തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #5)

മുഹമ്മദ് നബി(ﷺ)യില്‍ വിശ്വസിച്ചു എന്ന ഒററക്കാരണത്താല്‍  സുമയ്യ (റ)- യാസിര്‍(റ) ദമ്പതികള്‍ ക്രൂരമായി വധിക്കപ്പെടുകയായിരുന്നു. ദൃഢമാനസരായ ദമ്പതികളുടെ അതിദാരുണമായ അന്ത്യനിമിഷങ്ങള്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്ന പ്രവാചക ശിഷ്യര്‍ തിരിച്ചടിക്കാന്‍ അനുവാദം ചോദിച്ചു തിരുസന്നിധിയിലെത്തി. പക്ഷേ, തിരുനബി ഉപദേശിച്ചത് സഹിക്കാനും ക്ഷമിക്കാനുമായിരുന്നു. ‘യാസിറിന്റെ കൂട്ടുകാരേ, നിങ്ങള്‍ ക്ഷമിക്കുക, സ്വര്‍ഗത്തില്‍ കണ്ടുമുട്ടാം’ എന്നായിരുന്നു നബിയുടെ പ്രതികരണം.

ഒട്ടകത്തിന്റെ കുടല്‍മാലകള്‍ വലിച്ചിട്ടും ചീഞ്ഞ മുട്ടകളെറിഞ്ഞും വഴിയില്‍ മുള്ള് വിതറിയും ത്വാഇഫില്‍ കല്ലെറിഞ്ഞും ശത്രുക്കള്‍ നബി(ﷺ)യെ നേരിട്ടു. അപ്പോഴും തിരുനബി(ﷺ) ഒരു ശാപവാക്കുപോലും ഉരുവിടാതെ ആ ജനതക്കുവേണ്ടി പ്രാര്‍ഥിക്കുകയും അനുയായികളോട് ക്ഷമിക്കാന്‍ കല്‍പ്പിക്കുകയുമായിരുന്നു.

പലതവണ സമീപിച്ചിട്ടും ഫലം കാണാത്തവരെ വീണ്ടും വീണ്ടും സമീപിച്ചു ക്ഷണിക്കുക നബിയുടെ പതിവായിരുന്നു. ആരോടും ഒരിക്കലും ഒരു പരുഷവാക്കുപോലും ഉപയോഗിക്കാതെ പുഞ്ചിരിയുമായി വിമര്‍ശകരെ സമീപിക്കുന്ന നബി(ﷺ)യുടെ ഈ അസാധാരണ വ്യക്തിമാഹാത്മ്യമാണു അവിടുത്തേക്ക് വിജയം നേടിക്കൊടുത്തത്. ”അവരുമായി സൗമ്യമായി പെരുമാറിയതു അല്ലാഹുവിന്റെ അനുഗ്രഹമാണ്. താങ്കള്‍ പരുഷ സ്വഭാവക്കാരനായിരുന്നുവെങ്കില്‍ താങ്കളുടെ സമീപത്തുനിന്ന് അവര്‍ ഓടി അകലുമായിരുന്നു.” (ആലുഇംറാന്‍).

യാത്രാവേളയില്‍ വിശ്രമിക്കുന്നതിനിടെ തന്റെ വാള്‍ കൈക്കലാക്കിയ കാട്ടറബിയായ അവിശ്വാസി ആ വാളുയര്‍ത്തി വധിക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ അല്ലാഹുവിനെ വിളിച്ചു രക്ഷതേടുകയും ശത്രുവിന്റെ കയ്യില്‍ നിന്നുവാള് താഴെവീഴുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. ആദിവാസിയായ ആ മനുഷ്യനെ തിരുനബി(ﷺ) വെറുതെ വിടുകയായിരുന്നു. ത്വവാഫ് വേളയില്‍ ചതിയില്‍ വെട്ടിക്കൊല്ലാന്‍ വേണ്ടി വിഷലിപ്തമായ വാളുമായി പിന്നിലെത്തിയ വ്യക്തിയുടെ പുറത്ത് തലോടിക്കൊണ്ടു നബി(ﷺ) പറഞ്ഞത് ‘എന്താണു നിന്റെ മനസ്സിലെ ഗുപ്ത വിചാരം, നീ നിന്റെ വഴിക്ക് പോവുക’ എന്നായിരുന്നു.

