുന്നു. അവരെ വിവാഹം ചെയ്തു. ഖദീജാബീവിയുടെ മരണാനന്തരം സൈനബ്(റ), റുഖയ്യ(റ), ഉമ്മുകുല്‍സൂം(റ), ഫാത്വിമാ(റ) തുടങ്ങിയ പെണ്‍മക്കളെ സംരക്ഷിക്കേണ്ട ബാധ്യത മുഴുവനും തിരുമേനിക്കായി. പ്രായമേറിയ സൌദാബീവി(റ) ഈ കുട്ടികളുടെ ചുമതല ഏറ്റുകൊള്ളുമെന്ന വിശ്വാസവും അവരെ വിവാഹം ചെയ്യുമ്പോള്‍ തിരുമേനി(ﷺ)ക്കുണ്ടായിരുന്നു. കുഞ്ഞിനെ പ്രസവിക്കാന്‍ കഴിവില്ലാത്ത അമ്പതുവയസ്സ് കഴിഞ്ഞ സൌദാബീവി(റ) തിരുമേനി(ﷺ)യുടെ ജീവിതപങ്കാളിയായതോടെ കുടുംബപ്രശ്നങ്ങളില്‍ നിന്നു നബി(ﷺ)ക്ക് കുറേയേറെ ആശ്വാസം ലഭിച്ചു. ഹഫ്സ(റ), സൈനബ്(റ), ഉമ്മുസല്‍മ(റ), ജുവൈരിയ്യ(റ), ഉമ്മുഹബീബ(റ), മൈമൂന(റ), സഫിയ്യ(റ) എന്നീ ഭാര്യമാരെല്ലാം വിധവകളായിരുന്നു. ഹസ്രത്ത് മാരിയതുല്‍ ഖിബ്ത്വിയ്യ(റ) ഈജിപ്തിലെ രാജാവ് തിരുമേനി(ﷺ)ക്ക് സമ്മാനമായി നല്‍കിയ സ്ത്രീയാണ്. അവരേയും തിരുമേനി(ﷺ) വിവാഹം ചെയ്തു. തന്മൂലം മുസ്ലിംകളും ഈജിപ്തുകാരുമായി സൌഹൃദബന്ധമുണ്ടായി.

നബി(ﷺ)യുടെ അറുപതാമത്തെ വയസ്സില്‍ മാരിയ്യത്തുല്‍ ഖിബ്ത്വിയ്യയില്‍(റ) നബി(ﷺ)ക്കു ജനിച്ച അരുമ സന്താനമാണ് ഇബ്റാഹീം. 16 മാസം പ്രായമായപ്പോള്‍ ഈ കുഞ്ഞിന് രോഗം ബാധിച്ചു. രോഗവിവരമറിഞ്ഞു നബി(ﷺ) അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫിന്റെ(റ) തോളത്ത് പിടിച്ചുകൊണ്ട് വീട്ടിലേക്ക് കയറി വന്നു. മാരിയ്യത്തുല്‍ ഖിബ്ത്വിയ്യയുടെ(റ) മടിയില്‍ ഇബ്റാഹീം ആസന്ന മരണനായി കിടക്കുന്നു. നബി(ﷺ) ഉടനെ കുഞ്ഞിനെ എടുത്തു മടിയില്‍ കിടത്തി. തിരുമേനി(ﷺ)യുടെ കൈകള്‍ വിറക്കുകയും ഹൃദയം ഉച്ചത്തില്‍ സ്പന്ദിക്കുകയും ചെയ്തുകൊണ്ടിരുന്നു. കുഞ്ഞിനെ നോക്കി ഇപ്രകാരം പറഞ്ഞു: ‘അല്ലയോ ഇബ്റാഹീം, ദൈവേച്ഛക്കു വിരുദ്ധമായി ഞങ്ങള്‍ക്കു നിന്നെ സഹായിക്കുവാന്‍ കഴിയുകയില്ല…’ തിരുമേനി(ﷺ) കൂടുതല്‍ ഉരിയാടാനാവാതെ നിരുദ്ധകണ്ഠനായി. കണ്ണുനീര്‍ വാര്‍ത്തു. ആ കൈക്കുഞ്ഞ് അന്ത്യശ്വാസം വലിച്ചു.

ദുഃഖം അല്പമൊന്നു ശമിച്ചപ്പോള്‍ നബി(ﷺ) പറഞ്ഞു: ‘അല്ലയോ ഇബ്റാഹീം, അല്ലാഹുവിന്റെ കല്പനയും സത്യവും അവന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടുന്നവയും അല്ലാതിരുന്നുവെങ്കില്‍, നിനക്കുവേണ്ടി ഇതില്‍ കൂടുതലായി ഞങ്ങള്‍ ദുഃഖപ്രകടനം നടത്തുമായിരുന്നു. നിശ്ചയമായും നാം അല്ലാഹുവിനുള്ളതാണ്; അല്ലാഹുവിങ്കലേക്കു നാം മടങ്ങുകയും ചെയ്യും.’

നബി(ﷺ)യുടെ അഗാധദുഃഖം കണ്ടു വസ്മയിച്ചുപോയവരോട് അവിടുന്ന് ഇപ്രകാരം പറഞ്ഞു: ‘നിങ്ങളുടെ ദുഃഖത്തെ ഞാന്‍ നിരോധിച്ചിട്ടില്ല. ഉച്ചത്തില്‍ നിലവിളിക്കുന്നതിനെയാണ് വിരോധിച്ചിട്ടുള്ളത്. ആര്‍ദ്രതയുടെയും സ്നേഹത്തിന്റെയും ഫലം അനുവദിക്കുന്നതില്‍ നിന്നും നിങ്ങളുടെ ഹൃദയത്തെ തടയുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മറ്റുള്ളവരോട് കാരുണ്യവും സ്നേഹവും കാണിക്കാത്തവരുടെ നേര്‍ക്ക് അല്ലാഹുവും കാരുണ്യവും സ്നേഹവും കാണിക്കുകയില്ല.’

യാദൃശ്ചികമെന്നോണം ഇബ്റാഹീമിന്റെ മരണദിവസം സൂര്യഗ്രഹണമുണ്ടായി. ഇതൊരത്ഭുത സംഭവമാണെന്നും പ്രവാചകപുത്രന്റെ മരണത്തില്‍ ആകാശവും ഭൂമിയും ദുഃഖിക്കുകയാണെന്നും ജനങ്ങള്‍ പറയാന്‍ തുടങ്ങി. ഇതറിഞ്ഞപ്പോള്‍ നബി(ﷺ) അവരോടു പറഞ്ഞു: ‘സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാണ്. ഒരു മനുഷ്യന്റെ ജനനമോ മരണമോ അവയുടെ ഗ്രഹണങ്ങള്‍ക്കു കാരണമാകുന്നില്ല.’ ഇത്തരം ഗ്രഹണങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രാര്‍ഥനകള്‍ മൂലം അല്ലാഹുവിനെ സ്മരിക്കുക. അപ്രകാരം നബി(ﷺ) ഗ്രഹണ നമസ്കാരത്തിനു നേതൃത്വം നല്‍കുകയും ചെയ്തു.

8 Replies to “തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #9)”

  1. ماشاء الله الحمد لله
    ഒരുപാട് പുതിയ അറിവുകൾ ലഭിക്കാൻ ഇടയായി

  2. Masha allaahh nabiyude jeevitha reethi nammude jeevathathil pakarthuvan allahu thoufeeq cheyyatte 😍😍😍 ameen

Comments are closed.