പറുദീസയിലേക്കുള്ള വഴികാട്ടി ഹാദിയ വിമന്‍സ് അക്കാദമി

സദ് വൃത്തയായ വനിതയാണ് ഏറ്റവും ഉത്തമമായ ഭൗതിക വിഭവം. ഇസ്ലാമിന്‍റെ ഖിലാഫത്തിന്‍റെ കീഴില്‍ സ്ത്രീക്ക് അവകാശം കിട്ടിയത് പോലെ ലോകത്ത് ഒരു നിയമവും അവകാശം കൊടുത്തിട്ടില്ല. സ്ത്രീയുടെ വ്യക്തിത്വം അംഗീകരിക്കുന്നതും അവളെ ആദരിക്കുന്നതുമായ സമീപനമാണ് ഇസ്ലാമിന്‍റേത്. ഇസ്ലാം അനുവദിച്ചിട്ടുള്ള നിയമങ്ങളെ അറിയണം. സ്ത്രീ സംവരണത്തിന്‍റെയും അധികാര അവസരങ്ങള്‍ക്കും സമാനതയ്ക്കും എന്നും ഇസ്ലാം തന്നെ മുന്നില്‍. എന്ത് കാര്യം ചെയ്യുമ്പോഴും സ്ത്രീക്ക് ഇസ്ലാമിന്‍റെ നിയമവും പരിധിയും പാലിക്കേണ്ടതുണ്ട്. ഇസ്ലാമിക നിയമ പരിധി സ്ത്രീക്ക് അന്നും ഇന്നും എന്നും സുരക്ഷയും പരിരക്ഷയും നല്‍കുന്നു.

സ്ത്രീ അബലയും ചപലയുമാണെന്ന് സാധാരണ പറയാറുണ്ട്. നൂറ്റാണ്ടുകളായി വിവിധ സംസ്കാരങ്ങളും മതങ്ങളും സ്ത്രീക്ക് നല്‍കിയ അവഗണനയിലൂടെ പറഞ്ഞും കേട്ടും ഉറച്ചു പോയ ഈ പ്രയോഗം വസ്തുതകള്‍ക്ക് നിരക്കുന്നതാണോ? പെണ്‍ഭ്രൂണഹത്യപോലുള്ള ദുരാചരങ്ങളിലൂടെ ആധുനിക മനുഷ്യര്‍ ഈ നിലപാട് കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. സയന്‍സും ടെക്നോളജിയും അതിന് ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ ഇസ്ലാം ഈ രീതിയിലല്ല സ്ത്രീയെ കാണുന്നത്. അല്ലാഹു പറയുന്നു: അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് തന്നെയുള്ള ഇണകളെ ഉണ്ടാക്കിത്തന്നു. നിങ്ങളുടെ ഇണകളില്‍ നിന്ന് മക്കളെയും പേരക്കുട്ടികളെയും അവന്‍ നിങ്ങള്‍ക്കു തരികയും നല്ല വസ്തുക്കള്‍ നിങ്ങളെ അവന്‍ ഭക്ഷിപ്പിക്കുകയും ചെയ്തു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ അവിശ്വസിക്കുകയുമാണോ?(നഹ്ല്‍: 72)

മഹാനായ നബി (സ്വ) സ്ത്രീകളെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങളും ഉപദേശങ്ങളും വളരെ കൂടുതലാണ്. സ്ത്രീകളുടെ പദവി ഉയര്‍ത്താനും അവരുടെ കഷ്ടപ്പാടുകള്‍ ദൂരീകരിക്കാനും പാടുപ്പെടുന്ന മഹാന്മാരില്‍ മുമ്പനാണ് അവിടുന്ന്. നബിതങ്ങളുടെ ഈ വിഷയത്തിലുള്ള അനേകം വചസ്സുകളില്‍ ചിലത് സ്ത്രീയുടെ മഹത്വത്തിലേക്ക് വെളിച്ചം വീശുന്നു. നിങ്ങളില്‍ ഉത്തമന്‍ തന്‍റെ ഭാര്യക്ക് ഉത്തമനായവനാണ്. ഞാന്‍ എന്‍റെ ഭാര്യക്ക് ഉത്തമനായവനാണ്. സ്ത്രീകളെ മാന്യനല്ലാതെ ആദരിക്കുകയില്ല. നിന്ദ്യനല്ലാതെ നിന്ദിക്കുകയുമില്ല. നബി തങ്ങളുടെ മറ്റൊരു വചസ്സില്‍ ഇങ്ങനെ പറയുന്നു. ആര്‍ക്കെങ്കിലും ദിക്ര്‍ ചൊല്ലുന്ന നാവും നന്ദിയുള്ള ഹൃദയവും പരീക്ഷണങ്ങളെ ക്ഷമിക്കുന്ന ശരീരവും സദ്വൃത്തയായ ഭാര്യയെയും അല്ലാഹു നല്‍കിയാല്‍ അവന് അനുഗ്രഹങ്ങള്‍ പൂര്‍ത്തിയായി ക്കഴിഞ്ഞു. ചുരുക്കത്തില്‍ ഇസ്ലാം മതം സ്ത്രീകള്‍ക്കു നല്‍കിയ പദവി വളരെ വലുതാണ്.