ഹിജ്‌റാ വേളയില്‍ ശത്രുക്കള്‍ക്ക് തന്നെ പിടിച്ച് കൊടുത്തു നൂറൊട്ടകം സമ്മാനം നേടാനുള്ള അത്യാര്‍ത്തിയുമായി വന്ന സുറാഖത്തിനെ നശിപ്പിക്കാന്‍ കിട്ടിയ അവസരം ഉപയോഗിക്കാതെ അദ്ദേഹത്തെ ഉപദേശിച്ചത്, ഖൈബറില്‍ തനിക്കു വിഷം തന്ന ജൂതസ്ത്രീയെ വെറുതെവിട്ടത് ഇങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ തിരുജീവിതത്തില്‍ കാണാം. ഈ സന്ദര്‍ഭങ്ങളിലെല്ലാം എതിരാളികള്‍  പഞ്ചപുഛമടക്കി  കീഴടങ്ങുകയും ഹിദായത്തിലെത്തുകയുമായിരുന്നു ഫലം. ‘നന്‍മ•കൊണ്ട്് തിന്‍മയെ പ്രതിരോധിക്കുക. അപ്പോള്‍ തങ്ങളോട് കഠിനമായി ശത്രുത പുലര്‍ത്തുന്ന എതിരാളി ആത്മമിത്രമായി തീരുന്നതുകാണാം’ എന്ന ഖുര്‍ആന്‍ വചനം അന്വര്‍ഥമാക്കുകയായിരുന്നു തിരുനബി(ﷺ). വിശ്വാസിയുടെ ഗുണമായി ഖുര്‍ആന്‍ പറയുന്നു: ”ക്ഷോഭം കടിച്ചിറക്കുകയും ജനതക്ക് മാപ്പു നല്‍കുകയും ചെയ്യുന്നവരാണ് വിശ്വാസികള്‍. അല്ലാഹു നന്‍മ•ചെയ്യുന്നവരെയാണ് ഇഷ്ടപ്പെടുന്നത്.”(ആലു ഇംറാന്‍)

തിരുനബി(ﷺ) ഈ പ്രബോധന ശൈലി സ്വീകരിക്കുക മാത്രമല്ല തന്റെ സമൂഹത്തോടത് സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രതയും ഭീകരതയും പ്രബോധന വഴിയല്ലെന്നു സ്പഷ്ടമായി തന്നെ പറഞ്ഞിട്ടുണ്ട്. തിരുനബി(ﷺ) പറഞ്ഞു: ”അല്ലാഹു കൃപാലുവാണ്. കൃപയെ അല്ലാഹു ഇഷ്ടപ്പെടുന്നു. പരുഷതക്കും മററും നല്‍കാത്ത ഫലംകൃപക്കു നല്‍കുന്നു.” (മുസ്‌ലിം).

ജീവനിലുപരിയായി തിരുനബി(ﷺ)യെ സ്‌നേഹിച്ച അതുല്യരായിരുന്നു അവിടുത്തെ അനുയായികള്‍. നബി(ﷺ)യുടെ സകല കല്‍പ്പനകളും സര്‍വാത്മനാ ശിരസാവഹിച്ചു പ്രയോഗവല്‍ക്കരിക്കുകയും സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്ത സന്തത സഹചാരികള്‍.

മുഹമ്മദ് നബി(ﷺ)യുടെ കൂട്ടുകാരില്‍ കൂടുതലും പാവപ്പെട്ടവരും ദരിദ്രരുമായിരുന്നു. അവരുടെ കൂട്ടത്തില്‍ അടിമകളും തൊഴിലാളികളുമുണ്ടായിരുന്നു. പണക്കാര്‍ക്കും പ്രമാണിമാര്‍ക്കും തിരുമേനി(ﷺ)യുടെ സമീപം പ്രത്യേക പരിഗണന ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പരിഗണന നല്‍കരുതെന്ന് അല്ലാഹു നബി(ﷺ)യോടു പ്രത്യേകം നിര്‍ദേശിച്ചിട്ടുമുണ്ടായിരുന്നു: ”അവരില്‍പ്പെട്ട പല വിഭാഗക്കാര്‍ക്കും സുഖഭോഗത്തിനായി നാം നല്‍കിയ സൗകര്യങ്ങളിലേക്കു താങ്കള്‍ ദൃഷ്ടി നീട്ടിപ്പോകരുത്. അവര്‍ അവിശ്വാസികളായതില്‍ താങ്കള്‍ വ്യസനിക്കേണ്ടതില്ല. സത്യവിശ്വാസികള്‍ക്കു വേണ്ടി താങ്കളുടെ ചിറക് താഴ്ത്തിക്കൊടുക്കുക.” (അല്‍ ഹിജ്‌റ)

സമ്പത്തിനെയോ സമ്പന്നരെയോ വലുതായി കാണരുതെന്ന് അല്ലാഹു പ്രത്യേകം ഉപദേശിച്ചതായി ഇനിയും കാണാം. ”അവരില്‍ പല വിഭാഗങ്ങള്‍ക്കും ഐഹിക ജീവിതാലങ്കാരമായി നാം ആസ്വദിപ്പിച്ചിട്ടുള്ള സൗകര്യങ്ങളിലേക്ക് താങ്കള്‍ ദൃഷ്ടി പായിക്കരുത്. അതിലൂടെ അവരെ നാം പരീക്ഷിക്കുന്നതിനു വേണ്ടിയാണ് അവ നല്‍കിയത്. താങ്കളുടെ രക്ഷിതാവിന്റെ പ്രതിഫലം; അതാണ് ഏററം ഉത്തമവും അനശ്വരവും.” (ത്വാഹാ)

അവിശ്വാസികളായ ചില അറബി കുബേരന്മാര്‍ക്ക് നബി(ﷺ)യുടെ സദസ്സില്‍ പങ്കെടുക്കുന്നതിന് ഉണ്ടായിരുന്ന തടസ്സം അവിടെ സദാ ഉണ്ടായിരുന്ന പാവങ്ങളായിരുന്നു.  ഈ അഗതികളെ സദസ്സില്‍ നിന്നകററിയാല്‍, താങ്കളുടെ ഉപദേശം ശ്രവിക്കാനായി സദസ്സിലേക്കു വരാമെന്ന് അവര്‍ ഉപാധി വെക്കുകയുണ്ടായി. എന്നാല്‍ ഈ ഉപാധി നിശ്ശേഷം തള്ളിക്കളയാനായിരുന്നു വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശം: ”താങ്കളുടെ  രക്ഷിതാവിന്റെ അനുഗ്രഹം ലക്ഷ്യമാക്കി രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നവരെ താങ്കള്‍ ആട്ടിക്കളയരുത്. അവരെ വിചാരണ ചെയ്യേണ്ട യാതൊരു ബാധ്യതയും താങ്കള്‍ക്കില്ല. താങ്കളെ വിചാരണ ചെയ്യേണ്ട യാതൊരു ബാധ്യതയും  അവര്‍ക്കുമില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ താങ്കള്‍ക്ക് അവരെ ആട്ടിക്കളയാമായിരുന്നു.  അതൊന്നുമില്ലാതെ അവരെ ആട്ടിക്കളഞ്ഞാല്‍ താങ്കള്‍ അക്രമികളില്‍പ്പെട്ടവനായിത്തീരും”. (അന്‍ജൂം)

