അൽഹംദുലില്ലാഹ്……
കണ്ണും, മനസും നിറയുകയാണ് റിവൈവൽ 2020 എന്ന ഹാദിയയുടെ ക്യാമ്പിനെ പറ്റിയുള്ള അഭിനന്ദനപ്രവാഹങ്ങൾ കേൾക്കുമ്പോൾ…. ഒരാഴ്ചത്തെ ഞങ്ങളുടെ അധ്വാനം ഫലം കണ്ടതിലുള്ള ആത്മസംതൃപ്തി…..
ക്യാമ്പ് സെൻട്രൽ തലത്തിലാണോ, യൂണിറ്റ് തലത്തിലാണോ നടത്തേണ്ടത് എന്ന ചർച്ചകൾക്കൊടുവിൽ യൂണിറ്റ് തലത്തിൽ നടത്താൻ അറിയിപ്പ് കിട്ടിയപ്പോൾ നെഞ്ചിടിച്ചതു ഞങ്ങൾ ഉമൈറമാരുടെ മാത്രമാണോ??? സമയാസമയങ്ങളിൽ ക്യാമ്പിന്റെ വിജയത്തിനാവശ്യമായ മാർഗനിർദേശങ്ങൾ നൽകികൊണ്ട് ഐ. സി.എഫ് നാഷണൽ നേതൃത്വം ഞങ്ങളെ അത്ഭുതപ്പെടുത്തി….. പരിമിതമായ ഒരാഴ്ച്ച കാലത്തെ സമയം…. ചെയ്തു തീർക്കേണ്ട കാര്യങ്ങൾ….. തിരക്കിട്ട ചർച്ചകൾ….. ഗ്രൂപ്പിലെ തീരുമാനങ്ങളുടെ പോരായ്മ തീർക്കാനായി റഈസ, അമീറ, ഉമൈറമാർ ഒന്നിടവിട്ട ദിവസങ്ങളിൽ മണിക്കൂറുകളോളം പ്രത്യേക മീറ്റിംഗുകൾ……
ക്ഷണിക്കേണ്ടവരുടെയും, സന്ദർശിക്കേണ്ടവരുടേയും ലിസ്റ്റ് തയ്യാറാക്കി അമീറ വന്നപ്പോൾ, എങ്ങനെ ക്ഷണിക്കണം, എവിടെയൊക്കെ ശ്രദ്ധിക്കണം എന്ന ഉപദേശവുമായും, മറ്റും റഈസമാർ ഞങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പം നിന്നു. പഠിതാക്കളുടെ ഇടയിൽ ക്യാമ്പ് ചർച്ചാവിഷയമാക്കാൻ ഇടയ്ക്കിടെ ഹാദിയ ഗ്രൂപ്പിൽ ടെക്സ്റ്റുകളും, പോസ്റ്റുകളും ഇടാൻ മറന്നില്ല…. ഒരു സ്ഥലത്തുപോലും പിഴക്കരുതെന്നുറച്ചു കൊണ്ട് ക്യാമ്പിന്റെ തലേദിവസത്തെ ട്രയൽ നോക്കലും കൂടിയായപ്പോൾ ക്യാമ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി…….
അല്ലാഹുവിൽ സർവ്വസ്തുതിയും അർപ്പിച്ചു, ബിസ്മിയും, ഹംദോടെ ആരംഭിച്ച ക്യാമ്പിലേക്ക് പ്രതീക്ഷച്ചതിനേക്കാളും അധികം സഹോദരിമാരെ കണ്ടപ്പോൾ ഉത്സാഹവും, ഉന്മേഷവും വാനോളം ഉയർന്നു …….
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മനസിന്റെ ആരോഗ്യവും പ്രാധാന്യമർഹിക്കുന്നു എന്ന് ഓർമപ്പെടുത്തി തുടങ്ങിയ ഡോക്ടറുടെ ക്ലാസ്സ് ഹൃദ്യവും, അർത്ഥവത്തുമായിരുന്നു……
സ്ത്രീകളെ വിശ്വാസത്തോടൊപ്പം സർവ്വമേഖലകളിലേക്കും പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ ഹാദിയ ടുമാറോ എന്ന ശീർഷകവുമായി എത്തിയ സഹോദരി മുഖം മിനുക്കിയ ഹാദിയയെ പരിചയപ്പെടുത്തി തന്നു……
അവസരങ്ങൾ നമ്മുടെ കൈവിരൽ തുമ്പിലുണ്ടെന്നു ഓർമപ്പെടുത്തി പ്രതീക്ഷയുടെ കൈത്തിരി തെളിയിച്ചു കൊണ്ട് വി ക്യാൻ എന്ന ക്ലാസ്സുമായെത്തിയ മിടുക്കി ഏവരുടെയും പ്രശംസ പിടിച്ചു പറ്റി….
ക്യാമ്പിനെ ജീവസുറ്റതാക്കാൻ മനസ്സിൽ മായാതെ നിൽക്കുന്ന ചിരിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതുമായ ഓർമകൾ പങ്കുവെച്ചു പഠിതാക്കൾ ആവേശത്തോടെ സൊറയും പൊരുളും ഭംഗിയാക്കി….
ചട്ടിപ്പത്തിരിയും, കപ്പബിരിയാണിയും, കാക്കറൊട്ടിയും പേര് ഓർമ്മയില്ലാത്ത മറ്റു പല രുചികരമായ വിഭവങ്ങളും സ്ഥാനം പിടിച്ച രസക്കൂട്ടിൽ പ്രിയപ്പെട്ട വിഭവത്തിന്റെ പാചകക്രമം ഉറക്കെ വായിച്ചും , വൈവിധ്യമായ വിഭവങ്ങൾ രുചിച്ചു നോക്കിയും പഠിതാക്കൾ പരസ്പരം സന്തോഷം പങ്കു വെച്ചു…… രസക്കൂട്ടിനായുള്ള വിഭവങ്ങളുടെ കാര്യത്തിൽ ഓരോ ഹാദിയ പഠിതാവും ഒരു മടിയും കൂടാതെ ആവേശപൂർവം മത്സരിച്ചു അവരവരുടെ സ്വാദിഷ്ടമായ വിഭവങ്ങൾഒരുക്കികൊണ്ടു വന്നു…. അന്നും ഇന്നും റൂവി ഹാദിയയുടെ ശക്തി പഠിതാക്കൾ തന്നെയാണെന്ന് അവർ വീണ്ടും തെളിയിച്ചു….. കുട്ടികളെ അടക്കി ഇരുത്താനും, ഭക്ഷണം വിളമ്പാനും ഞങ്ങളോടൊപ്പം സദാസന്നദ്ധരായി അവരും കൂടെ നിന്നു……… പുസ്തകങ്ങളിൽ നിന്നും, ഉസ്താദിന്റെ ക്ലാസ്സുകളിൽ നിന്നും മാത്രം കേട്ടറിഞ്ഞ മയ്യിത്ത് പരിപാലനം കണ്ടറിഞ്ഞപ്പോൾ സദസ്സിൽ നിന്നുയർന്ന നെടുവീർപ്പുകളും, ഗദ്ഗദങ്ങളും…. .ജീവിതത്തിന്റെ നശ്വരതയെ ഓർമപെടുത്തിക്കൊണ്ടുള്ള അന്ത്യയാത്ര എന്ന സെഷൻ സഹോദരിമാർ ശ്വാസം അടക്കിപിടിച്ചാണ് കണ്ടുതീർത്തത്….. ഇനിയും മയ്യിത്ത് പരിപാലനവും, സംശയനിവാരണവും മാത്രമായി ഒരു ക്ലാസ് കൂടെ നടത്തണമെന്ന പഠിതാക്കളുടെ നിരന്തരമായ അഭ്യർത്ഥന ആ ക്ലാസ്സിന്റെ സ്വീകാര്യത അറിയിക്കുന്നതായിരുന്നു…..
ഒടുക്കം ഇരുൾമൂടുന്ന രാത്രിയെ സാക്ഷിയാക്കി ബുർദ്ദയുടെ വരികൾ ആലപിച്ചു, ഇസ്തിഹ്ഫാറിന്റെ മന്ത്രങ്ങൾ ഉരുവിട്ട് ആത്മ സമർപ്പണത്തിന്റെ സൈക്കോ തസവുഫ് …. കഴുകി കളഞ്ഞ പാപവും, മുറുകെ പിടിച്ച സുന്നത്തുമായി അവാച്യമായ അനുഭൂതിയിൽ നിൽക്കുമ്പോൾ ആത്മാവിനെ തൊട്ടുണർത്തുന്ന ദുആയോടെ ക്യാമ്പിന് പരിസമാപ്തി…. മൂന്നുമണിക്കൂറത്തെ ക്യാമ്പിന്റെ ക്ഷീണമല്ല തിരിച്ചിറങ്ങിയ സഹോദരിമാരിൽ നിന്നു ഞങ്ങൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞത് അനുവർത്തിക്കാനും, എത്തിപിടിക്കാനും, ജീവിതത്തിൽ പകർത്തുവാനും ഏറെയുണ്ടെന്ന തിരിച്ചറിവാണ്…. അതിനു വേദി ഒരുക്കിത്തന്ന ഹാദിയയോടുള്ള നന്ദിയുമാണ്….. നാഥനു സ്തുതി……..
ആഷ്‌ന സുൽഫീക്കർ
ഉമൈറ റൂവി ക്ലാസ്സ് റൂം
ഒമാൻ
One Reply to “റിവൈവൽ 2020”
Comments are closed.
Maasha Allah. വിശദമായി എല്ലാം എഴുതിയിട്ടുണ്ട്