അവളുണരാത്ത വീട്.!!

ഇന്നലെ പെയ്തൊരാ മഴത്തുള്ളിയിലൂടെ
പ്രഭാത പൊൻകിരണം
വർണ്ണം വീശിയെറിഞ്ഞ് വിളിച്ചീട്ടും
ഉണർന്നീല്ലയവളിന്നേരമിത്രയായും...

 

പൈതങ്ങൾതൻ പശിയടക്കാൻ
അരിയില്ലാ കലം ഊതിയൂതി വേവിക്കുമവളെക്കാത്ത് തിളയ്ക്കാൻ വെമ്പിയൊരടുപ്പ് താനെ പുകഞ്ഞു..

 

കരിയിലക്കൂട്ടങ്ങൾക്കിടയിലെ
ഒരില അവളെക്കാണാനു-
മ്മറത്തേക്കൊന്ന് എത്തിനോക്കീ, ഉണർന്നീല്ലയവളെന്ന് കഴുകാത്തുണികളും
കഴുകാപ്പാത്രങ്ങളും ഒച്ചവെച്ചു..

 

കാലം നിറം മായ്ച്ചൊരാ
തുളസിത്തറയിലെ
വാടാനൊരുങ്ങും പച്ചപ്പ് ദാഹിച്ചവളുടെ വരവിനായ് കാത്തിരുന്നു….

 

കറപിടിച്ചൊരാ കോളാമ്പിയിൽ ചോരക്കഫം തുപ്പിത്തുപ്പി നിറയ്ക്കുമച്ഛൻ കടുപ്പംകുറഞ്ഞൊരാ
ചായക്കായ്
കാലുംനീട്ടിയിരുന്ന്
അരിശമടക്കി..

 

തട്ടിവിളിയൊച്ചപ്പാടുകളില്ലാതെ കുഞ്ഞുങ്ങൾ വീണ്ടും
ഉറക്കമുറപ്പിച്ച് കിടന്നത് കണ്ടവൾ ഉണരാത്തുറക്കിലും പരിഭവിച്ചു…

 

വൈകിയുറങ്ങിയും ചിലപ്പോഴുറങ്ങാതുണരുകയും
ചെയ്യും അവളുടുറക്ക് കണ്ട്
വീടും വീട്ടരും
കുന്തിരക്കംപുകയ്ച്ച്
വെള്ളപുതപ്പിച്ച്,
അവളെക്കിടത്തിയ
പായയ്ക്ക് ചുറ്റുമായ്
കാവലിരുന്നു..

 

ആദ്യമായവളുടുറക്കിന് കാവല് കണ്ടതും ഇനിയൊരിക്കലും തുറക്കുവാനാകാത്ത കണ്ണുകളവൾ
വെറുതെ വീണ്ടും മുറുക്കെയടച്ചു….

 

പക്ഷെ,

 

വിതുമ്പലടക്കുന്ന രക്ത ബന്ധങ്ങൾക്കും
കലങ്ങിച്ചുവന്ന കണ്ണുകൾക്കും
തേങ്ങും വീടിനും വീട്ടുമുറ്റത്തിനും
ഇറങ്ങും മുമ്പവൾ ഉറപ്പ് നൽകീ
“നിങ്ങൾക്ക് കൂട്ടിനായ് കൂടെയുണ്ടാവുമിനിയും
ഉറങ്ങാതെയുറങ്ങാതെ മാനത്തൊരു കാവൽ
നക്ഷത്രമായ് ഞാൻ”



സ്വഫിയ സലീം
ബത്ഹ ക്ലാസ്സ്റൂം
റിയാദ്,
സഊദി അറേബ്യ

One Reply to “അവളുണരാത്ത വീട്.!!”

Comments are closed.