അഗതികള്‍ക്കും അവശര്‍ക്കും അടിമകള്‍ക്കും സ്‌നേഹ പരിഗണനകള്‍ നല്‍കണമെന്നും അവരോടൊപ്പം കഴിയണമെന്നും ഖുര്‍ആന്‍ നബി(ﷺ)യെ ഉപദേശിക്കുന്നു: ”താങ്കളുടെ രക്ഷിതാവിന്റെ പൊരുത്തം ലക്ഷ്യമാക്കി കാലത്തും വൈകുന്നേരവും അവനോടു പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നവരോടൊപ്പം താങ്കള്‍ സ്വശരീരത്തെ അടക്കി നിര്‍ത്തുക. ഐഹിക ജീവിതത്തിന്റെ അലങ്കാരത്തെ ലക്ഷ്യമാക്കി താങ്കളുടെ കണ്ണുകള്‍ അവരില്‍ നിന്ന് വിട്ടു പോകാന്‍ ഇടവരരുത്. നമ്മുടെ സ്മരണയില്‍ നിന്നു ഹൃദയത്തെ നാം അശ്രദ്ധമാക്കിയി ട്ടുള്ളവനും തന്നിഷ്ടം പിന്തുടരുന്നവനും കാര്യം അതിരു കവിഞ്ഞവനും ആരോ അവനെ താങ്കള്‍ അനുസരിച്ച് പോകരുത്.” (അല്‍ കഹ്ഫ്)

തിരുമേനി(ﷺ)യുടെ സദസ്സില്‍ പണക്കാര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നില്ല എന്നത് പോലെ അവഗണനയും ഉണ്ടായിരുന്നില്ല. മുതലാളികളും തൊഴിലാളികളും യജമാനരും അടിമകളും പ്രബലരും ദുര്‍ബലരും എല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവര്‍ക്കും അര്‍ഹമായ സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. സിംഹാസനത്തിലിരുന്ന് ആജ്ഞകള്‍ നല്‍കി അനുയായികളെ പ്രവര്‍ത്തിപ്പിക്കുന്ന രാജകീയ സ്വഭാവം നബി തിരുമേനി(ﷺ) തങ്ങള്‍ക്കുണ്ടായിരുന്നില്ല. കഠിനാദ്ധ്വാനം ചെയ്യുന്ന അനുയായികളുടെ അടര്‍ന്നു വീഴുന്ന വിയര്‍പ്പു കണികകള്‍ നോക്കി ആനന്ദം കൊള്ളുന്ന നേതാക്കന്മാരുടെ ആഢ്യത്വവും തിരുമേനി(ﷺ)ക്കുണ്ടായിരുന്നില്ല.

ഒരു സംഭവം കാണുക. ഹി: രണ്ടാം വര്‍ഷം പ്രവാചകരും(ﷺ) സഹപ്രവര്‍ത്തകരും ബദ്‌റിലേക്കു നീങ്ങുകയാണ്. അവര്‍ക്കെല്ലാം കൂടി രണ്ടു കുതിരയും 70 ഒട്ടകവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കുതിര സൈന്യത്തിന്റെ വലതു പാര്‍ശ്വനായകനായ സുബൈറുബിന്‍ അവ്വാമി(റ) ന്റെതും മറെറാരു കുതിര ഇടതു പാര്‍ശ്വനായകനായ മിഖ്ദാദുബിന്‍ അസ്‌വദി(റ)ന്റെതുമായിരുന്നു. അബൂബക്കര്‍(റ), ഉമര്‍(റ), അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) എന്നിവര്‍ ഒരു ഒട്ടകത്തെ ഊഴം വെച്ചപ്പോള്‍ നബി(ﷺ) തിരുമേനിയും അലി(റ), മര്‍സിദ്(റ) എന്നിവരും കൂടി ഒരു ഒട്ടകത്തെ ഊഴം വെക്കുകയായിരുന്നു. പ്രവാചകന്‍(ﷺ) താഴെയിറങ്ങി നടക്കേണ്ട സന്ദര്‍ഭം വന്നപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു. അങ്ങേക്കു വേണ്ടി ഞങ്ങള്‍ നടക്കാം. പക്ഷേ തിരുമേനി(ﷺ) സമ്മതിച്ചില്ല. അവിടുന്ന് പറഞ്ഞു: ”നിങ്ങള്‍ എന്നേക്കാള്‍ ശക്തരല്ല. അല്ലാഹുവിന്റെ പ്രതിഫലത്തിലേക്ക് നിങ്ങളേക്കാള്‍ ഞാന്‍ ആവശ്യം കുറഞ്ഞവനുമല്ല.” (ദലാഇലുല്‍ ബൈഹഖി 3/39)