അല്‍ ഇല്‍മു ഹയാത്തുല്‍ ഇസ്ലാം (അറിവ് ഇസ്ലാമിന്‍റെ ജീവനാണ്). ഇസ്ലാമില്‍ വിദ്യാഭ്യാസത്തിന് വളരെയെറേ പ്രാധാന്യം ഉണ്ട്. ഇല്‍മ് കരസ്ഥമാക്കല്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. ഇല്‍മ് ദീനിന്‍റെ ജീവനാണ്. നബി (സ)തങ്ങള്‍ പറുന്നു: അല്ലാഹു തആല ഒരാള്‍ക്ക് വലിയ ഗുണം ഉദ്ധേശിച്ചാല്‍ അവനെ മത വിജ്ഞാനിയാക്കും. റബ്ബി സിദ്നീ ഇല്‍മാ…(എനിക്ക് അറിവ് വര്‍ദ്ധിപ്പിച്ചു തരണമേ നാഥാ…) എന്ന് നബി തങ്ങള്‍ എപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. വിശ്വാസം സംരക്ഷിക്കാനും അമല്‍ സ്വീകരിക്കപ്പെടാനും ഇല്‍മ് അനിവാര്യമാണ്.

മുസ്ലിം സമൂഹത്തില്‍ മതവിദ്യാഭ്യാസത്തിനും ആത്മീയതക്കും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒമാനിലെ പ്രവാസി കുടുംബിനികളുടെ ആത്മീയ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനുമായി ഐ.സി.എഫിന്‍റെ കീഴില്‍ ഹാദിയ വിമന്‍സ് അക്കാദമിക്ക് തുടക്കം കുറിച്ചു. കുടുംബിനികളില്‍ ആത്മ വിശ്വാസം വേരുറപ്പിക്കുക, മികച്ച വ്യക്തിത്വത്തിന് ഉടമകളാക്കുക, ആത്മീയ സംസ്കരണം നടത്തുക എന്നതാണ് ഹാദിയയുടെ ലക്ഷ്യം ഹാദിയ എന്ന പേരില്‍ തന്നെ ഉണ്ട് അക്കാദമിയുടെ ദൗത്യം ഹാദിയ സന്മാര്‍ഗ്ഗത്തിലേക്കുള്ള വഴകാട്ടി. മതവിദ്യാഭ്യാസത്തിന് പ്രാധാന്യം കുറഞ്ഞ് വരുന്ന ഈ കാലഘട്ടത്തില്‍ ഹാദിയ വിമന്‍സ് അക്കാദമിയുടെ ആഗമനം മുസ്ലിം കുടുംബങ്ങളില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്കും ആത്മീയ ഉണര്‍വ്വിനും കാരണമായി. ഇസ്ലാമിന്‍റെ നിയമപരിധികളെയും ആത്മീയ വിജ്ഞാനത്തെയും കോര്‍ത്തിണക്കി കൊണ്ട് ഹാദിയ നമുക്ക് മുമ്പില്‍ എത്തി. എന്താണ് ഹാദിയ? വിശുദ്ധ ഖുര്‍ആനിന്‍റെയും തിരുസുന്നത്തിന്‍റെയും കര്‍മ്മശാസ്ത്രത്തിന്‍റെയും അകമ്പടിയോടെ ലളിതവും സമഗ്രവുമായി എന്നാല്‍ സംക്ഷിപ്തമായി മുസ്ലിം കുടുംബിനികളെ ആത്മീയതയിലൂടെ പറുദീസയിലേക്കുള്ള മുന്നൊരുക്കത്തിനായി സഹായിക്കാന്‍ ഐ.സിഎഫിന്‍റെ കീഴില്‍ ഉടലെടുത്ത ഒരു മികവുറ്റ സംരംഭമാണ് ഹാദിയ വിമന്‍സ് അക്കാദമി. ദീനും ദുനിയാവും സമന്വയിപ്പിച്ച് ഇഹവും പരവും നേടാന്‍ കുടുംബനിയെ സജ്ജമാക്കുകയെന്നതാണ് ഹാദിയയുടെ കര്‍ത്തവ്യം.

