വെളിച്ചത്തിന്റെ വെളിച്ചം

മദീന
ഉറക്കമില്ലാത്ത നഗരം.
പ്രകാശത്തിന്റെ പട്ടണം
പ്രണയത്തിന്റെ സാക്ഷാത്കാരം
പ്രപഞ്ചത്തിന്റെ താഴികക്കുടം
ചുറ്റുമൊരായിരം
പ്രാക്കൾ വട്ടമിട്ടു കുറുകിപ്പറക്കുന്നുണ്ട്.
സ്വലാത്ത് ചൊല്ലുകയാവാം.
സമാധാനമാണ്
പ്രാവുകളുടെ സാന്നിധ്യം…
അതെ,
മദീന സമാധാനമാണ്.
ലോകത്തിനു സമാധാനം.
പ്രാണൻ തിളയ്ക്കുന്ന
മനസ്സുകൾക്കു സമാധാനം..
ചന്ദ്രനെയും സൂര്യനെയും
മാറിമാറി മടിയിലിരുത്തി
ഗർവ്വിന്റെ ഖദർകുപ്പായമിട്ട്
ആകാശമൊന്നാക്രോശിച്ചു.
“ഉഗ്രപ്രതാപികളായ രണ്ടു ഗോള താരങ്ങൾ
എന്റെ മെയ്യിലും
മടിയിലുമെന്നിരിക്കെ
പ്രപഞ്ചത്തിലാരുണ്ട്
എന്നെ തോൽപ്പിക്കാൻ…?? ”
എന്റെ നക്ഷത്രാങ്കിത കമ്പളമില്ലെങ്കിൽ
അഴകാർന്ന ദീപക്കുടയെവിടെ…?
ഗ്രഹങ്ങളും ഗോളങ്ങളും
മൗനത്തിന്റെ
കരിമ്പടങ്ങൾക്കുള്ളിലേയ്ക്ക്
ചുരുണ്ടു കൂടി
തങ്ങളോടല്ലെന്ന പോലെ.
പാതിമയക്കത്തിൽ നിന്നുണർന്നു
പതുക്കെ മിഴിതുറന്നു ഭൂമി
സ്വരം താഴ്ത്തി
മേൽപ്പോട്ടു വിളിച്ചു പറഞ്ഞു.
‘അറിവ് കുറഞ്ഞ വാനമേ ശ് ശ് ശ് ശ്  പതുക്കെ ….’
‘സൂര്യന്റെയും ചന്ദ്രന്റെയും വെളിച്ചത്തിന്റെ ഉറവിടമിതാ
എന്റെ മടിയിൽ
തല ചായ്ച്ചുറങ്ങുകയാണ്..
ബഹളം വയ്ക്കാതെ….’
നാണിച്ചു മുതുകൊടിഞ്ഞ വാനം മറുവാക്കു
മറന്നു പോയത്രേ
നാണത്തിന്റെ കരിങ്കമ്പിളി
വലിച്ചു പുതച്ചു
അത് ഗാഢനിദ്രയിലാണ്ടു.
പ്രകാശത്തിന്റെ
പ്രകാശത്തിനു നിഴലെഴുതാൻ തുനിഞ്ഞ
സൂര്യ ഗോളമേ….!
നിന്റെ തോൽവി നീ ചോദിച്ചു വാങ്ങിയത് തന്നെ.
പൂർണേന്ദു
തോറ്റു പോയൊരിടത്തേക്ക്,
കിളികളും, മരങ്ങളും,
കല്ലുകൾ പോലും സാക്ഷാത്കാരത്തിന്റെ
പ്രണാമം ചൊരിഞ്ഞിടത്തേക്ക്,
മലീമസമെങ്കിലും
ഖൽബിന്റെ ഖില്ല
ഞാനും തുറന്നു വെക്കാം.
പതിനാലാം രാവിന്റെ
പൂർണ്ണ ചന്ദ്രനെ
നിഷ്പ്രഭമാക്കിയ
പ്രഭാ വിലാസമേ
പ്രകാശത്തിൻമേൽ പ്രകാശമേ
വെളിച്ചത്തിന്റെ വെളിച്ചമേ…

{സ്വല്ലല്ലാഹു അലൈഹി വസല്ലം}


സൈനബ് അബ്ദുറഹ്‌മാൻ
റിയാദ് ചീഫ് അമീറ
ബദിയ ക്ലാസ്സ്‌റൂം
സൗദി അറേബ്യ 
CategoriesUncategorized

7 Replies to “വെളിച്ചത്തിന്റെ വെളിച്ചം”

  1. മാഷാഅള്ളാഹ്‌ !!!!!!!!!ഒരു ചരിത്രം അതെത്ര മനോഹരമായ് അവതരിപ്പിച്ചു ???

Comments are closed.