സഹപ്രവര്‍ത്തകരോടൊപ്പം ഭാരം ചുമന്ന സംഭവം കാണുക: നബി(ﷺ) മദീനയിലെത്തിയപ്പോള്‍ നിര്‍വഹിച്ച പ്രഥമ പ്രവര്‍ത്തനം മസ്ജിദുന്നബവിയുടെ നിര്‍മാണമായിരുന്നു. മദീനയുടെ ഹൃദയ ഭാഗത്ത് ഹിജ്‌റ ഒന്നാം വര്‍ഷം റബീഉല്‍ അവ്വലില്‍ തന്നെ അതിന്റെ ശിലാസ്ഥാപനം നടന്നു. അവിടുത്തെ തൃക്കരം കൊണ്ടു പ്രഥമ ശിലവെച്ചു. രണ്ട്, മൂന്ന്, നാല് എന്നീ ശിലകള്‍ യഥാക്രമം അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരും വെച്ചു. പള്ളിയുടെ നിര്‍മ്മാണത്തില്‍ മുസ്‌ലിംകളെല്ലാം സഹകരിച്ചു. അവരുടെ അഭിവന്ദ്യ നേതാവായ പ്രവാചകരും(ﷺ) മണ്ണും ഇഷ്ടികയും കല്ലും വഹിക്കുന്നതില്‍ അവരോടൊപ്പം  പങ്കുചേര്‍ന്നു. തിരുമേനി(ﷺ) കല്ല് വഹിച്ചു കൊണ്ടു പോകുന്നതു കണ്ട ഒരാള്‍ പറഞ്ഞു: ‘പ്രവാചകരേ, അത് ഇങ്ങോട്ട് തന്നേക്കൂ,’ അപ്പോള്‍ തിരുമേനി(ﷺ)യുടെ മറുപടി ഇപ്രകാരമായിരുന്നു: ‘താങ്കള്‍ പോയി മറ്റൊന്നെടുക്കുക, താങ്കള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്ക് എന്നേക്കാള്‍ ആവശ്യക്കാരനല്ല’ (വഫാഉല്‍ വഫാ 1/333)