ഒമാനിലും ഹാദിയ പടയോട്ടം നടത്തിക്കൊണ്ടിരിക്കുന്നു. സലാല, മസ്ക്കറ്റ്, നിസ്വ, സൊഹാര്‍, സൂര്‍, ബുറൈമി എന്നിവടങ്ങളില്‍ ഹാദിയ വിമന്‍സ് അക്കാദമി വന്‍ വിജയമായി. തജ്വീദോടു കൂടിയുള്ള ഖുര്‍ആന്‍ പാരായണ പരിശീലനം, ഹദീസ് പഠനം, ഉന്നത പഠന നിലവാരം, പ്രഗത്ഭരായ പരിശീലകര്‍, പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള നിപുണത, കൈതൊഴില്‍ പരിശീലനം, കൃഷി, സ്നേഹസംഗമം, സ്നേഹ വിരുന്ന്, മഹതികളെ കുറിച്ചുള്ള പ്രബന്ധ അവതരണം, നഫീസത്ത് മാല സദസ്സുകള്‍, സ്വലാത്ത് മജ്ലിസുകള്‍ ഇത്യാദികള്‍ ഹാദിയയെ സമ്പന്നമാക്കുകയും വേറിട്ടു നിര്‍ത്തുകയും ചെയ്യുന്നു. ആത്മീയ മൂല്യങ്ങളെ ഹൃദയം കൊണ്ട് തൊട്ടറിഞ്ഞ് അത് ദൈനംദിന ജീവിതത്തിലേക്ക് പകര്‍ത്താനും സുന്നത്തുകള്‍ മുറുകെ പിടിക്കാനും ഹാദിയ തരുന്ന പരിശീലനം ആകര്‍ഷകമാണ്. പ്രവാസ ജീവിതത്തിന്‍റെ ഏകാന്തതയില്‍ കുടുംബിനികള്‍ക്ക് ആത്മീയ വിജ്ഞാനത്തിന്‍റെ വെളിച്ചം വീശുന്നതില്‍ ഹാദിയ വിജയിച്ചു. പ്രവാസം എന്നത് ജീവിതത്തിലെ ഒരു പരീക്ഷണ കാലഘട്ടമാണ്. ആ പരീക്ഷണ കാല ഘട്ടത്തിലെ ഒറ്റപ്പെടലില്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധി ഘട്ടങ്ങളെയും സംഘര്‍ഷ ഭരിതമായ മാനസിക പിരിമുറുക്കത്തെയും തികഞ്ഞ പക്വതയോടെയും ആത്മധൈര്യത്തോടെയും മറികടക്കാനുള്ള മനഃശക്തി കുടുംബിനികളില്‍ ഹാദിയ വളര്‍ത്തിയെടുത്തു. മഹതികളുടെ ജീവിതത്തെ ആധാരമാക്കി ത്യാഗ മനോഭാവവും സഹനശക്തിയും അര്‍പ്പണബോധവും ക്ഷമയും വിശ്വാസദാര്‍ഢ്യവും പഠിതാക്കളുടെ ഹൃദയങ്ങളില്‍ ഉറപ്പിച്ചു കൊണ്ടുവന്നു.

