വിദ്യയുടെ വിളക്കത്തിരുത്തിയ പെണ്മനസ്സുകൾ

ഇസ്ലാമിക സ്വത്വ ബോധമുള്ള വനിതകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിൽ പ്രവാസി വനിതകൾക്കായി ഐ.സി.എഫ് നടത്തിക്കൊണ്ടിരിക്കുന്ന ഹാദിയ കോഴ്സിന്റെ ഫസ്റ്റ് സെമസ്റ്റർ ഇവിടെ പൂർത്തിയാകുകയാണല്ലോ.. നേതൃത്വത്തിന്റെ കഠിന പ്രയത്നത്തിലൂടെ പുതിയ കാൽവെപ്പുകളുമായ് മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്ന ഹാദിയയെ ഇതിനോടകം തന്നെ പ്രവാസി വനിതകൾ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഗൾഫ്മേഖലകളിൽ ഭർത്താവിനോടൊപ്പം കുടുംബിനിയായി ജീവിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം നാടുമായി താരതമ്യപ്പെടുത്തുമ്പോൾ നന്മകൾ വർധിപ്പിക്കാൻ സമയമേറെ ഉണ്ടെന്നിരിക്കെ, അവളുടെ ഒഴിവ്സമയങ്ങൾ വിനിയോഗിക്കുന്നതിൽ ആശ്രദ്ധരാവുന്നതിലൂടെ സോഷ്യൽ മീഡിയ വഴി തിന്മയിലേക്ക് ചേക്കേറാനും അനാവശ്യ ചെയ്തികൾക്കും സാഹചര്യങ്ങൾ അനുകൂലമായേക്കാം. അത്തരം അനിസ്ലാമിക പ്രവണതകളിൽ നിന്നെല്ലാം വിട്ടുനിന്ന് ഇസ്ലാമിക സ്വത്വബോധമുള്ള വനിതയായി മാറണമെങ്കിൽ അറിവും പരിശീലനവും അത്യാവശ്യമാണ്. ഇസ്‍ലാം സ്ത്രീക്ക് സ്ഥാനവും, മാനവും, നല്‍കിയത് പോലെ മറ്റൊരു ദര്‍ശനങ്ങളിലും സ്ത്രീയെ ആദരിച്ചതായി നമുക്ക് കാണാന്‍ കഴിയില്ല. മാതാവായും മകളായും ഭാര്യയായും സഹോദരിയായും വർത്തിക്കുന്ന സ്ത്രീക്ക് അവളുടെ ഈ വഴികളിലൊക്കെയും സമ്പൂർണ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നാണ് ഇസ്ലാമിന്റെ അധ്യാപനം. ആണിനെ പോലെ അങ്ങാടിയിലും, അരങ്ങത്തും നിറഞ്ഞാടുമ്പോള്‍ മാത്രമാണ് പെണ്ണിന്റെ നിലനിൽപ്പ് അംഗീകരിക്കപ്പെടുക എന്ന തെറ്റിദ്ധാരണയുടെ പുറത്താണ് ഫെമിനിസം അതിന്റെ ആശയങ്ങളെ കെട്ടിപ്പടുക്കുന്നത്. ഭര്‍ത്താവിന്റെയും വീടിന്റെയും സന്തതികളുടെയും ഭരണാധിപയാണ് സ്ത്രീ എന്ന് പ്രവാചകന്‍(സ) നമ്മെ പഠിപ്പിക്കുമ്പോള്‍ തന്നെ സന്തുഷ്ടമായ ഒരു മുസ്ലിം കുടുംബം കെട്ടിപ്പടുക്കാന്‍ ആ ഭരണാധികാരി ഏതെല്ലാം തരത്തിലുള്ള അറിവുകള്‍ ആർജ്ജിച്ചെടുക്കണമെന്നതും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. “ഇഹലോകത്തിലെ ഏറ്റവും നല്ല വിഭവമായി ഹബീബായ റസൂൽ(സ)തങ്ങൾ വർണിച്ചത് സ്വാലിഹത്തായ വനിതയത്രെ” ഇസ്ലാമിക സംസ്കാരത്തിലൂട്ടപെട്ടവളായി സ്വാലിഹത്തായ ഒരു വനിതയെ സ്ഫുടം ചെയ്തെടുക്കണമെങ്കിൽ മത വിദ്യാഭ്യാസം കൂടിയേ തീരൂ. ഒരു കാലഘട്ടത്തിൽ സാഹചര്യങ്ങൾക്കനുസൃതമായി കേവലം അഞ്ചോ, ആറോ, ഏഴോ ക്ളാസ്സ് വരെ പരിമിതപ്പെട്ട മദ്രസാ പഠനം. പിന്നീട് ജീവിതത്തിൽ പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തുന്നതിന്റെ തിരക്കുകൾ കാരണം അല്ലെങ്കിൽ ശേഷമുള്ള കാലയളവിൽ കേവലം ഭൗതിക വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങിപോകുന്നതുകൊണ്ടോ മതപഠനം പാതി വഴിയിൽ ഉപേക്ഷിക്കപെടാൻ വിധിക്കപെട്ട വനിതകൾ. മിക്ക പ്രവാസിവനിതകളും വിശുദ്ധ ഖുർആൻ പാരായണ നിയമങ്ങളൊന്നും സമ്പൂർണമായി പഠിക്കാൻ സാധിക്കാത്തവരായി മാറിയതിന്റെ കാരണങ്ങളും ഇതുതന്നെയാണ്. നിസ്കാരത്തിൽ നിർബന്ധമായും പാരായണം ചെയ്യേണ്ടതും വിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തായ അദ്ധ്യായവുമായ സൂറത്തുൽ ഫാതിഹ അതിന്റെ എല്ലാവിധ നിയമങ്ങളും പാലിച്ചുകൊണ്ട് പാരായണം ചെയ്യാൻ പഠിക്കുകയും ഓരോ സൂക്തത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി ജീവിതം നയിക്കാനും സാധിക്കുക വഴി വലിയൊരു ആത്മീയ സൗഭാഗ്യം കൈവരിച്ചിരിക്കുകയാണ് ഹാദിയ പഠിതാക്കൾ. തിരു സുന്നത്തിനെ തള്ളി തന്ത്ര കുതന്ത്രങ്ങളുടെ വെളിച്ചത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാനിച്ച മൗലവിമാരുടെ കുതന്ത്രങ്ങളിൽ പെട്ടുപോയ സഹോദരിമാർക്ക് ഹാദിയ പഠിതാവാവുന്നതിലൂടെ സത്യം മനസ്സിലാക്കി ആരാധന നിർവഹിക്കാനുള്ള മഹത്തായ വരദാനമാണ് അള്ളാഹു നൽകിയിരിക്കുന്നത്. മുത്ത് നബിയോടുള്ള മഹബ്ബത്ത് മനസ്സകങ്ങളിൽ ഊട്ടി ഉറപ്പിച്ച് അവിടുത്തോട് പൂർവോപരി താഴ്മയും, വിനയവും, പ്രകടിപ്പിക്കാനും അതിലൂടെ അവിടുത്തെ ശഫാഅത്ത് ലക്‌ഷ്യം വെക്കാനും മദീന പഠനം വളരെയധികം സഹായകമായിട്ടുണ്ട്. കൃഷിക്ക് ഇസ്‍ലാം നൽകിയ പ്രാധാന്യം ഖുർആനിലൂടെയും ഹദീസിലൂടെയും മനസ്സിലാക്കിയ സഹോദരിമാർ പരലോകത്തേക്കുള്ള കൃഷി ഇഹലോകത്തുനിന്നുതന്നെ വിതച്ചെടുക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കഴിവുറ്റ വനിതാ മെൻറ്റർമാരാണ് ക്ലാസ്സിന് നേതൃത്വം നൽകുന്നത് എന്നതും ഹാദിയയുടെ ഒരു പ്രേത്യേകതയാണ്. സ്ത്രീ മനസ്സകങ്ങളിലേക്ക് നേർക്കുനേരെ കടന്നു ചെല്ലാൻ എന്തുകൊണ്ടും അനുയോജ്യ സ്ത്രീ തന്നെയാണ്. അറിവിന്റെ നിറദീപമായ്‌ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്ന ഹാദിയ പെൺ മനസ്സുകളെ വിദ്യയുടെ വിളക്കത്തിരുത്തിയിരിക്കുകയാണ്. ഒരു പുരുഷന്റെ മൂന്ന് അനുഗ്രഹങ്ങൾ എണ്ണിപ്പറഞ്ഞതിൽ ഒന്നാണെല്ലോ സ്വാലിഹത്തായ ഭാര്യ.കുടുംബ ജീവിതത്തില്‍ ചിട്ടയാര്‍ന്ന കാഴ്ച്ചപാടുകള്‍ രൂപപ്പെടുത്താനാവുന്നതിലൂടെ ഒരു പുരുഷന് സ്വാലിഹത്തായ ഒരു ഭാര്യയെ, തന്റെ മക്കൾക്ക് മാതൃകയായ ഒരു മാതാവിനെ, വാർത്തെടുക്കാൻ ഹാദിയ എന്ന കേന്ത്രീകൃത കോഴ്സിന് സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഫസ്റ്റ് സെമസ്റ്ററോടെ ഹാദിയ ഒരിക്കലും പൂർണ്ണമാകുന്നില്ല.വിഭവ സമൃദ്ധമായ അടുത്ത ഭാഗങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഹാദിയ സഹോദരിമാർ. കുടുംബങ്ങളുടെ നാട്ടിലേക്കുള്ള കൊഴിഞ്ഞുപോക്കാണ് നിലവിലുള്ള ഒരേ ഒരു വെല്ലുവിളിയായി ഹാദിയക്ക് മുന്നിലുള്ളത്. ആശ്രിത ലെവി എന്ന കടമ്പ ഇല്ലായിരുന്നുവെങ്കിൽ ഹാദിയ ചരിത്രം സൃഷ്ടിക്കുമായിരുന്നുവെന്ന്‌ പറയേണ്ടതില്ലല്ലോ.. ഹാദിയാ നീ അൽപം മുമ്പേ ഞങ്ങളിലേക്ക് എത്തിപെടാതിരുന്നത് എന്തേ..? എന്ന് പരിഭവം പറയുകയാണ് ഓരോ പഠിതാവും. ഹാദിയ വഴി ഇസ്ലാമിക സാഹോദര്യത്തിന്റെ കണ്ണികൾ കൂട്ടിയിണക്കി സത്യവിശ്വാസിനികൾ പരസ്പരം സഹോദരിമാരാണെന്ന ആപ്തവാക്യം ഉൾകൊണ്ട് സന്മാർഗ പന്ഥാവിൽ അടിയുറച്ച് ജീവിതം ചിട്ടപ്പെടുത്താൻ എല്ലാ ഹാദിയ സഹോദരിമാർക്കും ജഗന്നിയന്താവായ അല്ലാഹു തൗഫീഖ് നൽകി അവന്റെ സ്വർഗീയ ലോകത്ത് ഒരുമിച്ചു കൂട്ടട്ടെ എന്ന പ്രാർത്ഥനയോടെ ..

സൈനബ് അബ്ദുറഹ്‌മാൻ
റിയാദ് ചീഫ് അമീറ
ബദിയ ക്ലാസ്സ്‌റൂം
സൗദി അറേബ്യ

4 Replies to “വിദ്യയുടെ വിളക്കത്തിരുത്തിയ പെണ്മനസ്സുകൾ”

Comments are closed.