സഹ പ്രവര്‍ത്തകരോടൊപ്പം കിടങ്ങുകുഴിച്ച സംഭവംകൂടി നമുക്ക് വായിക്കാം: ഹിജ്‌റഃ അഞ്ചാം വര്‍ഷം ഖുറൈശ്, ഗത്വ്ഫാന്‍ തുടങ്ങിയ ഗോത്രങ്ങള്‍ മദീനയില്‍ കടന്നാക്രമണം നടത്താന്‍ ഒരുങ്ങിയപ്പോള്‍ അവരെ പ്രതിരോധിക്കുവാനായി മദീനയുടെ വടക്ക് വശത്ത് സുദീര്‍ഘവും അഗാധവുമായ കിടങ്ങ് കുഴിക്കുവാന്‍ തിരുമേനി(ﷺ) മുസ്‌ലിംകളോട് ആഹ്വാനം ചെയ്തു. ശത്രുക്കള്‍ എത്തിച്ചേരും മുമ്പ് സത്വരമായി പൂര്‍ത്തീകരിക്കേണ്ട ഒരു നടപടിയായിരുന്നു അത്. കിടങ്ങിനു പ്ലാന്‍ തയ്യാര്‍ ചെയ്തു. പത്തു പേര്‍ 40 മുഴം വീതം കുഴിയെടുക്കാന്‍ ജോലി നിര്‍ണയിച്ചു കൊടുത്തു. പ്രവാചകരും അവിടുത്തെ തൃക്കരം കൊണ്ട് ജോലിചെയ്ത് സഹപ്രവര്‍ത്തകരോട് സഹകരിച്ചു. ചിലപ്പോള്‍ ജോലിചെയ്തു തിരുമേനി ക്ഷീണിക്കുമായിരുന്നു. അപ്പോള്‍ അല്‍പ സമയം   വിശ്രമിച്ചു വീണ്ടും ജോലിതുടരും. സഹപ്രവര്‍ത്തകരായ അനുയായികള്‍ പറഞ്ഞുകൊണ്ടേയിരുന്നു: ‘പ്രവാചകരേ അങ്ങയുടെ വിഹിതം ജോലി അങ്ങേക്കുവേണ്ടി ഞങ്ങള്‍ ചെയ്തുകൊള്ളാം’. ‘അല്ലാഹുവിന്റെ പ്രതിഫലത്തില്‍ നിങ്ങളോട് പങ്കുചേരാന്‍ ഞാന്‍ ഉദേശിക്കുന്നു’ എന്നായിരുന്നു തിരുമേനിയുടെ പ്രതിവചനം (വഫാഉല്‍ വഫ 4/1206)

CategoriesUncategorized

15 Replies to “തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #5)”

  1. “സ്നേഹവസന്തം പൂത്തിറങ്ങുന്ന ഈ റബീഉൽ അവ്വലിനെ അറിയുക”
    നബി ﷺ തങ്ങളെ അങ്ങേയറ്റം പ്രിയം വെക്കുന്നവരാണ് അവിടുത്തെ പ്രകീര്‍ത്തിക്കുന്നത്, അതാണ് മൗലീദുകളിലൂടെയും മീലാദ് പ്രഭാഷണങ്ങളിലൂടെയും ചെയ്യുന്നത്. പ്രകീര്‍ത്തനങ്ങള്‍ക്ക് അതിര്‍ വരമ്പുകളില്ല, ഏതെങ്കിലും മാസത്തില്‍ മാത്രം ചെയ്യേണ്ടതുമല്ല, എന്നാല്‍ റബീഉല്‍ അവ്വല്‍ വരുമ്പോള്‍ അത് ഒന്ന് കൂടി ഉഷാറാവുന്നു എന്ന് മാത്രം. എന്നാല്‍ ഇതില്‍ നിന്നെല്ലാം മുഖം തിരിഞ്ഞ് നില്‍ക്കുന്നവരുണ്ട്, അവരെത്ര ഹതഭാഗ്യരാണ്.

    മഹാനായ ഉമര്‍ (റ) പ്രവാചകരോട് പറഞ്ഞു, നബിയേﷺ, ഞാന്‍ സ്വന്തത്തെ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് അവിടത്തെയാണ്, അപ്പോള്‍ നബി ﷺ തങ്ങള്‍ പറഞ്ഞത് നിനക്ക് നിന്നെക്കാളും പ്രിയം വെക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് ഖൈറ്, നീ ആരെയാണോ ഏറ്റവും പ്രിയം വെക്കുന്നത് അരോടൊപ്പമാണ് സ്വര്‍ഗം പുല്‍കുക.

Comments are closed.