ഹാദിയയിലൂടെ മികച്ച സുഹൃദ്വലയം നെയ്തെടുക്കാന്‍ പഠിതാക്കള്‍ക്ക് സാധിച്ചു. അതൊരു വന്‍ സൗഹൃദ കൂട്ടായ്മയായി മാറി. സൗഹൃദത്തിലൂടെ പഠിതാക്കള്‍ പരസ്പരം സ്നേഹിച്ചു, സഹായിച്ചു, സഹകരിച്ചു. സുഹൃത്തിന്‍റെ സന്തോഷത്തില്‍ പങ്കുചേരാനും ആപത്ഘട്ടങ്ങളില്‍ തന്നെ കൊണ്ട് കഴിയുന്ന സഹായം ചെയ്യാനും ദുആകളില്‍ ഉള്‍പ്പെടുത്താനും അതിലൂടെ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിലും ഹാദിയ നിര്‍ണ്ണായ പങ്ക് വഹിച്ചു. ലൗകിക ജീവിതത്തില്‍ പുത്തന്‍ ആശയക്കാരെയും പുത്തന്‍ ചിന്താഗതിക്കാരെയും വകവയ്ക്കാതെ തന്‍റെ വിശ്വാസങ്ങളെയും സുന്നത്തുകളെയും ജീവിതത്തില്‍ മുറുകെ പിടിക്കാന്‍ ഹാദിയ പ്രചോദനമായി. അടച്ചിട്ട ഫ്ളാറ്റുകളിലെ മൂകത മാറാന്‍ കൈതൊഴില്‍ പരിശീലനം ഏറെ സഹായകമായി.

ഹാദിയയുടെ മറ്റൊരു മികച്ച ആകര്‍ഷണീയത കൃഷി പരിശീലനമാണ്. ഇന്ന് നാം അഭിമുഖീകരിക്കുന്ന അര്‍ബുധം പോലെയുള്ള മാറാവ്യാധികളുടെ മുഖ്യകാരണം കടകളില്‍ നിന്ന് ലഭ്യമാകുന്ന വിഷാംശം നിറഞ്ഞ പഴങ്ങളും പച്ചക്കറികളുമാണ്. കൃഷി പരിശീലനത്തിലൂടെ പഠിതാക്കളെ കൃഷിയുടെ ആവശ്യകതയെ കുറിച്ച് ബോധവത്കരിച്ച് കൃഷിക്ക് ആവശ്യമായ വിത്തുകള്‍ വിതരണം ചെയ്തു. നബി (സ) പറയുന്നു ‘ ഒരു ചെടി നട്ടാല്‍ അല്ലെങ്കില്‍ വല്ല കൃഷിയും ചെയ്താല്‍ അതില്‍ നിന്ന് മനുഷ്യനോ, മൃഗമോ ഭക്ഷിച്ചാല്‍ അതെല്ലാം അവന് സ്വദഖയാണ്’. ഈ ഹദീസാണ് ഹാദിയയുടെ പ്രചോദനം.

പഠിതാക്കള്‍ തമ്മിലുള്ള പരസ്പര ധാരണയിലൂടെ മാസത്തില്‍ കുറഞ്ഞത് രണ്ട് തവണെയെങ്കിലും ഖുര്‍ആന്‍ ഖത്മ് പൂര്‍ത്തിയാക്കി മാസം തോറും നടത്തുന്ന സ്വലാത്ത് സദസ്സില്‍ വെച്ച് ദുആ ചെയ്യുന്നത് ഹാദിയയുടെ അനേകം മേന്മകളില്‍ ഒന്നാണ്. ഹാദിയ സഹോദരിമാരില്‍ ആര്‍ക്കെങ്കിലുമോ, സഹോദരിമാരുടെ ഉറ്റവര്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ വിഷമ ഘട്ടങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ കൂട്ടുപ്രാര്‍ത്ഥനയും തുണയും ഇഹലോകവാസം വെടിഞ്ഞാല്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി തഹ്ലീല്‍ ചൊല്ലിയും ഖുര്‍ആന്‍ ഖത്തം ഓതുകയും അവരുടെ മഗ്ഫിറത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയും ഹാദിയയുടെ മികവാണ്. ഈ പ്രവര്‍ത്തിയിലൂടെ ഇഹലോകത്തും പരലോകത്തും ഹാദിയ നമ്മോടൊപ്പം ഉണ്ടെന്ന് തെളിയിക്കുന്നു. സ്നേഹ സംഗമം, സ്നേഹ വിരുന്ന് എന്നിവയിലൂടെ പഠിതാക്കള്‍ തമ്മിലുള്ള ബന്ധങ്ങള്‍ സമൃദ്ധമാക്കുന്ന സമയബന്ധിതമായ കോഴ്സാണ് ഹാദിയ. ഒമ്പത് മാസത്തെ ഹാദിയ കോഴ്സില്‍ മൂന്ന് സെമസ്റ്ററുകളാണുള്ളത്. മാസത്തില്‍ രണ്ട് ക്ലാസ് നടത്തപ്പെടുന്നു. പഠിതാക്കളുടെ പഠന നിലവാരം അളക്കാന്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്നു. ഹാദിയയുടെ സുഖമമായ നടത്തിപ്പിന് പഠിതാക്കളില്‍ നിന്ന് തന്നെ തിരഞ്ഞെടുത്ത റഈസ, അമീറ, ഉമൈറമാര്‍ എന്ന ബൃഹത്തായതും ദൃഢമായതുമായ ശൃംഖലയിലൂടെ നിയന്ത്രിക്കപ്പെടുന്നു. തികഞ്ഞ അച്ചടക്കത്തോടെയും അര്‍പ്പണബോധത്തോടെയും കൃത്യനിഷ്ടതയോടുകൂടിയും പരിശീലിപ്പിക്കുന്നു.

