രക്ത പുഷ്പങ്ങൾ

ഐലൻ….
ഓമനത്തം തുളുമ്പുന്ന ആ മുഖം
മാഞ്ഞു പോയിട്ടേയില്ല.
ഹൗതയിൽ നിന്നും
നിന്നിലേക്ക് ചേരാൻ വെമ്പി
ഒരായിരം ഐലൻമാർ
ജനിച്ചു കൊണ്ടേയിരിക്കുന്നു.
നിന്നെ കാണാൻ കൊതിച്ചവർ
ചോരയണിഞ്ഞു
ചിതറിത്തെറിച്ച രക്ത
പുഷ്പങ്ങൾ
നിന്നിലേക്ക് ചേരാൻ
വെമ്പിയിരുന്നോ ഐലൻ.
ലോകം കണ്ണടച്ചിരിക്കുന്നു
മൂത്തു നരച്ച ലോക നേതാക്കൾ
കണ്ണട മറന്നു വെച്ചത്
എവിടെയാണാവോ.
ഒന്നും കാണാൻ വയ്യ.
കാതടിപ്പിക്കുന്ന
വെടിയൊച്ചകൾ കേൾക്കാൻ
അവർക്ക് ശ്രവണ ശേഷിയുമില്ല
കരിങ്കല്ലിൽ പണിത
നര ഹൃത്തിൽ
അലിവിന്റെ കിരണങ്ങൾ
ഉദിക്കുകയുമില്ല..
ലോക പോലീസിപ്പോൾ
ഡ്യൂട്ടിയിലല്ല.
ആ കുഞ്ഞു പൂവ്
പറഞ്ഞതാണ് ശരി.
‘നിങ്ങൾ എന്നോട് ചെയ്യുന്നത്
ഞാൻ എന്റെ ദൈവത്തോട്
പറഞ്ഞു കൊടുക്കും….’
പറഞ്ഞു തീർന്നതും
മരണത്തെ വാരിപ്പുണർന്ന
കുഞ്ഞു പുഷ്പമേ.
നിന്റെ ആ വിലാപം
ദൈവം കേൾക്കുക തന്നെ ചെയ്യും.
വിടരാത്ത കുഞ്ഞു മൊട്ടുകൾ
പോലും  പറിച്ചെറിയുന്ന
അന്ധകാരത്തിന്റെ കാവൽക്കാരെ
മാതൃത്വത്തിന്റെ ഇടനെഞ്ചു
വെട്ടിപ്പിളർത്തുന്ന
കരാള ദ്രംഷ്ടക്കാരെ
ശ്വാസത്തിന് വേണ്ടി പിടയുന്ന
പിഞ്ചോമനകൾ
മാപ്പ് തരില്ലൊരിക്കലും
നിങ്ങളുടെ അവസാനത്തിനു
തുടക്കമായിരിക്കുന്നു.
പതനത്തിന്റെ
മഹാ ഗർത്തത്തിലേക്കുള്ള
നിങ്ങളുടെ യാത്രയ്‌ക്കു
കോപ്പുകളൊരുക്കുക.
സൈനബ് അബ്ദുറഹ്‌മാൻ
റിയാദ് ചീഫ് അമീറ
ബദിയ ക്ലാസ്സ്‌റൂം
സൗദി അറേബ്യ   
CategoriesUncategorized