ഹാദിയ ഇന്നൊരു വന്‍കൂട്ടായ്മയാണ്. ദിനംതോറും വളര്‍ന്നു കൊണ്ടിരിക്കുന്ന മികവുറ്റ കൂട്ടായ്മ. മത വിജ്ഞാനത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ലെന്ന് ഹാദിയ തെളിയിച്ചു. ഇസ്ലാം മതം സ്ത്രീക്കു നല്‍കിയ പദവി വളരെ വലുതാണ്. നബി തങ്ങള്‍ മരണശയ്യയില്‍ പോലും അവസാനമായി പറഞ്ഞ ഒരു കാര്യം സ്ത്രീകളെ നല്ല നിലയില്‍ സംരക്ഷിക്കണമെന്നാണ്. സ്ത്രീകള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കാന്‍ വളരെ എളുപ്പമാണെന്ന് ഹദീസില്‍ പറഞ്ഞിട്ടുണ്ട്. ഒരുപാട് മഹതികള്‍ക്ക് സ്വര്‍ഗ്ഗം കൊണ്ട് സുവിശേഷം നല്‍കിയിട്ടുണ്ട്. സ്വര്‍ഗ്ഗത്തില്‍ പുരുഷന്മാര്‍ക്ക് നേതാവായി നബി (സ) തങ്ങളും സ്ത്രീകള്‍ക്ക് നേതാവായി ഫാത്തിമ (റ)യുമാണ്. ഇസ്ലാം നിര്‍ദേശിച്ച ചിട്ടവട്ടങ്ങളെ പാലിച്ചാല്‍ സ്ത്രീകളും നിസ്സംശയം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ആ സുവിശേഷപ്പെട്ട സ്വര്‍ഗ്ഗ ലബ്ധിക്കായി മുസ്ലിം സ്ത്രീകളെ സഹായിക്കാന്‍ ഹാദിയ പ്രതിജ്ഞാബദ്ധമാണ്. ഹാദിയയുടെ ജൈത്രയാത്ര തുടരുകയാണ്. ആത്മീയ ജ്യോതിസ്സുകളെ ഹൃദയത്തില്‍ ഏറ്റുവാങ്ങി സ്വര്‍ഗ്ഗത്തിലേക്ക് എത്തിച്ചേരാനുള്ള നിശ്ചയദാര്‍ഢ്യം ഓരോ മുസ്ലിമിന്‍റെ ഹൃദയത്തിലും ഉണ്ടാവണം. ആത്മീയതയെ സംരക്ഷിക്കുന്നവര്‍ക്കാണ് പറുദീസ. ഹാദിയ പറുദീസയിലേക്ക് വഴികാട്ടിയായി വിജയഭേരി മുഴക്കി മുന്നേറുന്നു. നാഥന്‍ തുണക്കട്ടെ…. ആമീന്‍.

റസ്മിന അബ്ദുല്‍ ഖാദര്‍
Oman

CategoriesUncategorized